നടിയെ കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടന്‍ ദിലീപിനെ ദീര്‍ഘ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ദിവസം സിദ്ദിഖ് പൊലീസ് ക്ലബില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനകൂലമായ നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചു പോരുന്നത്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ എന്തിനാണ് ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്ന് ചോദിച്ചും സിദ്ദിഖ് രംഗത്തെത്തിയിരുന്നു.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും , നടിക്കുനേരെയുണ്ടായ ആക്രമണങ്ങളെകുറിച്ച് മുൻ അറിവുകൾ ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് ആലുവ പൊലീസ് ക്ലബ്ബിൽ സിദ്ധിഖ് എത്തിയിരുന്നു.
ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആവശ്യമെങ്കിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വീണ്ടും വിളിപ്പിക്കുമെന്ന കാര്യം സിദ്ദിഖിനെ അറിയിച്ചിട്ടുമുണ്ട്.

ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനി താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.