മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.

നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.