14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പൊടി മില്ല് തുടങ്ങാൻ തീരുമാനിച്ച യുവതി സർക്കാർ ഓഫീസിൽ നിന്ന് നേരിട്ട ദുരനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്‌ലോർ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണമെന്നും മിനി കുറിക്കുന്നു.

ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ഒടുവിൽ മനംമടുത്ത് സ്വരുകൂട്ടിയ പേപ്പറുകളെല്ലാം ഉദ്യോഗസ്ഥരുടെ മുൻപിലിട്ട് കീറിയെറിഞ്ഞ ശേഷമായിരുന്നു മിനി മടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

എന്റെ പ്രവാസി സഹോദരൻ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു പൊടി മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷനിൽ പോയി.

അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട് കേട്ടോ അവിടെ നല്ല സർമാരും ഉണ്ട്. അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്.

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്‌മെൻറിലെ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ

എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി