ബിനോയ് എം. ജെ.
നമ്മുടെ ജീവിതം സദാ സുഖദ:ഖങ്ങളിലൂടെ നീങ്ങുന്നത് എന്തുകൊണ്ട്? എല്ലാ ദുഃഖങ്ങളും തിരോഭവിച്ച് ജീവിതം ഒരാനന്ദലഹരിയായി മാറാത്തത് എന്തുകൊണ്ട്? നാമനന്താനന്ദം പ്രതീക്ഷിക്കുന്നുവെങ്കിലും നമുക്കത് കിട്ടാത്തത് എന്തുകൊണ്ട്? ദുഃഖത്തെ ഒഴിവാക്കുവാൻ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല? ഇതിനുത്തരം അന്വേഷിക്കുമ്പോൾ നാമെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന വലിയ ഒരു പരാജയത്തിലേക്കോ അപചയത്തിലേക്കോ ആണ്. നമ്മുടെ പിടിയിലോ നമ്മുടെ നിയന്ത്രണത്തിലോ നിൽക്കാത്ത ഒരു സത്ത നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. അതുകൊണ്ട് തന്നെ മനുഷ്യജീവിതം സദാ റിസ്കിലാണ്. അപകടമോ പരാജയമോ ദുരന്തമോ ഏതു നിമിഷവും സംഭവിക്കാം. അതിലുമുപരിയായി നാം ബാഹ്യലോകത്താൽ സദാ ബാധിക്കപ്പെടുന്നു. സമൂഹം നമ്മുടെ യജമാനൻ ആകുന്നു. സമൂഹത്തിന്റെ താളത്തിനൊപ്പിച്ച് തുള്ളുന്ന വെറും അടിമകളാണ് നാമെല്ലാം. അതുകൊണ്ട് തന്നെ നമുക്ക് സന്തോഷിക്കണമെങ്കിൽ അതിനും സമൂഹത്തിന്റെ അനുവാദം വേണമെന്നായിരിക്കുന്നു. സമൂഹം സന്തോഷിക്കുവാൻ പറയുമ്പോൾ നാം സന്തോഷിക്കുന്നു; സമൂഹം ദുഃഖിക്കുവാൻ പറയുമ്പോൾ നാം ദുഃഖിക്കുന്നു. ഒരു പരാജയം, പണനഷ്ടം, മാനഹാനി എന്തുമാവട്ടെ നാം ദുഃഖിക്കുന്നതിന് കാരണം, സമൂഹം അതാവശ്യപ്പെടുന്നു എന്നത് തന്നെയാണ്.
ഇപ്രകാരം നാം ബാഹ്യലോകത്തിന്റെ അടിമകളായി മാറുമ്പോൾ നമ്മുടെ ജീവിതം നമ്മുടെ തന്നെ നിയന്ത്രണത്തിൽനിന്ന് വഴുതിപ്പോകുന്നു. നമുക്ക് സന്തോഷിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അതിന് കഴിയുന്നില്ല. ദു:ഖിക്കാതിരിക്കണമെന്നും ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. സമൂഹമാണ് എല്ലാം തീരുമാനിക്കുന്നത്. നാം ആ രീതിയിലാണ് മനസ്സിനെ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത്. നാം കർമ്മം ചെയ്യുന്നതും ജീവിക്കുന്നതും സമൂഹം തരുന്ന പ്രതിഫലങ്ങൾ സ്വീകരിക്കുവാൻ വേണ്ടി മാത്രമാണ്. (മാനസികമായ)പ്രതിഫലം പ്രതീക്ഷിച്ചു കർമ്മം ചെയ്യുന്നവർ ആ പ്രതിഫലത്തിനും അത് തരുന്ന സമൂഹത്തിനും അടിമകളാണ്. പേര്, പ്രശസ്തി, സ്ഥാനമാനങ്ങൾ, ഇവക്ക് വേണ്ടിയാണ് നാം ജീവിക്കുക പോലും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ ജീവിതത്തിന്റെ യജമാനൻമാർ അല്ലാതാകുകയും ആ യജമാനസ്ഥാനം സമൂഹം കയ്യടക്കുകയും ചെയ്യുന്നു.
അൽപം കൂടി വ്യക്തമായി പറഞ്ഞാൽ നാം നമ്മുടെ ജീവിതത്തെ സമൂഹത്തിന്റെ കണ്ണുകളിലൂടെ നോക്കികാണൂന്നു. സമൂഹം ചിന്തിക്കുന്നതുപോലെ നാമും ചിന്തിക്കുന്നു. ഇപ്രകാരം നാം സമൂഹവുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് നമുക്ക് തന്നെ വിനയായി ഭവിക്കുന്നു. ഇത് നമ്മിലധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സമൂഹവുമായുള്ള ഈ കൂട്ടുകെട്ട് അവസാനിപ്പിക്കുന്ന നിമിഷത്തിൽ നാം സ്വാതന്ത്ര്യം പ്രാപിക്കുന്നു. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളതുപോലെയും ഇഷ്ടമുള്ളത്രയും ആനന്ദിക്കുവാൻ നമുക്ക് കഴിയുന്നു. നമ്മുടെ ജീവിതം ഒരു ആനന്ദലഹരിയായി മാറുന്നു.
നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നാം കൂടെ കൂടെ പറയുന്നുണ്ടെങ്കിലും നമുക്ക് അങ്ങനെ ഒരു ബോധ്യമില്ല എന്ന് വ്യക്തം. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കണ്ടെത്തുന്നില്ല. കാരണം നമ്മുടെ ദൃഷ്ടി സദാ പുറത്തേക്ക് പോകുന്നു. ഇപ്രകാരം നമ്മുടെ ദൃഷ്ടി പുറത്തേക്ക് പോകുകയും നാം സമൂഹത്തിന്റെ കണ്ണുകളിലൂടെ നമ്മെ നോക്കിക്കാണുകയും ചെയ്യുമ്പോൾ നാം നമ്മെ തന്നെയും നമ്മുടെ ഉള്ളിലൂള്ള ഈശ്വരനെയും വിസ്മരിക്കുന്നു. തത്ഫലമായി ഈശ്വരനിൽനിന്നും വരുന്ന അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും മറക്കപ്പെട്ടു പോകുകയും ചെയ്യുന്നു. ഇവിടെ മനുഷ്യന്റെ ദുരിതങ്ങൾ ആരംഭിക്കുന്നു.
എന്റെ ജീവിതം എന്നും ഭാവാത്മകവും ആനന്ദപ്രദവും ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ടെങ്കിൽ കാലക്രമത്തിൽ സമൂഹവുമായ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതിൽ ഞാൻ വിജയം കൈവരിക്കും. സമൂഹവുമായ സംഗം ഉപേക്ഷിക്കുകയും കേവലനായി നിൽക്കുവാൻ യത്നിക്കുകയും ചെയ്യുക. നാം ചെയ്യുന്ന കർമ്മമല്ല നമ്മെ ക്ലേശിപ്പിക്കുന്നത്, മറിച്ച് ആ കർമ്മത്തിന് സമൂഹം നൽകുന്ന പ്രതിഫലമാണ് നമ്മെ ക്ലേശിപ്പിക്കുന്നത്. അതിനാൽ പ്രതിഫലത്തെ ത്യജിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരനുമായി നാം കണ്ടുമുട്ടുന്നു. ഇപ്രകാരം ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ പിന്നെ ആഗ്രഹങ്ങൾക്ക് എന്തു പ്രസക്തി? പിന്നീട് ആർക്ക് വേണം പ്രതിഫലം? ഇവിടെ നാമാ ദൂഷിതവലയത്തിൽ നിന്നും കരകയറുന്നു. ഒരുതരം ഭാവാത്മകത നമ്മെ വിഴുങ്ങുകയും ചെയ്യുന്നു.
നമുക്ക് ഒരേ സമയം സമൂഹവുമായും ഈശ്വരനുമായും ചങ്ങാത്തം കൂടുക സാധ്യമല്ല. സമൂഹവുമായി ചങ്ങാത്തം കൂടുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനുമായി ചങ്ങാത്തം കൂടണമെങ്കിൽ സമൂഹത്തെയും മറക്കണം. ഈ ലോകം നൽകുന്ന ക്ഷുദ്രസുഖങ്ങളാണോ വലുത് ഈശ്വരനിൽ നിന്നും കിട്ടുന്ന അനന്താനന്ദമാണോ വലുത്? സമൂഹത്തിന്റെ പിറകെ ഓടിയോടി നാമാകെ ക്ലേശിതരും നിരാശരും ആയിരിക്കുന്നു. ജീവിതം തന്നെ വ്യർത്ഥമെന്ന് നമുക്ക് ഏറെക്കുറെ തോന്നിതുടങ്ങിയിരിക്കുന്നു. ഈ കൂരാ കൂരിരുട്ടിൽ നിന്നൊക്കെ ഒരു മോചനമുണ്ട്. നമ്മുടെ ഉള്ളിൽ ആനന്ദസൂര്യൻ പ്രകാശിക്കേണ്ട സമയമായി വരുന്നു. അതിനാൽ ഉണർന്നെഴുന്നേൽക്കുവിൻ. എല്ലാ അടിമത്വത്തിന്റെയും ബന്ധനത്തിന്റെയും ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ! നിങ്ങൾ ഇവിടെ നരകയാതന അനുഭവിക്കേണ്ട ആളല്ല. മറിച്ച് ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിക്കേണ്ട ചൈതന്യമാകുന്നു. നിങ്ങൾ സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത്, മറിച്ച് സമൂഹം നിങ്ങൾക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത് എന്നറിഞ്ഞുകൊള്ളുവിൻ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply