ബിനോയ് എം. ജെ.

പുറമേനിന്ന് നോക്കിയാൽ മനുഷ്യൻ പരിമിതനാണ്. താനീകാണുന്ന ശരീരവും അതിനെചുറ്റിപ്പറ്റിയുള്ള മനസ്സുമാണെന്ന ചിന്തയാണ് പരിമിതികളുടെയെല്ലാം അടിസ്ഥാനം. പാശ്ചാത്യ ചിന്താപദ്ധതി ഈ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ മനുഷ്യന് ഈ പരിമിതിയിൽ ഒതുങ്ങുവാനാവില്ല. അവൻ സദാ അന്വേഷണത്തിലാണ്. അവൻ അനന്തതയെ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തെ മഴുവൻ കീഴടക്കിയാലും അവൻ തുടർന്നും വളരുവാൻ ശ്രമിക്കും. എന്താണിതിന്റെ മനശ്ശാസ്ത്രം? തന്റെയുള്ളിലെ അനന്തസത്തയെക്കുറിച്ചുള്ള അവബോധമാവണം ഈ പരിശ്രമത്തിന്റെ പിറകിലത്തെ പ്രചോദനം.

സ്വാർത്ഥതയും, വ്യക്തിബോധവും, മരണഭയവും, ആധിയും പരിമിതമായ ആനന്ദവുമാണ് മനുഷ്യന്റെ പ്രശ്നങ്ങൾ. ഇവയെ പ്രശ്നങ്ങളായി നാമെണ്ണുന്നത് തന്നെ ഇവയ്ക്ക് ഒരു പരിഹാരം ഉണ്ടെന്നുള്ളത് കൊണ്ടാണ്. ഈ പരിമിതിയിൽ മനുഷ്യൻ അസന്തുഷ്ടനാണ്. താനോ ബദ്ധനും, പരിമിതനും, ദുഃഖിതനുമാണ്. അതിനാൽ തന്നെ സ്വതന്ത്രവും, അനന്തവും, ആനന്ദസ്വരൂപവുമായ ഒരു സത്തയെ മനുഷ്യൻ മനസ്സിൽ സങ്കല്പിക്കുന്നു. ഈ അനന്തസത്തയാണ് എന്നും മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും പ്രചോദനവും. അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമമാണ് മനുഷ്യപുരോഗതിയുടെയെല്ലാം അടിസ്ഥാനം.

അൽപത്വത്തിൽ അൽപാനന്ദവും അനന്തതയിൽ അനന്താനന്ദവും കിടക്കുന്നു. താനീ കാണുന്ന ചെറിയ ശരീരമാണെന്ന ചിന്തയാണ് അൽപത്വത്തിന്റെ അടിസ്ഥാനം. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും കാരണവും. അതിനാൽ തന്നെ വളരുവാനും വികസിക്കുവാനും ഉള്ള ആഗ്രഹം അവനിൽ രൂഡമൂലമാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ ഇതിൽ തെറ്റില്ലായിരിക്കാം. എന്നാൽ ഇത് മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്‌ധതയും പ്രശ്നങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യജീവിതം ഒരു സമരമോ സംഘർഷമോ ആയി അധ:പതിക്കുന്നു. പരമമായ ശാന്തി അവന് അന്യമാകുന്നു. അശാന്തമായ മനസ്സിൽ എങ്ങനെയാണ് ആനന്ദം ജനിക്കുക? വാസ്തവത്തിൽ ഇതെല്ലാം അനാവശ്യങ്ങളാണ്. ഇവിടെയാണ് അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകത ഉദിക്കുന്നത്. തന്റെ അജ്ഞതയും പരിമിതികളും വെറും മിഥ്യയാണെന്നും ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്ത താൻതന്നെയാണെന്നും ഉള്ള ബോധ്യം ഉദിക്കുമ്പോൾ ഈ കഷ്ടപ്പാടുകൾ എല്ലാം തിരോഭവിക്കുന്നു. അതോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.

ലോകത്തിലുള്ള എല്ലാ ജനപഥങ്ങളും ഈശ്വരനെ അന്വേഷിക്കുന്നു. ‘ഈശ്വര’നെന്ന സങ്കൽപം എവിടെ നിന്നും വരുന്നു. തന്റെ ഉള്ളിൽ ഈശ്വരൻ ഉറങ്ങുന്നുവെന്ന അവബോധം അവനുണ്ടാവണം. പക്ഷേ ആ ഈശ്വരൻ താൻ തന്നെ എന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്ത് അവനില്ലാതെ പോയി. നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന വിദ്യാഭ്യാസവും ഈശ്വരനെ നമ്മിൽ നിന്നും ഭിന്നമായി കാണുവാൻ നമ്മെ പഠിപ്പിക്കുന്നു. അത് നമ്മിൽ നിന്നും ഭിന്നമാണെങ്കിൽ തീർച്ചയായും അത് നമുക്ക് പുറത്താവണം. നാമീശ്വരനെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. പലപ്പോഴും നാമിത് അബോധപൂർവ്വമാണ് ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പ്രശ്നത്തിന്റെ ഏക പരിഹാരം ഈശ്വരനെ ഉള്ളിൽ അന്വേഷിച്ചുതുടങ്ങുക എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നമുക്ക് എത്തിപ്പിടിക്കുവാൻ സാധിക്കും. അല്ല അത് ഞാൻ തന്നെയാണ്. അവിടെ ഒരന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ആത്മസാക്ഷാത്കാരം, അത് ഈ നിമിഷത്തിൽ തന്നെ സാധ്യമാണ്. ബാഹ്യലോകത്ത് എന്തിനുവേണ്ടി ഈശ്വരനെ അന്വേഷിക്കണം. ആ പരിശ്രമം എന്നും ഒരു പരാജയമാകുവാനേ വഴിയുള്ളൂ. പരാജയപ്പടുന്തോറും നാം വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. ഇതനന്തമായി നീളുന്നു. നിരീശ്വരവാദികൾ പോലും അറിയാതെ ഈശ്വരനെയാണന്വേഷിക്കുന്നത്.

സദാ പുരോഗമിച്ചുകൊണ്ടിരിക്കുക, എന്നാൽ ഒരിക്കലും ലക്ഷ്യത്തിലെത്താതിരിക്കുക. ഇതാണ് മനുഷ്യന്റെ വിധിയെന്ന് പരക്കെ ഒരു ധാരണയുണ്ട്. മാനവരാശി സഹസ്രാബ്ദങ്ങളിലൂടെ അന്വേഷിക്കുന്നു എന്നാലവൻ ലക്ഷ്യത്തിലെത്തിയിട്ടില്ല. എത്തിച്ചേരുമെന്നൊട്ട് പ്രതീക്ഷിക്കുകയും വേണ്ട. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണെന്നുള്ളതും ശരിയെന്ന് സമ്മതിച്ചേ തീരൂ. ഒരു വൃത്തത്തിലൂടെ എത്ര കറങ്ങിയാലും ആ കറക്കം അവസാനിക്കുന്നില്ല. നാമെത്തിപ്പിടിക്കുവാനാവാത്ത എന്തിലോ ആണ് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നത്. നാം മുന്നോട്ട് നീങ്ങും തോറും നമ്മുടെ ലക്ഷ്യവും നമ്മോടൊപ്പം മുന്നോട്ട് തന്നെ നീങ്ങുന്നു. അതിനാൽ നാമൊരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല. പറ്റിപ്പോയ മഢയത്തത്തെകുറിച്ച് ബോധവാന്മാരാകുവിൻ. എത്രതന്നെ പുറത്തന്വേഷിച്ചാലും നമ്മുടെ ആത്മസത്തയെ പുറത്ത് കണ്ടെത്തുവാനാവില്ല. കാരണം അത് നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ഉള്ളിലുള്ളതിനെ പുറത്തന്വേഷിച്ചാൽ ആ അന്വേഷണം എന്നും ഒരു പരാജയമായിരിക്കും. നാമൊരു മായാവലയത്തിൽ പെട്ടുപോകുന്നു. ഇതിൽനിന്ന് പുറത്തു കടക്കുക എന്നതാവുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. അവിടെ അസാദ്ധ്യമായത് സാധിക്കുന്നു. നാം അത്ഭുതകരമായി ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120