ബിനോയ് എം. ജെ.
രതിഫലത്തെ(മാനസികമായ)ക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക. പ്രഥമ ദൃഷ്ടിയാ തന്നെ ഇതിന് രണ്ട് വശങ്ങൾ ഉള്ളതായി കാണാം. ഒന്ന് പ്രതിഫലത്തോടുള്ള വിരക്തി; രണ്ട് കർമ്മത്തോടുള്ള ആഭിമുഖ്യം. ഇത് രണ്ടും കൂടി ചേർന്നാലേ നിഷ്കാമകർമ്മം ആവൂ. ചെയ്യുന്ന കർമ്മത്തിന് പ്രതിഫലം കിട്ടണമെന്ന് നാം വാശിപിടിച്ചാൽ അത് നിഷ്കാമകർമ്മം ആകില്ല. പ്രതിഫലത്തോടുള്ള വിരക്തി കർമ്മത്തിലേക്കു കൂടി പരന്നാൽ അതും നിഷ്കാമകർമ്മം ആവില്ല. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നുള്ളത് (Every action has an equal and opposite reaction) സാർവ്വത്രികമായ ഒരു നിയമമാണ്. നിങ്ങൾ ലോകത്തിലേക്ക് ഒരു കർമ്മത്തെ അയയ്ക്കുന്നു; അതിന് തുല്യമായ ഒരു പ്രതിപ്രവർത്തനം ലോകം നിങ്ങളിലേക്കും അയക്കുന്നു. ഈ പ്രതി പ്രവർത്തനമാണ് നിങ്ങളുടെ കർമ്മത്തിനുള്ള പ്രതിഫലം. ഇവിടെ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്നതിന് കിട്ടുന്ന കൂലിയല്ല. മറിച്ച് ജോലിയും അതിന്റെ കൂലിയും കൂടി ഒരുമിച്ചു ജനിപ്പിക്കുന്ന മാനസികമായ പ്രതിഫലം – പേര്, പ്രശസ്തി,ബഹുമതി,അംഗീകാരം, സ്റ്റാറ്റസ് ആദിയായവ – ആണുദ്ദേശിക്കുന്നത് . ഇതിനെ തടയുവാൻ ആർക്കും സാധ്യമല്ല. ഇത് ലോകത്തിന്റെ നിലനിൽപ്പിന് ഏറെക്കുറെ ആവശ്യവുമാണ്.
ഇപ്രകാരം ഇത് ഒരു ശാശ്വതനിയമമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ മനുഷ്യൻ കർമ്മത്തോടൊപ്പം പ്രതിഫലത്തോടും ആഭിമുഖ്യമുള്ളവനായി മാറുന്നു. പിന്നീട് അവൻ പ്രതിഫലത്തിനു വേണ്ടി കർമ്മം ചെയ്തു തുടങ്ങുന്നു. എന്താണ് ഇതുകൊണ്ടുള്ള ദോഷം? കർമ്മത്തോടൊപ്പം പ്രതിഫലവും കിട്ടുന്നുണ്ടെങ്കിൽ അത് കൂടുതൽ നല്ലതല്ലേ? പ്രതിഫലത്തിൽ അല്ലേ ജീവിതത്തിന്റെ അർത്ഥം മുഴുവൻ കിടക്കുന്നത്? പ്രതിഫലമില്ലാതെ കർമ്മം ചെയ്താൽ അതൊരു പാഴ് വേല മാത്രമാവില്ലേ? ഇവക്കുള്ള ഉത്തരം നമുക്ക് പരിശോധിക്കാം.
ആദ്യമായി കർമ്മത്തിന്റെ പ്രകൃതമനുസരിച്ച് പ്രതിഫലത്തിന്റെ പ്രകൃതവും മാറിവരുന്നു. അങ്ങോട്ടു കൊടുക്കുന്നത് പ്രഹരമാണെങ്കിൽ തിരിച്ചിങ്ങോട്ട് വരുന്നതും പ്രഹരം തന്നെ ആയിരിക്കും. അങ്ങോട്ട് കൊടുക്കുന്നത് ചുംബനമാണെങ്കിൽ ഇങ്ങോട്ടു വരുന്നതും ചുംബനം തന്നെയായിരിക്കും. ഇതിങ്ങനെയാണെങ്കിലും പ്രതിഫലത്തിന്റെ മേൽ നമുക്ക് വലിയ നിയന്ത്രണം ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രസംഗം നടത്തുന്നുവെന്ന് കരുതുക. നിങ്ങൾ വലിയ പ്രതീക്ഷയോടെയും തയ്യാറെടുപ്പോടെയുമാണത് അത് ചെയ്തത്. വലിയ ഒരു കയ്യടി നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിരുന്നു. പക്ഷെ പ്രസംഗം പാളി. ആളുകൾ കൂക്കി വിളിച്ചു. നിങ്ങൾക്ക് എന്തു തോന്നും? ഇത് മറിച്ചും സംഭവിക്കാം. നിങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രസംഗം വിജയിച്ചു. നീണ്ട കരഘോഷം.. നിങ്ങൾക്ക് സന്തോഷം തോന്നുന്നു. ഇപ്രകാരം പ്രതിഫലം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖദു:ഖങ്ങളെ കൊണ്ടുവന്ന് തരുന്നു. പ്രതിഫലം പുറത്തു നിന്നും വരുന്നതിനാൽ അത് നിങ്ങളുടെ നിയന്ത്രണത്തിന് വെളിയിലാണ്. നിങ്ങൾ സന്തോഷിക്കണമോ ദുഃഖിക്കണമോ എന്ന് നിങ്ങളേക്കാൾ ഉപരിയായി സമൂഹം തീരുമാനിക്കുന്നു. നിങ്ങൾ പ്രതിഫലത്തിന്റെയും അത് തരുന്ന സമൂഹത്തിന്റെയും അടിമകളായി മാറിക്കഴിഞ്ഞു. അടിമത്തം മനുഷ്യന് ഭൂഷണമല്ല.
പ്രതിഫലം അതിൽ തന്നെ വൈരുധ്യങ്ങൾ പേറുന്നു. മുൻപ് പറഞ്ഞതു പോലെ അത് ഭാവാത്മകമോ നിഷേധാത്മകമോ ആവാം. ഈ ദ്വൈതം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തിൽ വിജയമാണോ പരാജയമാണോ സംഭവിക്കുവാൻ പോകുന്നത്? ബിസിനസ്സിൽ ലാഭമാണോ നഷ്ടമാണോ സംഭവിക്കുവാൻ പോകുന്നത്? പ്രണയം വിജയിക്കുമോ അതോ പരാജയപ്പെടുമോ? നിങ്ങളുടെ ജീവിതം വലിയ റിസ്കിലാണ്. ചിലർ പറയുന്നു റിസ്ക് എടുക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കണമെന്ന്. ഇതൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. പ്രതിഫലത്തെ തന്നെ ത്യജിക്കുകയാണ് പ്രശ്നത്തിനുള്ള യഥാർത്ഥമായ പരിഹാരം. കാരണം കർമ്മം അതിൽതന്നെ വിജയമോ പരാജയമോ അല്ല. ജയാപജയങ്ങളെയും സുഖദു:ഖങ്ങളെയും ജനിപ്പിക്കുന്നത് പ്രതിഫലം തന്നെ.
രണ്ടാമതായി പ്രതിഫലത്തിലുള്ള ഈ ശ്രദ്ധയും താത്പര്യവും കർമ്മത്തിൽ നിന്ന് നിങ്ങളുടെ മനസ്സിനെ തെറിപ്പിക്കുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾ പരീക്ഷയിൽ ജയിക്കുന്നതായും, ജോലി കിട്ടുന്നതായും, ബിസിനസ്സ് തുടങ്ങുന്നതായും, വിവാഹം കഴിക്കുന്നതായും മറ്റും സദാ സ്വപനം കണ്ടുകൊണ്ടേയിരിക്കും. കാരണം അതാണ് നിങ്ങളുടെ ഏക പ്രചോദനം. നിങ്ങളുടെ സമയത്തിന്റെ പകുതി അങ്ങനെ തന്നെ പോവും. മാത്രവുമല്ല ഭാവിയെ കുറിച്ചുള്ള ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയെ തകർക്കുന്നു. ഏകാഗ്രതയില്ലാതെ പഠിച്ചാൽ നിങ്ങൾ പഠനത്തിൽ വിജയിക്കില്ല. ജോലിയെയും വിവാഹത്തെയും ഒക്കെ മറന്നുകൊണ്ട് നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുവിൻ. അപ്പോൾ നിങ്ങളുടെ ഏകാഗ്രത നൂറുമടങ്ങായി – അതെ നൂറു മടങ്ങായി തന്നെ – വർദ്ധിക്കുകയും നിങ്ങളുടെ ജോലിയും വിവാഹവും തടസ്സമില്ലാതെ സംഭവിക്കുകയുംവചെയ്യും. അപ്പോൾ പിന്നെ കർമ്മത്തിനുള്ള പ്രചോദനം എവിടെ നിന്ന് വരും? കർമ്മത്തിലുള്ള ആസ്വാദനം തന്നെ അതിനുള്ള ഏറ്റവും നല്ല പ്രചോദനം. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ജോലിയെയും വിദ്യാർത്ഥിയാണെങ്കിൽ പഠനത്തെയും ആസ്വദിക്കുവിൻ. നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കർമ്മമണ്ഠലം മാറി ആസ്വദിക്കുവാൻ കഴിയുന്ന എന്തെങ്കിലും കർമ്മത്തിൽ മുഴുകുവിൻ. അപ്പോൾ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.
കർമ്മം എത്രമാത്രം ആസ്വദിക്കുവാനാവും എന്നതിനെക്കുറിച്ച് നമ്മിൽ പലർക്കും ഗ്രാഹ്യം ഇല്ലെന്നതാണ് സത്യം. ആ ദിശയിൽ നമ്മുടെ ചിന്ത ഇനിയും പോയിട്ടില്ല. പ്രതിഫലത്തെക്കുറിച്ച് സദാ ചിന്തിക്കുന്ന നമുക്ക് എങ്ങനെയാണ് കർമ്മം ആസ്വദിക്കുവാൻ കഴിയുക? പ്രതിഫലത്തിനുവേണ്ടി ചെയ്യപ്പെടുന്ന കർമ്മം അടിമപ്പണിയാണ്. അടിമപ്പണിയിൽ നിന്നും എങ്ങനെയാണ് സന്തോഷം കിട്ടുക? നിങ്ങൾ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് ആവോളം ആസ്വദിക്കുവിൻ. ആഴ്ചകളും മാസങ്ങളും കഴിയുംതോറും ആ ആസ്വാദനം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ! അപ്പോൾ പ്രതിഫലത്തെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കിലും ജീവിതം അർത്ഥവ്യത്തും ആസ്വാദ്യകരവും ആണെന്നുമുള്ള വലിയ സത്യം നിങ്ങൾ മനസ്സിലാക്കി തുടങ്ങും. കർമ്മത്തിലുള്ള നിങ്ങളുടെ ആനന്ദവും ഏകാഗ്രതയും നൂറു മടങ്ങായി തന്നെ വർദ്ധിക്കും. അതാണ് നിഷ്കാമകർമ്മം!
പ്രതിഫലം കർമ്മത്തെ ജനിപ്പിക്കുന്നതിനു പകരം കർമ്മം പ്രതിഫലത്തെ ജനിപ്പിക്കട്ടെ. അപ്പോൾ സ്വാർത്ഥകർമ്മം നിഷ്കാമകർമ്മമായി മാറും. പ്രതിഫലത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യാതെയിരിപ്പിൻ. മറിച്ച് കർമ്മത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. ജീവിതം അങ്ങോളമിങ്ങോളം കർമ്മാനുഷ്ഠാനമല്ലാതെ മറ്റെന്താണ്? അതിനെ നിങ്ങൾ ആസ്വദിച്ചുതുടങ്ങിയാൽ ജീവിതം ഒരാനന്ദലഹരിയായി മാറും. പ്രതിഫലമാകുന്ന കെണിയിൽ നാം പെട്ടുപോകരുത്. അതിൽ പെട്ടാൽ കഷ്ടപ്പാടുകൾ മാത്രമേ ബാക്കിയുണ്ടാവൂ. കർമ്മം തന്നെയാണ് കഷ്ടപ്പാടുകൾ ആയി മാറുന്നത്. കാരണം നിങ്ങൾക്കത് ആസ്വദിക്കുവാൻ ആകുന്നില്ല. ജീവിതം തന്നെയാണ് ദുരിതമായി മാറുന്നത്. കാരണം നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല. ലോകം മുഴുവൻ കർമ്മം ചെയ്യുന്നു. പക്ഷേ ആർക്കും സംതൃപ്തി ഇല്ല. ഇത്രയധികം പ്രശ്നങ്ങളും പ്രക്ഷുബ്‌ധതകളും ലോകത്തിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? മനുഷ്യൻ ജീവിതം ആസ്വദിക്കുവാൻ പഠിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം താനെ മാറും. ലോകം ജീവിക്കുവാൻ കൊള്ളാവുന്ന ഒരിടമാവുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply