ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഭിന്നശേഷിക്കാരനായ മകൻ അഞ്ചുവർഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കർണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ എത്തി മകനെ നിറകണ്ണുകളോടെ ഏറ്റുവാങ്ങിയത്.

ഇരുപത്തിയഞ്ചു വയസ്സുള്ള അസറുദീനെ 2017-ൽ നാട്ടിൽനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് മെഹബൂബിയുടെ കൈകളിൽ നിന്നും നഷ്ടമായത്. പിന്നീട് മകന് വേണ്ടി മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് കോവിഡ് കാലമായതോടെ അന്വേഷണവും വഴിമുട്ടി. തുടർന്ന് നാട്ടിലേക്ക് മടങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ അസറുദീനെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതരാണ് കണ്ടെത്തിയത്.

മാനസികാസ്വാസ്ഥ്യമുണ്ടെന്ന ധാരണയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. എന്നാൽ, മാനസികാസ്വാസ്ഥ്യമില്ലെന്നും ഭിന്നശേഷിക്കാരനാണെന്നും കണ്ടെത്തിയതോടെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതർ ചാരിറ്റി വില്ലേജിൽ എത്തിച്ചു. ആദ്യമൊന്നും യാതൊന്നും സംസാരിക്കാതിരുന്ന അസറുദീൻ പതുക്കെ തന്റെ നാടിനെക്കുറിച്ച് പറഞ്ഞു തുടങ്ങി.

തുടർന്ന് ഷിമോഗയിൽ അസറുദീന്റെ ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുമാസം മുൻപാണ് മെഹബൂബിയെ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മെഹബൂബി ഞായറാഴ്ച ഇവിടെയെത്തി മകനെ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.