ബിനോയ് എം. ജെ.
മനുഷ്യജീവിതം പരിമിതമാക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വം എന്ന പദം തന്നെ പരിമിതിയെ സൂചിപ്പിക്കുന്നു. ആസ്വാദനത്തിന്റെ പരിമിതിയാണ് എല്ലാ പരിമിതികളുടെയും കാരണം. നിങ്ങളിലൊരാൾ ബഹിർമുഖനെന്നും മറ്റൊരാൾ അന്തർമുഖനെന്നും എണ്ണപ്പെടുന്നതെന്തുകൊണ്ട്? വ്യക്തിത്വത്തിന്റെ പരിമിതി തന്നെ. ആദ്യത്തെയാൾ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനെ ആസ്വദിക്കുമ്പോൾ രണ്ടാമത്തെയാൾ ഒറ്റക്കിരിക്കുന്നതിനെ ആസ്വദിക്കുന്നു. എന്നാൽ ഒരേസമയം മറ്റുള്ളവരോടും തന്നോടുതന്നെയും കൂട്ടുകൂടുന്നതിനെ ആസ്വദിക്കുവാൻ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും. ജീവിതം തന്നെ ദ്വൈതങ്ങളുടെ ഒരു സമ്മേളനമാണ്. ഒരാൾ പ്രായോഗികമായി ചിന്തിക്കുന്നു; മറ്റൊരാൾ സൈദ്ധാന്തികമായി ചിന്തിക്കുന്നു. ഒരാൾ സമൂഹത്തോട് ചേർന്ന് ചിന്തിക്കുന്നു; മറ്റൊരാൾ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. ഒരാൾ പ്രശ്നങ്ങളെ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു; മറ്റൊരാൾ സുഖങ്ങൾ അന്വേഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു. എല്ലാം ആസ്വാദനത്തിന്റെ കളികൾ മാത്രം. നിങ്ങൾ എന്തിനെ ആസ്വദിക്കുന്നുവോ അതിലേക്ക് നിങ്ങളുടെ വ്യക്തിത്വം പരിമിതപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാറ്റിനെയും ആസ്വദിക്കുവാൻ കഴിയും. അപ്പോൾ നിങ്ങൾ എല്ലാ പരിമിതികളെയും അതിജീവിക്കും.
നാം ഒന്നിനെ ആസ്വദിക്കുവാൻ പഠിക്കുന്നതിനോടൊപ്പം അതിന് വിരുദ്ധമായതിനെ വെറുക്കുവാനും പഠിക്കുന്നു. അതായത് നാം ജീവിതത്തെ ഭാഗികമായി മാത്രം കാണുകയും അറിയുകയും ചെയ്യുന്നു. ഒരു പന്തിനെ ഒരു വശത്തു നിന്നും നോക്കുമ്പോൾ മറുവശം മറക്കപ്പെടുന്നതുപോലേയുള്ളൂ ഇത്. എന്നാൽ നമുക്ക് ഇരുവശവും നോക്കി കാണുവാൻ കഴിയും. അപ്പോൾ മാത്രമേ നാമാ പന്തിനെ പൂർണ്ണമായും അറിയുന്നുള്ളു. ഇപ്രകാരം ജീവിതത്തെ ഒരു വശത്തു കൂടി മാത്രം നോക്കി കാണുമ്പോൾ നാം ജീവിതത്തെ പൂർണ്ണമായും അറിയുന്നില്ല. ഒരാൾ ഒരേസമയം പൂർണ്ണനായ അന്തർമുഖനും ബഹിർമുഖനും ആകുമ്പോൾ, പൂർണ്ണനായ സുഖാന്വേഷിയും ദുഃഖാന്വേഷിയും ആകുമ്പോൾ, പൂർണ്ണനായ പ്രായോഗികവാദിയും സൈദ്ധാന്തികവാദിയും ആകുമ്പോൾ; ഇപ്രകാരമുള്ള എല്ലാ ദ്വൈതങ്ങളെയും അതിജീവിക്കുമ്പോൾ, അയാളുടെ വ്യക്തിത്വം പൂർണ്ണതയിലേക്ക് വളർന്ന് വികസിക്കുന്നു. നിങ്ങൾ ജീവിതത്തിൽ സുഖം മാത്രമേ അന്വേഷിക്കുന്നുള്ളുവെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണനാകുവാൻ കഴിയുകയില്ല. ഒരേസമയം സുഖത്തെയും ദുഃഖത്തെയും അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ദുഃഖത്തെയും, വേദനകളെയും, മരണത്തെയും മറ്റും എങ്ങനെയാണ് ആസ്വദിക്കുക? പരിശ്രമിക്കുവിൻ! നിങ്ങൾക്കതിന് കഴിയും! ഒരു ഔൺസ് ദുഃഖത്തെ ആസ്വദിച്ച് കഴിയുമ്പോഴേക്കും ആ ദുഃഖം തിരോഭവിച്ചു കഴിഞ്ഞിരിക്കും. കാരണം നിങ്ങൾ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!
നിങ്ങൾ പൂർണ്ണനാകണമെന്ന് സമൂഹവും ഈശ്വരനും നിഷ്കർഷിക്കുന്നതുപോലെ തോന്നുന്നു. കുറെനാൾ മലമുകളിലൂടെ നടന്നാൽ കുറെനാൾ നിങ്ങൾ താഴ് വരയിലൂടെ നടന്നേ തീരൂ..ജനിക്കുന്ന ഏതൊരുവനും മരിച്ചേ തീരൂ..ആരോഗ്യവും സൗന്ദര്യവും ക്ഷയിക്കും..പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും..എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു! ഒന്നും സ്ഥായിയല്ല! ഈ ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാറ്റിനെയും ആസ്വദിച്ചേ തീരൂ. പരിമിതികൾക്ക് ഇവിടെ സ്ഥാനമില്ല. ദുഃഖവും, വേദനകളും, രോഗവും, മരണവും നൃത്തം ചവിട്ടുന്ന ഈ ജീവിതത്തിൽ സുഖത്തെ മാത്രം ആസ്വദിക്കുന്നതിന്റെ പിറകിലത്തെ യുക്തി എന്താണ്? ജീവിതം പരിപൂർണ്ണമാണ്. അത് ഒരിക്കലും ഭാഗികമല്ല; ആകുവാൻ പാടില്ല. നിങ്ങൾ സുഖത്തെ മാത്രമായോ ദുഃഖത്തെ മാത്രമായോ ആസ്വദിച്ചാൽ നിങ്ങൾക്ക് അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുവാനാവില്ല. രണ്ടിനെയും ഒരു പോലെ ആസ്വദിക്കുവിൻ.
ജീവിതത്തിൽ എല്ലായിടത്തും സുഖദു:ഖങ്ങൾ ജോഡികളായി കാണപ്പെടുന്നു. നിങ്ങൾ ജീവിതത്തിൽ എന്തിനെയെങ്കിലും തിരഞ്ഞെടുത്തു നോക്കുവിൻ. അവിടെ സുഖവും ദുഃഖവും ഒരുപോലെ സന്നിഹിതമായിരിക്കുന്നുവെന്ന് കാണാം. പണവും, അധികാരവും, പ്രശസ്തിയും വരുമ്പോൾ അവയോടൊപ്പം സുഖദു:ഖങ്ങൾ രണ്ടും ഒരുപോലെ വന്നുചേരുന്നു. പണം വരുമ്പോൾ സുഖഭോഗങ്ങളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും വന്നുചേരുന്നു. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ജീവിതപങ്കാളി സമ്മാനിക്കുന്ന സുഖത്തെയും, ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചേ തീരൂ. ഇവിടെയെല്ലാം സുഖത്തെ മാത്രമായി ആസ്വദിക്കുകയും അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന ദുഃഖത്തെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മനോസംഘർഷത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ നിങ്ങളുടെ ആനന്ദം അനന്തമായി വർദ്ധിക്കുന്നു.
ഇപ്രകാരം പരിമിതികളില്ലാത്ത വ്യക്തിത്വത്തെ വളർത്തിയെടുക്കുവാൻ ശ്രമിക്കുവിൻ. ഇവിടെ നമ്മുടെ കയ്യിലുള്ള ഏക ഉപകരണം ആസ്വാദനം ആകുന്നു. ജീവിതത്തെ ആസ്വദിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ ഉണർത്തിയെടുക്കുവിൻ. അത് ഇപ്പോൾ ഏതാണ്ട് ഉറങ്ങിയ മട്ടാണ്. നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആസ്വാദനം തുടങ്ങുവിൻ. ക്രമേണ അത് മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി ആസ്വദിക്കുവിൻ. ഒരു ചിറക് മാത്രം ഉപയോഗിച്ച് ഒരു പക്ഷിക്ക് എങ്ങനെ പറക്കുവാൻ കഴിയും? പറക്കണമെങ്കിൽ എപ്പോഴും രണ്ടു ചിറകുകൾ ആവശ്യമാണ്. പരസ്പരവിരുദ്ധങ്ങളായ മനോഭാവങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവ് സിദ്ധിക്കുന്നു. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാവുകയും അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply