ബിനോയ് എം. ജെ.
സമൂഹത്തിന്റെ മോക്ഷം (Social Nirvana) ഒരു പക്ഷേ പുതിയ ഒരു ആശയമായിരിക്കാം. കാരണം ലോകത്തെ തിന്മയുടെ പര്യായമായാണ് നാളിതുവരെ കണ്ടുപോന്നിരുന്നത്. ലോകത്തിന്റെ പിറകേ പോകുന്നത് (ലൗകികത) വെറുക്കപ്പെടേണ്ട കാര്യമായി പരിഗണിക്കപ്പെട്ടു പോന്നിരുന്നു. പുരാതന കാലങ്ങളിൽ സമൂഹം ഒട്ടും തന്നെ വികസിതമോ സംഘടിതമോ ആയിരുന്നില്ല. ജനസംഖ്യാവിസ്ഫോടനവും ,സാങ്കേതികവിദ്യകളുടെയും വാർത്താവിനിമയ സൗകര്യങ്ങളുടെയും ഗതാഗത സൗകര്യങ്ങളുടെയും പുരോഗതിയും, സാമ്പത്തികരംഗത്തുണ്ടായ കുതിച്ചു ചാട്ടവും, സോഷ്യലിസ്റ്റ്-കമ്മ്യൂസ്റ്റ് ആശയങ്ങൾക്ക് സിദ്ധിച്ച പ്രചാരവും, സാമൂഹിക ശാസ്ത്രങ്ങളിൽ സംഭവിച്ച പുതിയ പുതിയ കണ്ടെത്തലുകളും മനുഷ്യന്റെ സാമൂഹിക സങ്കൽപങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ പിറകേ പോകുന്നത് ഒരു തിന്മയാണെന്ന് ആർക്കും പറയാനാവില്ലെന്ന് മാത്രമല്ല അതിൽ വളരെയധികം നന്മ ഒളിഞ്ഞുകിടക്കുന്നതായി സമ്മതിക്കേണ്ടതായും വരും. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സാമൂഹിക ജീവിതത്തിലൂടെ മാത്രമേ അവന് പൂർണ്ണതയിലേക്ക് വരുവാനാവൂ എന്നും ഇന്ന് പരക്കെ വാദിക്കപ്പെടുന്നു.
ഇപ്രകാരം സാമൂഹിക സംവിധാനത്തിലും സമൂഹത്തോടുള്ള വ്യക്തികളുടെ സമീപനത്തിലും ഉണ്ടായ വിപ്ളവകരമായ മാറ്റം പൗരാണിക ആദ്ധ്യാത്മിക സങ്കൽപങ്ങളെ തിരുത്തിയെഴുതുവാൻ പോന്നവയാണ്. വ്യക്തിയുടെ കാര്യത്തിൽ ശരിയായതെന്തോ അത് സമൂഹത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന് ആധുനിക സമൂഹശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. വ്യക്തിക്ക് മോക്ഷമുണ്ടെങ്കിൽ സമൂഹത്തിനും മോക്ഷമുണ്ട്. ആന്തരിക ജീവിതത്തിലൂടെ മോക്ഷത്തിലേക്ക് വരുവാൻ കഴിയുമെങ്കിൽ ബാഹ്യ (സാമൂഹിക) ജീവിതത്തിലൂടെയും മോക്ഷത്തിലേക്ക് വരുവാൻ കഴിയും. ഭൂമി സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരിടമാണെന്ന പൗരാണിക ഭാരതീയ ആചാര്യന്മാരുടെ വാദം ഇവിടെ ഒരിക്കൽ കൂടി അടിവരയിട്ട് കാട്ടേണ്ടിയിരിക്കുന്നു. കാരണം സ്വർഗ്ഗത്തിൽ മോക്ഷപ്രാപ്തിക്ക് സാധ്യതയില്ല. ഈ ഭൂമിയിൽ മിത്രമേ അതിന് സാധ്യതയുള്ളൂ. ശാസ്ത്രീയവും ആദർശപരവുമായ (Ideal) ഒരു സാമൂഹ സൃഷ്ടിയിലൂടെ സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരു അന്തരീക്ഷം ഭൂമിയിൽ കൊണ്ടുവരുവാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. പ്രകാശത്തിലേക്ക് പറന്നടുക്കുന്ന നിശാശലഭങ്ങളെപ്പോലെ ജീവിതത്തിന് അർത്ഥം കണ്ടെത്തുവാനായി സമൂഹത്തിലേക്ക് ഓടിയടുക്കുന്ന ആധുനിക മനുഷ്യനെ സംതൃപ്തിപ്പെടുത്തുവാനും അവന്റെ ജീവിതത്തിന് ദിശാബോധം കൊടുക്കുവാനും ആധുനിക സമൂഹം വിജയിക്കുന്നുണ്ടോ? അവൻ ഈശ്വരനായി – അല്ല! അതിനേക്കാൾ വലിയ എന്തോ ആയി – ആരാധിക്കുന്ന സമൂഹത്തിന്, അതിലെ അംഗങ്ങളെ ഒരീശ്വരനെപോലെ വാരിപ്പുണരുവാനും സാന്ത്വനപ്പെടുത്തുവാനും കഴിയുന്നുണ്ടോ?
വ്യക്തിയിലും, സമൂഹത്തിലും, പ്രപഞ്ചത്തിലും സന്നിഹിതനായിരിക്കുന്ന സർവ്വവ്യാപിയായ ഈശ്വരൻ എല്ലായിടത്തും പ്രകൃതിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണുവാൻ സാധിക്കും. എപ്രകാരമാണോ വ്യക്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാധനയിലൂടെ സ്വയം പ്രകാശിക്കുന്നത്, അതേ പ്രകാരം തന്നെ സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാമൂഹിക നവീകരണത്തിലൂടെ സ്വയം പ്രകാശിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നന്മയുടെയും തിന്മയുടെയും മിശ്രിതമായ സമൂഹം അതിലെ തിന്മകളെ ജയിച്ച് കേവലനനമസ്വരൂപിയായി പരിണമിക്കുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലൂടെ സമൂഹത്തിൽ സംഭവിച്ച ഗംഭീരമായ പുരോഗതിയെ കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. വരും നൂറ്റാണ്ടുകളിൽ ഇതേ പുരോഗതി തുടർന്നുപോയാൽ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യസമൂഹം ഏറെക്കുറെ പൂർണ്ണതയോടടുക്കുമെന്ന് സാമാന്യമായി ഊഹിക്കുവാൻ കഴിയും. ഇടക്കിടെ ഉണ്ടാവുന്ന ധർമ്മച്യുതിയും മൂല്യശോഷണവുമൊക്കെ കൂടുതൽ ശക്തമായ പുരോഗതിയുടെ മുന്നോടിയും ഒരു പരിധിവരെ ആ പുരോഗതിയുടെ കാരണവുമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
അതിനാൽ സാമൂഹിക നവീകരണ പ്രക്രിയ അതിദ്രുതം പുരോഗമിക്കേണ്ടിയിരിക്കുന്നു. അപ്രകാരം സമൂഹത്തിൽ വ്യക്തികൾ പൂർണ്ണതയും മോക്ഷവും കണ്ടെത്തട്ടെ. രോഗഗ്രസ്തമായ സമൂഹത്തെ സദാ മാറ്റിമറിച്ചുകൊണ്ട് ചലനാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം സമൂഹം വ്യക്തികളുടെ സർവ്വവിധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള നന്മയും കഴിവും ആർജ്ജിച്ചെടുക്കട്ടെ. മോക്ഷവും കൈവല്യവും ഏതാനും പേർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, മറിച്ച് അത് സമൂഹത്തിലെ സകലർക്കും അവകാശപ്പെട്ടതാണെന്ന സത്യം നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു . വ്യക്തികളെ ഉപദേശിക്കുവാനും അവരെ ആന്തരികമായി നന്നാക്കുവാനും മാത്രമേ ആചാര്യന്മാർ നാളിതുവരെ പരിശ്രമിച്ചിട്ടുള്ളൂ. എന്നാൽ വരും കാലങ്ങളിൽ സമൂഹത്തെ തിരുത്തിക്കൊണ്ട് വ്യക്തികളെ ഒന്നടങ്കം നല്ലവരും, ശ്രേഷ്ഠരും, മഹാന്മാരുമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾ നടന്നു തുടങ്ങും. കുറ്റമറ്റതും പരിപൂർണ്ണവുമായ ഒരു സാമൂഹികവ്യവസ്ഥിതിയിൽ, വ്യക്തികൾക്കുണ്ടാകാവുന്ന ബാഹ്യവും ആന്തരികവുമായ സംഘട്ടനങ്ങൾ (Conflicts) തിരോഭവിക്കുകയും അവരിലെ ആന്തരിക ശക്തികൾ ഉണർന്നു തുടങ്ങുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply