ബിനോയ് എം. ജെ.

സമൂഹത്തെ നന്നാക്കുവാൻ നിങ്ങളുടെ സഹായം ആവശ്യമാകത്തക്കവണ്ണം ഈശ്വരൻ നിസ്സഹായ അവസ്ഥയിലല്ല. നിങ്ങൾ പാടുപെട്ട് സമൂഹത്തെ നന്നാക്കത്തക്കവണ്ണം സമൂഹം ഗതി കിട്ടാതെ അലയുകയുമല്ല. സമൂഹം എക്കാലത്തും പരിപൂർണ്ണമാണ്. അത് ഇന്നലെയും ഇന്നും നാളെയും പരിപൂർണ്ണം തന്നെ. ഇത് നാമൊരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. ‘സമൂഹത്തെ നന്നാക്കാതെ എങ്ങനെയാണ് സമൂഹം നന്നാകുന്നത്’ എന്ന് നാം ചോദിക്കുന്നു. ഇവിടെ സമൂഹത്തെ നന്നാക്കിയിട്ടും എന്തുകൊണ്ടാണ് സമൂഹം നന്നാവാത്തത് എന്നൊരു മറു ചോദ്യം ഞാൻ ചോദിക്കുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യൻ സമൂഹത്തെ നന്നാക്കുകയാണ്. ഇതുവഴി സമൂഹത്തിൽ ചില മാറ്റങ്ങൾ വരുന്നുവെന്നല്ലാതെ മനുഷ്യന്റെ ആനന്ദത്തിലും ആഹ്ളാദത്തിലും പുരോഗതി ഒന്നും കാണുന്നില്ല. പുരാതന മനുഷ്യൻ എപ്രകാരം ദുഃഖിതനായിരുന്നുവോ അപ്രകാരം തന്നെ ആധുനിക മനുഷ്യനും ദുഃഖിതനാണ്. താനോടിക്കുന്ന കാർ നിയന്ത്രണം വിട്ടു പായുമോയെന്നും, താനിരിക്കുന്ന കോൺക്രീറ്റ് സൗധം ഭൂമികുലുക്കത്തിൽ ഇടിഞ്ഞ് താഴെ വീഴുമോയെന്നും, താനുപയോഗിക്കുന്ന കംപ്യൂട്ടർ പൊടുന്നനവേ നിലച്ചുപോകുമോയെന്നും ആധുനിക മനുഷ്യൻ വേവലാതിപ്പെടുന്നു. വാസ്തവത്തിൽ പുരോഗതിയും അധോഗതിയും ഇവിടെയില്ല. പരിപൂർണ്ണമായ ഒരു സത്തയിൽ എങ്ങനെയാണ് പുരോഗതിയും അധോഗതിയും സംഭവിക്കുക?കുഴപ്പം പറ്റിയിരിക്കുന്നത് നമ്മുടെ വീക്ഷണകോണത്തിലും മനോഭാവത്തിലുമാണ്; ബാഹ്യലോകത്തിൽ അല്ല. നിങ്ങൾ ബാഹ്യലോകത്തിൽ കുറ്റം കാണുന്നുണ്ടെങ്കിൽ, ആ കുറ്റം ബാഹ്യലോകത്തിൽ അല്ല; മറിച്ച് നിങ്ങളുടെ കണ്ണുകളിലാണ്. പരിപൂർണ്ണമായ ഈ ലോകത്തിൽ അപൂർണ്ണത ആരോപിച്ചുകൊണ്ട് നിങ്ങൾ അതിനെ നന്നാക്കുവാൻ ശ്രമിക്കുമ്പോൾ പുതിയ പുതിയ അപൂർണ്ണതകൾ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അത് എന്നെങ്കിലും പരിപൂർണ്ണമാകുമായിരുന്നുവെങ്കിൽ പിന്നീട് പുരോഗതി അസാധ്യമാകുമായിരുന്നു. എന്നാൽ നാം അങ്ങനെയല്ല കാണുന്നത്. ഒരു പ്രശ്നം മാറുമ്പോൾ പുതിയ ഒരു പ്രശ്നം ആ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു കഴിയുന്നു. ഇതൊരിക്കലും പൂർണ്ണമാകുന്നതായി നാം കാണുന്നില്ല. കാരണം അപൂർണ്ണത കിടക്കുന്നത് നമ്മിലും നമ്മുടെ കാഴ്ചപ്പാടിലുമാണ്. അത് മാറാത്തിടത്തോളം കാലം പൂർണ്ണത ഇവിടെ സംഭവിക്കുകയില്ല. അത് മാറുന്ന നിമിഷം നമുക്കിവിടെ പൂർണ്ണത അനുഭവപ്പെടുന്നു. പിന്നീട് നാം പരമാനന്ദത്തിലാണ്.സമൂഹത്തിന് നിങ്ങളെ ഒട്ടും തന്നെ ആവശ്യമില്ല; കാരണം അത് ഇപ്പോൾ തന്നെ പരിപൂർണ്ണമാണ്.

സമൂഹത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന ചിന്തയെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കുവിൻ. നമുക്ക് ചെയ്യുവാനുള്ളത് ആകെ കൂടി ഒരു കാര്യം മാത്രമാണ്. ജീവിതം പരമാവധി ആസ്വദിക്കുവിൻ. ഇവിടം പരിപൂർണ്ണമാണെങ്കിൽ പിന്നെന്താണിവിടെ ആസ്വാദനത്തിന് തടസ്സമായി നിൽക്കുന്നത്? നിങ്ങൾ വിനോദങ്ങളിൽ ഏർപ്പെടുന്നതും, അറിവ് സമ്പാദിക്കുന്നതും, ജോലി ചെയ്യുന്നതും എല്ലാം ആസ്വാദനത്തിനു വേണ്ടി മാത്രം. മറ്റൊരു ലക്ഷ്യം അവിടെ ഉണ്ടാകുവാൻ പാടില്ല. അപ്പോൾ അവിടെ നിഷ്കാമകർമ്മം സംഭവിക്കുന്നു. ജീവിതം ഒരാനന്ദലഹരിയായി മാറുന്നു.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റമാരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുമ്പോൾ സമൂഹം തിരിച്ച് നിങ്ങളെയും തിരുത്തുന്നു. ഇത് അവസാനമില്ലാത്ത ഒരു വഴക്കായി മാറുന്നു. സമൂഹവുമായുള്ള ഈ വഴക്കും അവിശുദ്ധ കൂട്ടുകെട്ടും ചത്താലും തീരുകയില്ല. അതുകൊണ്ടാണ് നിങ്ങൾ വീണ്ടും ഇവിടെ തന്നെ പുനർജ്ജനിക്കുന്നത്. അതിനാൽ ജഗത്തുമായുള്ള സംഗം വെടിയുവിൻ! സമൂഹം നിങ്ങളെ തിരുത്തുന്നതിനൊപ്പം നിങ്ങൾ സ്വയം തിരുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റ് പറ്റിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ പിന്നെ എന്തു തിരുത്തലാണവിടെ വേണ്ടത്? നിങ്ങൾ ഇപ്രകാരം സ്വയം തിരുത്തുമ്പോൾ നിങ്ങളുടെ ആത്മാവിഷ്കാരം തടസ്സപ്പെടുകയും അവിടെ അസ്വസ്ഥത ജനിക്കുകയും ചെയ്യുന്നു. ഈ സ്വയം തിരുത്തലിലും ആത്മവിമർശനത്തിലും സമൂഹത്തിൽ നമുക്ക് വേണ്ടി അൽപം സ്ഥലം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. നമുക്ക് സമൂഹത്തെ ഉപേക്ഷിക്കുവാൻ വയ്യ. നമുക്കിവിടെ തന്നെ സദാ കഴിയണം. നിങ്ങൾ സത്യമായും പരിപൂർണ്ണമാണെങ്കിൽ പിന്നെ സമൂഹത്തിന്റെ ആവശ്യം എന്താണ്? സമൂഹം പിണങ്ങുന്നെങ്കിൽ പിണങ്ങി കൊള്ളട്ടെ! പോകുന്നുവെങ്കിൽ പൊയ്ക്കൊള്ളട്ടെ! ഏകാന്തതയിൽ കഴിയുവാൻ പരിശീലിക്കുവിൻ. ഇപ്രകാരം സമൂഹത്തെ വലിച്ചെറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പൂർണമായ ആവിഷ്കാരം കിട്ടൂ. അപ്പോൾ മാത്രമേ നിങ്ങൾ സത്യത്തിലുള്ള നിങ്ങളാവൂ. അതുവരെ നിങ്ങൾ മറ്റാരോ ആകുവാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്.

അതിനാൽ സമൂഹത്തെ വലിച്ചെറിയുവാനുള്ള തന്റേടം കാട്ടുവിൻ. കാരണം നിങ്ങൾക്ക് സമൂഹത്തെ ആവശ്യമില്ല. ഇപ്രകാരം സമൂഹവുമായുള്ള കൂട്ടുകെട്ടിനെ അറുത്തുമാറ്റുമ്പോൾ നിങ്ങൾ മോക്ഷപ്രാപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് ഏതു നിമിഷവും ഈ ലോകത്തെ ഉപേക്ഷിക്കുവാൻ കഴിയുമെന്ന സ്ഥിതി വരുന്നു. അപ്പോൾ മാത്രമേ നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുന്നുള്ളൂ. അതുവരെ നിങ്ങൾ സമൂഹവുമായി ബന്ധനത്തിലാണ്. നിങ്ങൾ സമൂഹത്തിന്റെ അടിമയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120