ബിനോയ് എം. ജെ.

മനുഷ്യൻ സദാ പൂർണ്ണത അന്വേഷിക്കുന്നു. വിവാഹം കഴിക്കാത്തയാൾ താൻ വിവാഹിതനാകുമ്പോൾ പൂർണ്ണനാകുമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ വിവാഹിതനാകുമ്പോൾ താനിതുവരെ അനുഭവിച്ചില്ലാത്ത പുതിയ പല പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ പ്രവേശിക്കുന്നതായി അയാൾ കാണുന്നു. ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന സത്യം അയാൾ മനസ്സിലാക്കുന്നു. ദരിദ്രനാവട്ടെ സമ്പത്ത് വന്നു ചേരുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ സമ്പത്ത് കൈവരുമ്പോൾ കൂടെ അസ്വസ്ഥതകളും വന്നുചേരുന്നു. അപ്പോൾ അയാൾ ദാരിദ്ര്യത്തിന്റെ പഴയ ദിനങ്ങളെ കൊതിയോടെ അനുസ്മരിക്കുന്നു. ഇപ്രകാരം ജീവിത്തിലെ പലതരത്തിലുള്ള നിഷേധാത്മകമായ അനുഭവങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകുമ്പോൾ ‘പൂർണ്ണത’ എന്നൊന്നുണ്ടോ എന്ന ശക്തമായ സംശയം നമ്മെ വേട്ടയാടിത്തുടങ്ങുന്നു. പൂർണ്ണതയുണ്ടെങ്കിൽ അതെവിടെയാണ് കിടക്കുന്നത്? അതിനെ നാം പല ജന്മാന്തരങ്ങളിലൂടെ പരതിയിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ഇനി പൂർണ്ണതയില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്?

ചെറുപ്പം മുതലേ നാം പുറത്തേക്ക് നോക്കുവാൻ പഠിക്കുകയും ശീലിക്കുകയും ചെയ്തുപോരുന്നു. ഈ കാണുന്ന ശരീരവും ബാഹ്യപ്രപഞ്ചവും മാത്രമേ സത്യമായുള്ളൂ എന്ന് ഭൗതികവാദത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ചിന്താപദ്ധതി നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ ജീവിതത്തിന്റെ അർത്ഥവും ജീവിതത്തിന്റെ പൂർണ്ണതയും മറ്റും നാം ബാഹ്യലോകത്തിൽ തന്നെ അന്വേഷിക്കുന്നു. അതുകൊണ്ടാണ് വിവാഹത്തിനും, വിദ്യാഭ്യാസത്തിനും, പണത്തിനും മറ്റും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുമെന്ന് നാം കരുതുന്നത്.മരണത്തിന് അപ്പുറം ഒരു ജീവിതമില്ലെന്ന് ശാസ്ത്രം പറയുമ്പോഴും പൂർണ്ണരാകുവാനുള്ള അടക്കാനാവാത്ത ആഗ്രഹം മരണത്തിനപ്പുറവും ഒരു ജീവിതത്തെ സൃഷ്ടിക്കുവാനും അവിടെ പൂർണ്ണതയെ പ്രതിഷ്ഠിക്കുവാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ അന്വേഷണവും, പ്രയത്നങ്ങളും, ജീവിതം തന്നെയും പൂർണ്ണതയെ ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. എന്നാൽ ഈ ദിശയിൽ അവന് അടിക്കടി ഉണ്ടാകുന്ന പരാജയങ്ങൾ അങ്ങനെ ഒരു സങ്ഗതിയുടെ അസ്ഥിത്വത്തെപോലും ചോദ്യം ചെയ്യുവാനും പിടിച്ചു കുലുക്കുവാനും പോന്നവയാണ്. ഈ വ്യർത്ഥതയിൽ നിന്നുമാണ് ആധുനിക മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ജന്മമെടുക്കുന്നത്.

പൂർണ്ണതയിൽ എത്തുന്നതിൽ മനുഷ്യൻ സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിക്കുകയും എന്നാൽ അതിൽ പരാജയപ്പെട്ടു വരികയും ചെയ്യുന്നു . അതിനാൽ തന്നെ മരണം അവന് എന്നും ഒരു പേടിസ്വപ്നമാണ്. മരിക്കുന്നതിന് മുമ്പേ പൂർണ്ണതയിൽ എത്തണം. അപ്പോൾ മരണം തന്നെ അവിടെ നിന്നും തിരോഭവിക്കുമെന്നും അവനറിയാം. ഇപ്രകാരം മരണത്തെ ഒഴിവാക്കികൊണ്ട് പൂർണ്ണനാകുവാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ അവിഭാജ്യഭാഗമായ ആ സത്തയെ – മരണത്തെ – അവൻ തള്ളിക്കളയുകയും അത് പൂർണ്ണതയിൽ എത്തുന്നതിൽ നിന്നും അവനെ തടയുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത ആശയക്കുഴപ്പം തന്നെയാണ്. വാസ്തവത്തിൽ ജീവിതത്തിന്റെ പൂർണ്ണത മരണത്തിലാണ് കിടക്കുന്നത്. രാവും പകലും ചേർന്ന് ഒരു ദിവസം ഉണ്ടാകുന്നതുപോലെ ജീവിതവും മരണവും കൂടിച്ചേരുമ്പോഴാണ് മനുഷ്യന്റെ അസ്ഥിത്വം പൂർണ്ണമാകുന്നത്. അല്ലെങ്കിൽ മരണത്തെ സ്വന്തം അസ്ഥിത്വത്തിൽ നിന്നും തള്ളിക്കളയുന്നതുകൊണ്ടാണ് അവന്റെ അസ്ഥിത്വം അപൂർണ്ണമായി തുടരുന്നത്. മരണം ഒരു പച്ചയായ യാഥാർഥ്യമായി മുന്നിൽ കിടക്കുമ്പോഴും മനുഷ്യൻ അതിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുമ്പോൾ മരണം അവിടെനിന്നും തിരോഭവിക്കുകയില്ലെന്ന് മാത്രമല്ല, അത് ഒരു ഭൂതത്തെപോലെ നമ്മെ സദാ വേട്ടയാടുകയും ചെയ്യും. മരണത്തോടുള്ള ഈ ഭയവും വിരക്തിയും നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുകയും നാം പൂർണ്ണതയിൽ നിന്നും തെറിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ്. പൂർണ്ണനാവുക എന്നത് നാം കരുതുന്നതുപോലെ അത്ര സങ്കീർണ്ണമായതോ അസാധ്യമായതോ ആയ കാര്യവുമല്ല. നാമെന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിക്കുന്നുവോ അതിലേക്ക് തന്നെ ഓടിയടുക്കുവിൻ! നാം എന്തിനെ വെറുക്കുന്നുവോ അതിനെ തന്നെ സ്നേഹിച്ചു തുടങ്ങുവിൻ! അതെ! മരണത്തെ ആസ്വദിച്ചു തുടങ്ങുവിൻ! അപ്പോൾ ജീവിതത്തെ പോലെ മരണവും നമ്മുടെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്ന് നാമറിയുകയും നാം സാവധാനം പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. അവിടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം തിരോഭവിക്കുകയും നാം ഈശ്വരസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ജീവിതത്തിന്റെ തന്നെ ആവശ്യമില്ല. ജീവിതം ഇല്ലാത്തിടത്ത് മരണവും ഇല്ല.

നാം ചെറുപ്പം മുതലേ തെറ്റായ കാര്യങ്ങൾ പഠിച്ചു വരുന്നു. അൽപനേരത്തേക്ക് ഏകാന്തതയിലേക്ക് ഒന്ന് പിൻവാങ്ങിയാൽ അത് അനാരോഗ്യകരമാണെന്ന് സമൂഹം പറയുന്നു. അൽപനേരത്തേക്ക് ഏകാന്തതയിൽ ഇരിക്കുവാൻ ഭയപ്പെടുന്നവൻ എങ്ങനെയാണ് മരണത്തെ ആസ്വദിക്കുക? മരണമാവട്ടെ അനന്തമായ ഏകാന്തതയും. സമൂഹത്തെ അള്ളിപ്പിടിച്ചാൽ മരിക്കുകയില്ലെന്ന തെറ്റായതും വികലമായതുമായ ഒരു തത്വം നാമറിയാതെ നമ്മുടെ മനസ്സിൽ ചേക്കറുന്നു. അതുകൊണ്ടാണ് നാം സമൂഹത്തിന്റെ പിറകേ ഈ ഓടുന്നത്. സമൂഹത്തിന് നമ്മെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയില്ല. കഴിയുമെന്ന് അത് വ്യാജം പറയുകയാണ്. ശരിക്കും മരണം അടുത്തുവരുമ്പോഴേക്കും സമൂഹം നമ്മെ കയ്യൊഴിയുകയും ചെയ്യും. അതിനാൽ സമൂഹത്താൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.

നിങ്ങളെ രക്ഷിക്കുവാൻ സമൂഹത്തിന് ആവില്ലെങ്കിലും നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയും. ആ കഴിവിനെ ഉണർത്തിയെടുക്കുവിൻ! മരണത്തെ ആവോളം മനസ്സിൽ ധ്യാനിക്കുവിൻ! അതിനെ ആസ്വദിക്കുവാൻ പഠിക്കുവിൻ! ഇപ്രകാരം പടിപടിയായി മരണത്തിലേക്ക് ചുവടുവയ്ക്കുവാനുള്ള മന:ക്കരുത്ത് നിങ്ങൾ സമ്പാദിക്കുന്നു. മാനസികമായി നിങ്ങൾക്ക് മരണത്തിലൂടെ കടന്നുപോകുവാൻ കഴിയും. അതിനെ ‘സമാധി’ എന്നാണ് പറയുക. അവിടെ മരണം അനന്തദു:ഖമല്ല, മറിച്ച് അനന്താനന്ദമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120