ബിനോയ് എം. ജെ.

മനുഷ്യൻ എന്തിന് വേണ്ടി ജീവിക്കുന്നു? തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകുവാൻ വേണ്ടി ജീവിക്കുന്നു. അവ സഫലമായിക്കിട്ടുവാൻ വേണ്ടി ഏതുതരം ക്ലേശങ്ങളിലൂടെയും കടന്നു പോകുവാൻ അവന് മടിയില്ല. കാരണം അവ സഫലമായി കഴിയുമ്പോൾ ലഭിക്കുന്ന മാനസികമായ സംതൃപ്തി ഒന്ന് വേറെയാണ്. രാവിനെ പകലാക്കി പഠനം നടത്തുന്ന വിദ്യാർത്ഥിയുടെയും രാപകൽ അത്വദ്ധ്വാനം ചെയ്യുന്ന കുടുബനാഥന്റെയും ലക്ഷ്യം അവരുടെ കർമ്മം നൽകുന്ന സംതൃപ്തിയേക്കാൾ ഉപരിയായി അവരുടെ ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ കിട്ടുന്ന മാനസികമായ സംതൃപ്തി തന്നെയാണെന്ന് സ്പഷ്ടം. ചെറുപ്പം മുതലേ കായികപരിശീലനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി അത്വദ്ധ്വാനം ചെയ്യുന്ന കായികതാരത്തിന്റെ ജീവിതത്തിന്റെ ആകമാനം പ്രചോദനം ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുന്ന ഏതാനും നിമിഷങ്ങളിലെ സന്തോഷമായിരിക്കും. ഇപ്രകാരം സമൂഹത്തിലെ ഓരോ വ്യക്തിയും, സമൂഹം ആകമാനവും ചില ലക്ഷ്യങ്ങളെ താലോലിക്കുകയും അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കുകയും ചെയ്യുന്നു.

ഇപ്രകാരം ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ അനിർവ്വചനീയമായ ഒരു സംതൃപ്തി നമുക്ക് ലഭിക്കുന്നു. ഇനി ലക്ഷ്യങ്ങൾ സഫലമാകാതെയിരുന്നാലോ? അവിടെ കളി മാറുന്നു. അപ്പോൾ ഉണ്ടാകുന്ന മാനസികമായ ആഘാതവും, ദുഃഖവും, നിരാശയും – ഹോ! സങ്കല്പിക്കുവാൻ പോലും കഴിയുന്നില്ല. ഇനി ലക്ഷ്യങ്ങൾ സഫലമാകുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അങ്ങനെ ഒരു ഉറപ്പുണ്ടായിരുന്നുവെങ്കിൽ പിന്നെ ആ ലക്ഷ്യത്തിന് എന്തു വില? അതായത് നമ്മുടെ ജീവിതം വളരെ ഉയർന്ന റിസ്കിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്ഷുബ്ധതകൾ നമുക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് നമ്മുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും സദാ സംഘർഷഭരിതമായി മാറുന്നത്. ഈ പ്രക്ഷുബ്ധതകളെ ഇഷ്ടപ്പെടാത്തവർക്ക് അവക്ക് പകരം വയ്ക്കുവാനായി മറ്റെന്തെങ്കിലും ജീവിതശൈലിയോ ജീവിത വീക്ഷണമോ ഉണ്ടോ എന്ന് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഈ പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം ഒരു മോചനം! സുഖദു:ഖങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ! അനന്തമായ ശാന്തിയും സമാധാനവും – അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഇവിടെ മന:ശ്ശാസ്ത്രം നമ്മുടെ സഹായത്തിനെത്തുന്നു. ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ ലഭിക്കുന്ന ആന്തരികമായ സംതൃപ്തി അവ സഫലമാകാതെ തന്നെ നമുക്ക് ആർജ്ജിച്ചെടുക്കുവാൻ സാധിക്കും. മനുഷ്യന് മാത്രമായുള്ള മാനസികമായ ഒരു കഴിവ് – സങ്കൽപശക്തി – ഇവിടെ നമ്മെ സഹായിക്കുന്നു. ലക്ഷ്യങ്ങൾ സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. നിങ്ങളുടെ ലക്ഷ്യം എന്തുമായികൊള്ളട്ടെ, അത് എത്രമാത്രം ഉന്നതമോ അസാദ്ധ്യമോ ആയിക്കൊള്ളട്ടെ – അതിന്റെ പ്രായോഗികതയെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടുകയേ വേണ്ട. നിങ്ങൾക്ക് ഒരാഗ്രഹം ഉണ്ടെങ്കിൽ അത് സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. എല്ലാ പ്രവൃത്തികളെയും പരിശ്രമങ്ങളെയും ദൂരെ എറിഞ്ഞ് നിങ്ങൾ ധ്യാനത്തിൽ മുഴുകുവിൻ. നിങ്ങൾ ആവോളം ധ്യാനിച്ചു കഴിയുമ്പോൾ ആ ആഗ്രഹം യാഥാർഥ്യത്തിൽ സഫലമാകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഉന്നതമായ ഒരാന്തരികസംതൃപ്തിയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. ഇപ്രകാരം നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നതായോ, അത്യുന്നതമായ അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതായോ, വലിയ പേരും പ്രശസ്തിയും നേടിയെടുക്കുന്നതായോ എന്തിന് ചന്ദ്രനിൽ പോകുന്നതായോ, സ്വർഗ്ഗം സന്ദർശിക്കുന്നതായോ – എന്തും സങ്കല്പിക്കാം. ഈ ധ്യാനത്തിൽ ആവോളം മുഴുകുമ്പോൾ നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന ആന്തരികമായ സംതൃപ്തി അവ യാഥാർത്ഥ്യമാകുമ്പോൾ കിട്ടുന്ന സംതൃപ്തിക്കുമുപരിയാണ്. മാത്രവുമല്ല നിങ്ങൾക്ക് ഒട്ടും തന്നെ ക്ലേശിക്കേണ്ടതായി വരുന്നുമില്ല. ഈ വിധത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും അവയുടെ പരിപൂർണ്ണ സംതൃപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് മോക്ഷവും സിദ്ധിക്കുന്നു.

ബാഹ്യലോകത്തിന് മനുഷ്യന്റെ ആന്തരിക സങ്കൽപങ്ങളെ എത്രമാത്രം യാഥാർത്ഥ്യവത്കരിക്കുവാനുള്ള കഴിവുണ്ട്? നമ്മുടെ സങ്കൽപങ്ങളിൽ തൊണ്ണൂറു ശതമാനവും അടിച്ചമർത്തപ്പെട്ടു പോകുന്നു. കാരണം അവ ഒരിക്കലും സഫലമാവില്ലെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നമുക്കിത്രമാത്രം വിരസത അനുഭവപ്പെടുന്നത്. ഇനി ശേഷിക്കുന്ന പത്തു ശതമാനം സഫലമായാലോ? അവ സംതൃപ്തിയോടൊപ്പം അസംതൃപ്തിയും കൊണ്ടുവന്ന് തരുന്നു. ഈ വിധത്തിൽ മനുഷ്യന്റെ ബാഹ്യജീവിതം എന്നും ഒരു പരാജയം തന്നെ. മറിച്ച് ധ്യാനത്തിൽ മുഴുകുന്ന യോഗിയാവട്ടെ എല്ലാ അഭിലാഷങ്ങളിലും സംതൃപ്തിയടഞ്ഞ് വിജയശ്രീലാളിതനായി മടങ്ങുന്നു.

നിങ്ങളുടെ സങ്കൽപങ്ങൾ യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരാതിരിക്കട്ടെ. സങ്കൽപവും യാഥാർത്ഥ്യവും രണ്ടും രണ്ടാണ്. പരീക്ഷയിൽ ജയിക്കുന്നതായി ഒരു വിദ്യാർത്ഥി സദാ സ്വപ്നം കാണുന്നു. എന്നാൽ അവൻ പരീക്ഷയിൽ തോൽക്കുന്നു. മറ്റൊരാൾ ധനം സമ്പാദിക്കുന്നതായി സ്വപ്നം കാണുന്നു. എന്നാൽ അയാൾ അതിൽ പരാജയപ്പെടുന്നു. ഇങ്ങനെ വലിയ മനോസംഘർഷങ്ങൾ നമ്മുടെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെയെല്ലാം തന്നെ സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ സംഘട്ടനത്തിൽ വരുന്നു. അവ കൂടി കലരാതെ സൂക്ഷിച്ചു കൊള്ളുവിൻ. സങ്കൽപത്തിന് സങ്കൽപത്തിന്റെ മണ്ഠലം, യാഥാർത്ഥ്യത്തിന് യാഥാർഥ്യത്തിന്റെ മണ്ഠലം. സങ്കൽപങ്ങളെല്ലാം യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കാതിരിക്കുവിൻ. യാഥാർത്ഥ്യമാകുന്നവയേ സങ്കൽപിക്കാവൂ എന്നും വാശിപിടിക്കാതിരിക്കുവിൻ. സങ്കൽപത്തിനുവേണ്ടി സങ്കല്പിക്കുവിൻ! ആ സങ്കൽപം സമ്മാനിക്കുന്ന മനോസംതൃപ്തിക്കുവേണ്ടി മാത്രം സങ്കല്പിക്കുവിൻ. അപ്പോൾ സങ്കൽപം അതിനാൽതന്നെ മനോഹരവും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തവും ആണെന്ന് കാണാം. ഒരിക്കലും സങ്കല്പങ്ങൾ യാഥാർത്ഥ്യം അവണമെന്ന് ആഗ്രഹിക്കരുത്. ഈ ‘ആഗ്രഹം’ തന്നെയാണ് മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. മറിച്ച് യാഥാർത്ഥ്യം ആകുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സദാ സങ്കല്പിച്ച് സംതൃപ്തി അടയുവിൻ. ഇപ്രകാരം യാഥാർഥ്യത്തിന്റെ പരിമിതികളെ സങ്കൽപം ഉപയോഗിച്ച് പരിഹരിക്കുവിൻ! അങ്ങനെ അനന്തമായ മാനസിക സംതൃപ്തിയിലേക്കും നിർവ്വാണത്തിലേക്കും പ്രവേശിക്കുവാൻ നിങ്ങൾക്ക് കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120