ബിനോയ് എം. ജെ.
ആസ്വാദനം ഒരു ജീവിതനിയമമാണ്. നിങ്ങൾ ജീവിതം ആസ്വദിക്കുന്നയാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. മറിച്ചാണെങ്കിൽ നിങ്ങൾ പരാജയപ്പടുകയും ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിക്കുവിൻ. ജീവിതത്തിൽ ഉള്ള സകലതിനെയും ജീവിതത്തെ അതിന്റെ പൂർണ്ണതയിലും ആസ്വദിക്കുവിൻ. ചിലതിനെ മാത്രം ആസ്വദിക്കുകയും മറ്റു ചിലതിനെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആസ്വാദനം പരിമിതപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പരിമിതമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ പരിമിതിയാണ് മനുഷ്യനെ അപൂർണ്ണനാക്കുന്നത്. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് പൂർണ്ണനാകുവാൻ കഴിയും. അതത്ര കഠിനമായ കാര്യവുമല്ല. മറിച്ച് അതത്രമാത്രം അനായാസവും ആനന്ദദായകവുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കഠിനാധ്വാനം നിങ്ങളെ ഒരിക്കലും പൂർണ്ണനാക്കില്ല. കാരണം കഠിനാധ്വാനം എപ്പോഴും പരിമിതമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകിയയാണ്. അത് എപ്പോഴും ആഗ്രഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ സമ്പത്തിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അതാഗ്രഹിക്കും. നിങ്ങൾ പ്രശസ്തിയെയാണ് ആസ്വദിക്കുന്നതെങ്കിൽ നിങ്ങൾ പ്രശസ്തി ആഗ്രഹിക്കും. എന്നാൽ നിങ്ങൾ ജീവിതത്തിലുള്ള സകലതിനേയും ആസ്വദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ആഗ്രഹിക്കുവാൻ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങൾക്ക് അത് ആസ്വാദ്യകരവും സ്വീകാര്യമായിരിക്കും. അപ്പോൾ നിങ്ങളുടെ വ്യക്തിത്വം അനന്ത വികാസം പ്രാപിക്കുന്നു.
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. കുറെ കൂടി വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ അനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ പലതിനെയും വെറുക്കുന്നു. നിങ്ങൾ ജീവിതത്തിൽ എത്രയധികം കാര്യങ്ങളെ വെറുക്കുന്നുവോ അത്രയധികം ദുഃഖിതനുമായിരിക്കും. നമ്മുടെ സ്നേഹം സാർവ്വലൗകീകമാവേണ്ടിയിരിക്കുന്നു. മനുഷ്യരെ മാത്രം സ്നേഹിച്ചാൽ പോരാ. മൃഗങ്ങളെയും, സസ്യലതാദികളെയും, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയും, വെയിലിനെയും മഴയെയും, സാമൂഹിക ജീവിതത്തെയും, ഏകാന്തതയെയും, സുഖത്തെയും, ദുഃഖത്തെയും, സമ്പത്തിനെയും ദാരിദ്ര്യത്തെയും, വിജയത്തെയും, പരാജയത്തെയും, പ്രശംസയെയും, നിന്ദയെയും എന്നു വേണ്ട ജീവിതത്തിലും പ്രകൃതിയിലും എന്തെല്ലാം ഉണ്ടോ അതിനെയെല്ലാം സ്നേഹിക്കുമ്പോൾ നിങ്ങൾ അനന്തമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. പിന്നീടങ്ങോട്ട് ദു:ഖങ്ങൾക്കും ക്ലേശങ്ങൾക്കും നിങ്ങളെ ബാധിക്കുവാനാവില്ല. കാരണം നിങ്ങളെല്ലാറ്റിനെയും – ദുഃഖങ്ങളെയും ക്ലേശങ്ങളെയും പോലും – ആസ്വദിക്കുന്നു.
നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മനസ്സ്. ആത്മാവാകട്ടെ സ്നേഹത്തിന്റെയും, ആസ്വാദനത്തിന്റെയും, ആനന്ദത്തിന്റെയും ഉറവിടവുമാണ്. ‘സച്ചിദാനന്ദം’ എന്ന് നിങ്ങൾ കേട്ടിരിക്കും. അത് അസ്ഥിത്വം ( സത് ), അറിവ് ( ചിത് ), ആനന്ദം ഇവയുടെ സമ്മേളനമാണ്. സച്ചിതാനന്ദമാണ് ആത്മാവിന്റെ സ്വരൂപം. അനന്തമായ ആസ്വാദനം ആത്മാവിന്റെ സ്വഭാവമാണ്. അപ്പോൾ പിന്നെ ദുഃഖങ്ങളും, അനിഷ്ടങ്ങളും, പരിമിതികളും എവിടെ നിന്നും വരുന്നു? അവ മനസ്സിലാണ് കിടക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കേടുകളുടെയും, വെറുപ്പുകളുടെയും, നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സ്, അത്യന്തം ഭാവാത്മകവും സൂര്യനെക്കാൾ പ്രകാശവുള്ളതുമായ ആത്മാവിനെ മറച്ചു കളയുന്നു. എപ്രകാരമാണോ മഴമേഘങ്ങൾ സൂര്യനെ മറക്കുമ്പോൾ സൂര്യപ്രകാശത്തിന് മങ്ങലുണ്ടാകുന്നുവോ അപ്രകാരം മനസ്സ് ആത്മാവിനെ മറക്കുമ്പോൾ ആത്മാവിന്റെ അറിവിനും ആനന്ദത്തിനും മങ്ങലുണ്ടാവുകയും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമുക്ക് നന്നായി അറിവുള്ള കാര്യമാണ്. നാം ഉള്ളിലേക്ക് നോക്കുമ്പോൾ നാമവിടെ ഈശ്വരന് ( ആത്മാവിന് ) പകരം മനസ്സിനെ കാണുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് ആത്മാവിനെ മറച്ചു കളയുന്നു. ഞാനീ കാണുന്ന ശരീരവും മനസ്സും മാത്രമാണെന്ന് പാശ്ചാത്യർ പറയുന്നതിന്റെ പൊരുൾ ഇതാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിനെ അവിടെ നിന്നും നീക്കം ചെയ്യൂ. അപ്പോൾ അവിടെ ഈശ്വരനെ കാണുവാൻ കഴിയും. അതിൽ വിജയിക്കന്നവർ താൻ ഈശ്വരൻ തന്നെ എന്ന് ലോകസമക്ഷം ഭീതി കൂടാതെ പ്രഖ്യാപിക്കുന്നു. അവരാണ് ആത്മസാക്ഷാത്കാരം നേടിയവർ.
അതിനാൽ തന്നെ മനസ്സിനെ അലിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും വെല്ലുവിളിയും. നിഷേധാത്മകതയോടൊപ്പം ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കടന്നു കൂടിയിരിക്കുന്നു. ഈ ആഗ്രഹങ്ങളാവട്ടെ നിഷേധാത്മകതയുടെ തുടർച്ചയും മറുവശവുമാണ്. നിങ്ങൾ പണമോ, അധികാരമോ, പ്രശസ്തിയോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ അവയില്ലെന്നും, ആ നിഷേധാത്മകതയ്ക്കും, ദുഃഖത്തിനും, പരിമിതികൾക്കും ഒരു താത്കാലികമായ പ്രതിവിധി അല്ലെങ്കിൽ മറ എന്ന നിലയിൽ നിങ്ങളാ ആഗ്രഹങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തു പോരുന്നു. നിങ്ങളാ ആഗ്രഹങ്ങൾ നേടിയെടുത്താലും നിങ്ങളുടെ വ്യക്തിത്വം പഴയത് പോലെ തന്നെ തുടരുന്നു. നിങ്ങൾ അപ്പോഴും ദാരിദ്ര്യത്തെയും ലളിതജീവിതത്തെയും വെറുക്കുന്നു. ആ പരിമിതികൾ അതുപോലെ തന്നെ തുടരുന്നു. ഭാവാത്മകത എന്നാൽ ആഗ്രഹം എന്നല്ല അർത്ഥം വരുന്നത്. മറിച്ച് അത് ആഗ്രഹങ്ങളുടെയും അഭാവമാണ്. നിഷേധാത്മകതയിൽ നിന്നും ആഗ്രഹങ്ങൾ ജനിക്കുന്നതുപോലെ തന്നെ ആഗ്രഹങ്ങൾ കാലക്രമേണ നിഷേധാത്മകതയ്ക്ക് വഴിമാറുന്നു. അതുകൊണ്ട് “ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം” എന്ന് ശ്രീബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. ഇപ്രകാരം ആഗ്രഹങ്ങളുടെയും നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന നിഗമനത്തിലേക്ക് നമുക്ക് അനായാസം എത്തിച്ചേരുവാൻ കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply