ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

തമിഴ്നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.

2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.

1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.

1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?