ബിനോയ് എം. ജെ.

നാം പുറത്തേക്ക് നോക്കുമ്പോൾ ജഗത്തിനെ കാണുന്നു. ഈ ജഗത്താവട്ടെ നാനാത്വത്തിൽ അധിഷ്ഠിതവും, വൈരുധ്യങ്ങൾ നിറഞ്ഞതും, അപേക്ഷികവും ആണ്. അത് ദ്വൈതമാണ്. എവിടെ നോക്കിയാലും പ്രശ്നങ്ങൾ! ആ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാവാം. എന്നിരുന്നാലും ആ പരിഹാരങ്ങളും ശാശ്വതങ്ങളല്ല.ഇവിടുത്തെ സുഖദു:ഖങ്ങൾ പരിമിതങ്ങളാണ്. സുഖം ദു:ഖത്തിനും ദു:ഖം സുഖത്തിനും വഴിമാറുന്നു. എല്ലാം മാറി മറിയുന്നു. ശാശ്വതമായി യാതൊന്നുമില്ല. ഈശ്വരൻ എവിടെയോ തിരോഭവിച്ചിരിക്കുന്നു. ചിലർ ഈശ്വരൻ ഉണ്ടെന്ന് വാദിക്കുന്നു; ചിലർ ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നു. രണ്ടു കൂട്ടർക്കും സത്യസന്ധത പോരാ.ഈശ്വരൻ ഉണ്ടെങ്കിൽ അതിനെ ഒന്ന് കാട്ടിത്തരൂ… ഇല്ലെങ്കിൽ ഈ നാനാത്വത്തിന്റെ പിറകിലത്തെ ഏകത്വമെന്താണ്?

സംഘർഷഭരിതമായ ഈ ജഗത് എവിടെ നിന്നും വരുന്നു?അത് ഈശ്വരന്റെ സൃഷ്ടിയൊന്നുമല്ല. മറിച്ച് അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. മനസ്സുള്ളിടത്തൊക്കെ ജഗത്തും ഉണ്ട്. ജഗത് ഉള്ളിടത്തൊക്കെ മനസ്സും ഉണ്ട്. ജഗത്തിനെ ഇല്ലാതാക്കുവാനുള്ള കഴിവ് മനസ്സിനുണ്ട്. കാരണം ജഗത്തിന്റെ നിലനിൽപ്പ് നിങ്ങളുടെ മനസ്സിനെ ആശ്രയിച്ചാണ് കിടക്കുന്നത്. മനസ്സ് എല്ലാറ്റിനെയും വിഭജിക്കുന്നു. അത് മനസ്സിന്റെ പ്രകൃതമാണ്. മനസ്സ് അദ്വൈതത്തെ വിഭജിച്ച് ദ്വൈതമാക്കുന്നു. ഒന്നിനെ വിഭജിക്കുമ്പോൾ രണ്ടുണ്ടാകുന്നു. രണ്ടിൽ നിന്നും നാനാത്വം ജനിക്കുന്നു. ഇപ്രകാരം മനസ്സ് ജഗത്തിന് രൂപം കൊടുക്കുന്നു. പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. അവ ഒരിക്കലും അവസാനിക്കുന്നില്ല. പ്രശ്നങ്ങളെ നേരിട്ട് മനുഷ്യന്റെ മനസ്സ് കല്ലുപോലെ ആയിരിക്കുന്നു. ഭൂരിപക്ഷം ആളുകളും ജീവിതം മടുത്തു. ഇതിൽ നിന്നൊക്കെ ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങിനെ സാധിക്കും? ഇതൊരു വലിയ ചോദ്യമാണ്. ജഗത്തിനെ ജയിക്കുക! നാനാത്വത്തെ ജയിക്കുക! ദ്വൈതത്തെ ജയിക്കുക! മനസ്സിനെ ജയിക്കുക! ചിന്തയെ ജയിക്കുക! മായ തിരോഭവിക്കുമ്പോൾ യഥാർത്ഥ സത്യം പ്രകാശിക്കുന്നു. ജഗത് തിരോഭവിക്കുമ്പോൾ ഈശ്വരൻ പ്രകാശിക്കുന്നു. രണ്ടില്ലാതാകുമ്പോൾ ഒന്ന് മാത്രം ശേഷിക്കുന്നു. ആ ശേഷിക്കുന്ന തത്വം നിങ്ങൾ തന്നെയാണ്.

‘ജഗത്’ എന്നു പറയുന്ന ഒന്നവിടില്ല. ഉള്ളത് ഈശ്വരൻ മാത്രം. ദുഃഖം ഒരു മിഥ്യയാണ്. ഉള്ളത് അനന്താനന്ദം മാത്രം. ഈശ്വരൻ എന്ന ആ ഭാവാത്മക സത്തയെ ഒന്നു കണ്ടാൽ മതി സകല ക്ലേശങ്ങളും തിരോഭവിക്കും. സുഖ- ദു:ഖങ്ങൾ ദ്വൈതമാണ്. അത് ജഗത്തിലേ ഉള്ളൂ; ഈശ്വരനിൽ ഇല്ല. പരിമിത സത്തയിൽ(ജഗത്തിൽ) അനന്താനന്ദം അസാധ്യം. അനന്ദ സത്തയിൽ(ഈശ്വരനിൽ) ദുഃഖങ്ങളും അസാധ്യം. ഈശ്വരനെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ഈശ്വരനെ കാണുമ്പോൾ ജഗത് തിരോഭവിച്ചുകൊള്ളും. പ്രശ്നവും അതിന്റെ പരിഹാരവും നിങ്ങളുടെ കാഴ്ചപ്പാടിൽ ആണ് കിടക്കുന്നത്. ഈശ്വരനെ കാണേണ്ടിടത്ത് ജഗത്തിനെ കാണുന്നതാണ് നമ്മുടെ പ്രശ്നം. രണ്ടുള്ളിടത്തൊക്കെ സംഘർഷവും ഉണ്ട്. പാശ്ചാത്യ ചിന്തകനായ ഹേഗൽ ഈ സംഘട്ടനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതൊരാശയത്തിനും (Thesis)എതിരായി മറ്റൊരാശയം(Anti-thesis) നിലനിൽക്കുന്നു. ഇവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും മൂന്നാമതൊരാശയം(Synthesis) ജന്മമെടുക്കുന്നു. എന്നാൽ ഈ പുതിയ ആശയത്തിനെതിരെയും ഒരു വിപരീതാശയം ജനിക്കുന്നു. അവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും പിന്നെയും പുതിയ ഒരാശയം ജനിച്ചു വീഴുന്നു. ഈ പ്രക്രിയ അനന്തമായി നീളുന്നു. ഈ സംഘട്ടനത്തിനും പ്രശ്നങ്ങൾക്കും എന്താണ് പരിഹാരം? രണ്ടിനെ തള്ളിക്കളയുവിൻ! അപരിമിതമായ ആ ഏക ആശയത്തെ അന്വേഷിക്കുവിൻ! നിങ്ങൾ പരിമിതമായ ഒരാശയത്തെ യാണ് തിരയുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. കാരണം എല്ലാ പരിമിതികളും മിഥ്യയാണ്.

ഒന്നിനെ കാണുമ്പോൾ മനസ് അത്യധികം ഏകാഗ്രമാകുന്നു. രണ്ടിനേയും, നാനാത്വത്തെയും കാണുമ്പോൾ നമ്മുടെ ഏകാഗ്രത തകരുന്നു. ഏകാഗ്രത തകരുമ്പോൾ സംഘർഷങ്ങൾ മനസ്സിൽ അരങ്ങേറുന്നു. മനസ്സിനെ സ്വരച്ചേർച്ചയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അവിടെ നാം സ്വയം മറക്കുന്നു. പിന്നീട് നിങ്ങളെ ബാധിക്കുവാൻ ജഗത്തിനാവില്ല. ജഗത് നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ്. നിങ്ങൾ ജഗത്തിനെ കാണുന്നതുകൊണ്ടാണ് അത് നിങ്ങളെ ബാധിക്കുന്നത്. ഇല്ലാത്ത ഒരു സത്തയ്ക്ക് ജന്മം കൊടുത്താൽ അത് ഒരു ഭൂതം പോലെ നിങ്ങളെ ബാധിക്കുകയും പിന്തുടരുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അദ്വൈതവും ദ്വൈതവും തമ്മിലുള്ള വ്യത്യാസം അനന്താനന്ദവും അനന്ത ദുഃഖവും തമ്മിലുള്ള വ്യത്യാസമാണ്. അവ സ്വർഗ്ഗവും നരകവും പോലെ വ്യത്യസ്തങ്ങളാണ്. ഈശ്വരനെ അറിയുമ്പോൾ – അല്ല ഈശ്വരനാകുമ്പോൾ – അദ്വൈതം സാക്ഷാത്കരിക്കപ്പെടുന്നു. അവിടെ ക്ലേശങ്ങൾക്ക് ഒന്നെത്തിനോക്കുവാൻ പോലും കഴിയുന്നില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിലാണ്. അതിന്റെ സൗന്ദര്യം വർണ്ണനകൾക്കും അതീതമാണ്. അതിനെക്കുറിച്ച് പറയുവാൻ ഭാഷ അശക്തമാണ്. അവിടെ ഞാനെന്നും നീയെന്നുമുള്ള ഭേദഭാവനയില്ല. സമസ്തവും ഈശ്വരനിൽ ലയിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120