കൊച്ചി: എ പ്ലസ്‌ മണ്ഡലമെങ്കിലും സംസ്‌ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര പോരില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്‌ണന്‌ കെട്ടിവെച്ച കാശ്‌ പോലും കിട്ടില്ല. കെട്ടിവെച്ച കാശ്‌ തിരികെ ലഭിക്കാന്‍ പോള്‍ ചെയ്‌തതിന്റെ ആറിലൊന്നു വോട്ടു ലഭിക്കണമെന്നാണ്‌. ബി.ജെ.പിക്കു 9.57 ശതമാനം വോട്ടു മാത്രമാണു ലഭിച്ചത്‌. മുന്‍വര്‍ഷത്തെക്കാള്‍ വോട്ടും വോട്ടു ശതനമാവും കുറഞ്ഞതു കെ. സുരേന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കും. പി.സി. ജോര്‍ജിനെയും സുരേഷ്‌ ഗോപിയേയും കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക്‌ ഒരു നേട്ടവുമുണ്ടാക്കാനായില്ല.

യു.ഡി.എഫ്‌.-എല്‍.ഡി.എഫ്‌. നേര്‍ക്കുനേര്‍ പോരില്‍ ബി.ജെ.പിക്കു വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാര്‍ട്ടി കരുതിയിരുന്നില്ല. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.എന്‍. രാധാകൃഷ്‌ണനെന്ന മുതിര്‍ന്ന നേതാവിനെ ഇറക്കിയതു വലിയ പോരാട്ടത്തിനു തന്നെയായിരുന്നു. രാധാകൃഷ്‌ണന്‍ കാടടച്ചു പ്രചരണം നടത്തിയിട്ടും ഫലംകണ്ടില്ല.

പി.സി. ജോര്‍ജിന്റെ അറസ്‌റ്റോടെ ഇരട്ടനീതി വാദം ക്രൈസ്‌തവ വോട്ട്‌ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ മാറ്റങ്ങള്‍ക്കു വഴിവക്കുമെന്നും ബി.ജെ.പി. പ്രതീക്ഷിച്ചു. പക്ഷേ, ജോര്‍ജിനെ ഇറക്കിയിട്ടും പ്രയോജനമുണ്ടായില്ല. 12957 വോട്ടു മാത്രം. കഴിഞ്ഞ തവണ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി നേടിയതു 15483 വോട്ട്‌. ട്വന്റി 20 സ്‌ഥാനാര്‍ത്ഥിയുണ്ടായിട്ടും അന്നുണ്ടാക്കിയ നേട്ടം ട്വന്റി 20 യുടെ അസാന്നിധ്യത്തില്‍ ആവര്‍ത്തിക്കാനായില്ല.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ ശത്മാനത്തിലും കുറവാണ്‌ ഇത്തവണ. 2016ല്‍ 15 ഉം 2021ല്‍ 11.37 ഉം ശതമാനമായിരുന്നു. ഇത്തവണ 9.57 ശതമാനം മാത്രം. തിരിച്ചടിക്കപ്പുറം ബി.ജെ.പിയെ ഞെട്ടിക്കുന്ന പാഠം കൂടിയാണു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌. തീവ്രനിലപാടുകളുടെ പരീക്ഷണശാലയാക്കി നേട്ടമുണ്ടാക്കാനുള്ള ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിജയിക്കില്ലെന്നു കാണിക്കുന്നു ഉപതെരഞ്ഞെടുപ്പ്‌ കണക്കുകള്‍. ക്രൈസ്‌തവ വോട്ട്‌ പിടിക്കാനുള്ള അടവെല്ലാം പൊളിയുന്നതും മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാനാകാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

തൃക്കാക്കരയില്‍ ക്രിസംഘികള്‍ എന്ന്‌ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ പിന്തുണ പോലും ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വോട്ടിംഗില്‍ ഫലിച്ചില്ല. തൃക്കാക്കര വാമനന്റെ മണ്ണാണ്‌. എന്നാല്‍ തൃക്കാക്കരയിലെ വാമന ക്ഷേത്രം മറ്റൊരു മണ്ഡലത്തിലും. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാക്കിയാണു കെ. സുരേന്ദ്രന്‍ എത്തിയത്‌. രാജഗോപാലിനുശേഷം നിയമസഭയിലെത്തുന്ന വ്യക്‌തി താനായിരിക്കുമെന്നും എ.എന്‍. രാധാകൃഷ്‌ണനും പറഞ്ഞു. വോട്ടു വിഹിതം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പി. ഉണ്ടാക്കിയില്ലെന്ന്‌ മാത്രമല്ല വോട്ടുകള്‍ കുറയുകയും ചെയ്‌തു.

തൃപ്പൂണിത്തുറയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അട്ടിമറി വിജയം നേടി. കൊച്ചിയിലെ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പിലും ജയിച്ചു. ഇതോടെ ബി.ജെ.പി. ക്യാമ്പ്‌ കൂടുതല്‍ ആവേശത്തിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പു സംസ്‌ഥാന അധ്യക്ഷനെ മാറ്റുമോ എന്ന അഭ്യൂഹങ്ങള്‍ ഉയരുമ്പോഴാണു കേരളത്തില്‍ നിന്നും ബി.ജെ.പിക്കുള്ള മറ്റൊരു തിരിച്ചടി..