ബിനോയ് എം. ജെ.

എല്ലാവരും തന്നെ ഓട്ടത്തിലാണ്. ഈ കാലങ്ങളിൽ ഓട്ടത്തിന്റെ വേഗത കൂടുന്നുവോ എന്നും സംശയം തോന്നുന്നു. വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലങ്ങളിൽ കാൽനടയായി ഓടുവാൻ പറ്റില്ലല്ലോ. ആധുനികകാലങ്ങളിൽ വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഓട്ടം ഒരു സാർവ്വലൗകിക പ്രതിഭാസമായി മാറിയിരിക്കുന്നു. എല്ലാവരും തന്നെ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റും വാങ്ങിക്കുന്നത് കൂടുതൽ വേഗത്തിൽ ഓടുവാൻ വേണ്ടിയാണ്. മനുഷ്യന് ഇരിപ്പുറക്കുന്നില്ല. സ്ട്രസ് അവന്റെ ശരീരത്തിലും മനസ്സിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ സ്ട്രെസ് എവിടെ നിന്നും വരുന്നു? ഉള്ളിൽ നിന്നോ പുറത്ത് നിന്നോ? വാസ്തവത്തിൽ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘർഷത്തിൽ നിന്നുമാണ് സ്ട്രസ് രൂപം കൊള്ളുന്നത്. ഉള്ളിൽ വസിക്കുന്ന ആത്മാവ് ഒന്നു പറയുന്നു സമൂഹം മറ്റൊന്ന് പറയുന്നു. അതങ്ങനെയാകുവാനെ തരമുള്ളൂ. കാരണം ആധുനിക മനുഷ്യൻ സദാ ആത്മാവിനെ തള്ളിപ്പറയുന്നു. അങ്ങിനെയൊന്നില്ല എന്നാണല്ലോ ശാസ്ത്രകാരന്മാരുടെ വാദം. അതുകൊണ്ടുതന്നെ ആ സത്ത സ്വാഭാവികമായും അടിച്ചമർത്തപ്പെട്ടു പോകും. അടിച്ചമർത്തപ്പെടുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആത്മാവിന് ആവിഷ്കാരം നഷ്ടപ്പെട്ടു പോകുന്നു. ഇത് മൂലം ജീവിതം അർത്ഥ ശൂന്യമായി മാറുന്നു. അവൻ സമൂഹത്തിന്റെ പുറകെ ഓടുവാൻ ശ്രമിച്ചാലും അത് അർത്ഥശൂന്യമാകുവാനെ വഴിയുള്ളൂ. അതങ്ങനെ ഒരു ദൈനംദിന പ്രതിഭാസമായി മാറുന്നു.

ആധുനിക മനുഷ്യൻ സമൂഹത്തിന്റെ പിറകെ വളരെയധികം ഓടുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ സമൂഹത്തിൽ മനുഷ്യജീവിതം വ്യർത്ഥമാണ്. അതുകണ്ടല്ലേ അവന് ഒരിടത്തും സംതൃപ്തി കണ്ടെത്തുവാൻ ആകാത്തത്. അവന്റെ താമസസ്ഥലവും ജോലിസ്ഥലവും സദാ മാറിക്കൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ഈ മാറ്റത്തിന്റെ മന:ശ്ശാസ്ത്രം എന്താണ്? അസംതൃപ്തി! ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച. എവിടെയോ പിഴവ്പറ്റിയിരിക്കുന്നു. എന്നാൽ എവിടെയാണ് പിഴവ് വന്നത്? ആർക്കും അറിഞ്ഞുകൂടാ. ജീവിതം വ്യർത്ഥമാണെന്ന് ഒടുവിൽ അവൻ സമ്മതിക്കും. എന്നാൽ നാം കരുതുന്ന മാതിരി ജീവിതം വ്യർത്ഥവും അല്ല. ജീവിതം വ്യർത്ഥമാണെങ്കിൽ എന്തിനുവേണ്ടിയാണ് ഇതെല്ലാം? ബാഹ്യ ജീവിതമാണ് വ്യർത്ഥമായി നമുക്ക് അനുഭവപ്പെടുന്നത്. ആന്തരിക ജീവിതത്തിലേക്ക് തിരിയൂ ജീവിതം അപ്പാടെ മാറിക്കൊള്ളും. ഒരിക്കൽ ആത്മസത്തയെ കണ്ടെത്തിയാൽ പിന്നെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല. അപ്പോൾ നിങ്ങൾക്ക് എവിടെയും പോകാം; എന്തും ചെയ്യാം. എല്ലാ ക്ലേശങ്ങളും അവിടെ തിരോഭവിക്കുന്നു. മനോസമ്മർദ്ദം എന്നൊന്ന് ഉണ്ടാവുകയില്ല.

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുവിൻ. ഒറ്റയ്ക്കായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുവാൻ. അപ്പോൾ അറിയാതെ, അറിയാതെ നിങ്ങൾ നിങ്ങളുടെ ആത്മസത്തയിലേക്ക് നടന്ന ടുക്കുകയാണ്. അനന്തമായ ഏകാന്തത! സകലദിനെയും മറക്കുവിൻ. ബന്ധുമിത്രാദികളെ മറക്കുവിൻ. അതിനപ്പുറത്തുള്ള വലിയ സമൂഹത്തെയും മറക്കുവിൻ. അപ്പോൾ ഈ സാമൂഹികജീവിതം തുച്ഛമായി നിങ്ങൾക്കനുഭവപ്പെടും. എല്ലാറ്റിനേയും വലിച്ചെറിയുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നിങ്ങൾ കണ്ടു തുടങ്ങും. ഉള്ളിൽ ഉണരുന്ന ഈശ്വരന്റെ അനന്തപ്രഭയിൽ കപട ലോകത്തിന് പിടിച്ചുനിൽക്കുവാൻ ആവില്ല. അപ്പോൾ ലോകം മുഴുവൻ നിങ്ങളുടെ മുമ്പിൽ കൈകൂപ്പും. അപ്പോൾ മാത്രമാണ് നിങ്ങളുടെ ജീവിതം അർത്ഥവ്യത്താകുന്നത്. അപ്പോഴാണ് നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അപ്പോൾ നിങ്ങളെ ബാധിക്കുവാനോ പ്രലോഭിപ്പിക്കുവാനോ ഉള്ള സാമർത്ഥ്യം ബാഹ്യലോകത്തിനില്ലെന്ന് നിങ്ങൾ അറിയുന്നു. നിങ്ങൾ എല്ലാ ബന്ധനങ്ങളെയും അറുത്തുമാറ്റി കളഞ്ഞിരിക്കുന്നു!

ഇവിടെ സ്വാഭാവികമായും ഒരു പ്രശ്നം ഉയരുന്നു. കർമ്മത്തിന് അല്ലെങ്കിൽ സാമൂഹ്യ ജീവിതത്തിന് ഒരു വിലയും ഇല്ലേ? സമൂഹം ഒരു ചീത്ത യജമാനന്നാണെന്ന് മാത്രമേ ഇവിടെ വിവക്ഷയുള്ളൂ. മറിച്ച് നിങ്ങൾ സമൂഹത്തിന്റെ യജമാനൻ ആകണം. നിങ്ങൾ സമൂഹത്തിന്റെ അടിമയല്ല. മറിച്ച് സമൂഹം നിങ്ങളുടെ അടിമയാണ്. സമൂഹം നിങ്ങളുടെ ഭാഗമാണ്. നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല. സമൂഹം വളരെ വലുതാണെന്നും നിങ്ങൾ വളരെ ചെറുതാണെന്നും പ്രാഥമിക വിശകലനത്തിൽ തോന്നിയേക്കാം. ഇതൊരു മിത്ഥ്യാഭ്രമം മാത്രം. ഈ മിഥ്യാ ഭ്രമം മനുഷ്യ ജീവിതത്തെ കദനത്തിലാഴ്ത്തുന്നു. താൻ ചെറുതാണെന്നുള്ള അപകർഷത ഇതിനോടൊപ്പം വന്നുചേരുന്നു. ഈ തെറ്റായ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ സാമൂഹിക ജീവിതം ഓടുന്നത്. ഇത് സത്യവിരുദ്ധമാണെന്ന് അറിഞ്ഞുകൊള്ളുവിൻ. വാസ്തവത്തിൽ സമൂഹം എന്ന ഒരു സത്ത അവിടെയുണ്ടോ? അത് കുറെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രം. സത്യത്തിൽ ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം മായയാണ്. വ്യക്തിയാകട്ടെ ഈശ്വരൻ തന്നെ. ഈശ്വരന്റെ അവതാരമായ വ്യക്തികൾ മായയുടെ അടിമകളാവുകയും അതിന്റെ താളത്തിന് തുള്ളുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ദുരന്തം തന്നെ സംഭവിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സത്തയാണ് നിങ്ങൾ എന്ന് അറിഞ്ഞു കൊള്ളുക. നിങ്ങൾ തീർച്ചയായും പ്രപഞ്ചത്തെക്കാൾ ഉപരിയും ശ്രേഷ്ഠനുമാണ്. ഈ സത്യം നിങ്ങൾക്ക് ബോധ്യമാവണമെങ്കിൽ നിങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളെ തന്നെ അറിയേണ്ടിയിരിക്കുന്നു. അത്തരം ഒരു അറിവിലേക്ക് നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ സമൂഹത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം അതിന്റെ പിറകെ വന്നുകൊള്ളും. കാരണം നിങ്ങൾ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും കാരണമാണ്. കാരണമാണ് വിജ്ഞാനം. അത് കിട്ടിക്കഴിഞ്ഞാൽ സമസ്തവും അറിഞ്ഞു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120