ബിനോയ് എം. ജെ.
‘രണ്ടാം ഭാവി’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായനക്കാർ അത്ഭുതപ്പെട്ടേക്കാം. മനുഷ്യന് രണ്ട് ഭാവി ഉണ്ടോ? സാധാരണഗതിയിൽ ഭാവി എന്നത് കൊണ്ട് നാം, ഇപ്പോൾ മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ഭാവി മരണം കൊണ്ട് അവസാനിക്കുന്നില്ല. ഭാവി എപ്പോഴും അനന്തതയിലേക്കു നീളുന്നു. ശരീരമേ മരിക്കുന്നുള്ളൂ, ആത്മാവിന് മരണമില്ല. അതുകൊണ്ടുതന്നെ മരണത്തിനുശേഷമുള്ള ഭാവിയാണ്, രണ്ടാം ഭാവി, എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മരണം വരെയുള്ള ഭാവി ഒന്നാം ഭാവിയും. അപ്പോൾ മാത്രമേ നാം മനുഷ്യജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്നുള്ളൂ.
മനുഷ്യ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാത്തതുകൊണ്ടാണ് അവന്റെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നത്. അനന്തതയിലേക്ക് നീളുന്ന ജീവിതത്തെ അപ്രകാരം മനസ്സിലാക്കുന്നതിനു പകരം, അത് മരണത്തോടെ അവസാനിക്കുമെന്നും, അതിനുശേഷം എന്ത് സംഭവിക്കും എന്ന് തനിക്ക് അറിഞ്ഞുകൂടാ എന്ന് പറയുകയും ചെയ്യുമ്പോൾ, നാം,നമ്മോടുതന്നെ സത്യസന്ധത കാണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഉള്ളിന്റെയുള്ളിലെ സത്ത ‘എനിക്ക് മരണമില്ല’ എന്ന് പറയുമ്പോഴും ഞാൻ തീർച്ചയായും മരിക്കുമെന്ന് പറഞ്ഞു കൊണ്ട് ജീവിതത്തിന് അവിടെയൊരു തിരശ്ശീല ഇടുമ്പോൾ നാം ആശയ കുഴപ്പത്തിലേയ്ക്കും, ദുഃഖത്തിലേക്കും വഴുതി വീഴുകയാണ് ചെയ്യുന്നത്. ഞാൻ തീർച്ചയായും മരിക്കും, അത് ശരി തന്നെ. അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് അധികമൊന്നും അറിഞ്ഞുകൂടാ. അതും ശരി തന്നെ. പക്ഷേ മരണത്തിനുശേഷം ഒരു പുനർജ്ജന്മം തീർച്ചയായും ഉണ്ട്. അതിനെക്കുറിച്ച് നമുക്ക് അധികം ഒന്നും അറിഞ്ഞുകൂടായിരിക്കാം .എന്തിനെക്കുറിച്ചാണ് നമുക്ക് അറിയാവുന്നത്? നാളെ എന്താണെന്ന് ആർക്കാണ് അറിയാവുന്നത്? എന്നിരുന്നാലും നാം ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയും വിചിന്തനം നടത്തുകയും ആസൂത്രണം ചെയ്യുകയും ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ നമുക്ക് മരണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും സ്വപ്നം കാണുവാനും ആസൂത്രണം നടത്തുവാനും കഴിയും. നാം അങ്ങനെ ചെയ്തേ തീരൂ..അപ്പോൾ നാം നിത്യതയിൽ ജീവിക്കുന്നവരായി മാറും. നിത്യതയിൽ ജീവിക്കുന്നവർ വർത്തമാനത്തിൽ ജീവിക്കുന്നു.
പലകാരണങ്ങളാലും ഒന്നാം ഭാവിയെക്കാൾ പ്രധാനപ്പെട്ടതാണ് രണ്ടാം ഭാവി എന്ന് സമ്മതിച്ചേ തീരൂ. ഒന്നാം ഭാവി പരിമിതമാണ് .അത് മരണത്തിൽ അവസാനിക്കുന്നു. രണ്ടാം ഭാവി ആകട്ടെ മരണത്തിനുശേഷം സംഭവിക്കുന്ന അനന്ത ജന്മങ്ങളെ പ്രതിനിധാനം ചെയ്യുന്നു .അത് നിത്യതയെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒന്നാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു രണ്ടാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നത്. എന്നിരുന്നാലും രണ്ടാം ഭാവിയെക്കുറിച്ചുള്ള ധ്യാനത്തെ നാളിതുവരെ ഭാരതീയ തത്ത്വചിന്തകൻമാർപോലും അവഗണിക്കുന്നതായാണ് കാണുന്നത് . പുനർജ്ജന്മത്തെ കുറിച്ച് അടിവരയിട്ട് ഭാരതീയ തത്വചിന്തയിൽ അങ്ങോളമിങ്ങോളം പരാമർശങ്ങളുണ്ടെങ്കിലും അതിനെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് ഭാരതീയതത്വചിന്തകൻമാർപോലും ബോധവാന്മാരായിരുന്നുവോ എന്ന് സംശയം തോന്നുന്നു. കാരണം അവർക്ക് ജീവിതത്തെക്കുറിച്ച് തന്നെ നിഷേധാത്മകമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.
ജീവിതത്തെ ത്യജിച്ചുകൊണ്ട് നിർവ്വാണത്തിലേക്ക് വരുവാനുള്ള മാർഗ്ഗങ്ങളാണ് നാളിതുവരെ ചർച്ച ചെയ്തു പോന്നിരുന്നത് .എന്നാൽ അനന്ത ജീവിതത്തെ സ്വീകരിച്ചുകൊണ്ടും നിർവ്വാണത്തിലേക്ക് വരാൻ ആവും എന്ന് ലളിതമായ യുക്തികൊണ്ട് മനസ്സിലാക്കുവാൻ കഴിയും. അത് നിർവ്വാണത്തെ കുറിച്ചുള്ള ഭാവാത്മകമായ ഒരു സമീപനമാണ്. അവിടെ നാം മരണത്തെ ജയിക്കുന്നു. മരണം എന്നുള്ളത് ശരീരം മാറ്റിയെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണെന്നും അത് ജീവിതത്തിന്റെ വിരാമം അല്ല എന്നും മനസ്സിലാക്കുന്നവന് യാതൊന്നിനെ കുറിച്ചും ദുഖിക്കേണ്ട ആവശ്യമില്ല. അയാൾ മരണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു .അയാൾ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
Leave a Reply