ബിനോയ് എം. ജെ.

തങ്ങൾ മാറ്റങ്ങളെ സ്നേഹിക്കുന്നുവെന്ന് എല്ലാവരും തന്നെ പറയുന്നു. പക്ഷേ അവർ അങ്ങനെ ചെയ്യുന്നില്ല എന്ന് അവരുടെ ജീവിതം തെളിയിക്കുന്നു. എപ്പോഴാണ് സുഖദുഃഖങ്ങൾ ഉണ്ടാകുന്നത് ? മാറ്റങ്ങൾ സംഭവിക്കുമ്പോൾ! മാറ്റങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാകുമ്പോൾ; നിങ്ങൾ ആഗ്രഹിച്ച ഒരു മാറ്റം നിങ്ങൾക്ക് സംഭവിക്കുമ്പോൾ; അല്ലെങ്കിൽ മാറ്റങ്ങളോട് നിങ്ങൾ പൊരുത്തപ്പെടുമ്പോൾ; നിങ്ങൾക്ക് സുഖം അനുഭവപ്പെടുന്നു. മറിച്ച് ,നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു മാറ്റം നിങ്ങളിൽ സംഭവിക്കുമ്പോൾ നിങ്ങൾക്ക് ദുഃഖവും അനുഭവപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ജോലി കിട്ടുമ്പോൾ, പരീക്ഷയിൽ ജയിക്കുമ്പോൾ അല്ലെങ്കിൽ പണം ഉണ്ടാകുമ്പോൾ, നിങ്ങൾക്കിഷ്ടമുള്ള ഒരു മാറ്റം നിങ്ങളിൽ സംഭവിക്കുന്നു. നിങ്ങൾക്ക് സുഖം അനുഭവപ്പെടുന്നു. മറിച്ച് ജോലി നഷ്ടപ്പെടുമ്പോഴും പരീക്ഷയിൽ തോൽക്കുമ്പോഴും പണം നഷ്ടം ഉണ്ടാകുമ്പോഴും നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മാറ്റം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു- നിങ്ങൾക്ക് ദുഃഖം അനുഭവപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ നിങ്ങൾക്ക് ഒട്ടും തന്നെ ദുഃഖം അനുഭവപ്പെടുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് നീങ്ങുന്നു.

മനുഷ്യന്റെ പ്രകൃതം ശീലങ്ങളിൽ അധിഷ്ഠിതമാണ്. ഇന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റാൽ നാളെ രാവിലെയും നിങ്ങൾ അതേ സമയത്ത് തന്നെ ഉണരുന്നു. നിങ്ങൾ ശൈശവത്തിൽ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയാൽ ശിഷ്ട ജീവിതവും ഏകാന്തതയിൽ തന്നെ കഴിയുവാൻ ആണ് സാധ്യത കൂടുതൽ. നിങ്ങൾ ചെറുപ്പത്തിൽ ശാസ്ത്രത്തെ സ്നേഹിച്ചു തുടങ്ങിയാൽ ഭാവി ജീവിതത്തിൽ നിങ്ങൾ ഒരു ശാസ്ത്രകാരൻ ആകാനാണ് സാധ്യത കൂടുതൽ. ഇപ്രകാരം ശീലങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെയും പ്രകൃതത്തെയും നിർണ്ണയിക്കുന്നു. ശീലങ്ങൾ മാറ്റങ്ങളെ ചെറുക്കുന്നു; ശീലങ്ങൾ മാറ്റങ്ങളെ തിരസ്കരിക്കുകയും എതിർക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ശീലങ്ങൾ ആകുന്നു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അവ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ ശീലങ്ങളെയും നിങ്ങൾ അതിജീവിക്കുമ്പോൾ നിങ്ങൾ മാറ്റങ്ങളെ സ്നേഹിച്ചു തുടങ്ങുന്നു. നിങ്ങൾ അനന്താനന്ദത്തിലേക്ക് നീങ്ങുന്നു.

കുട്ടികളെ ശ്രദ്ധിക്കുവിൻ! അവർ എല്ലാത്തിനെയും പുതുമയോടു കൂടി നോക്കി കാണുന്നു .അവർ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുവാൻ തയ്യാറാണ്; കഴിവുള്ളവരും ആണ്. കാരണം അവരിൽ ശീലങ്ങൾ രൂഢമൂലം ആയിട്ടില്ല എന്നതുതന്നെ. എന്നാൽ പ്രായമാകുന്തോറും നാം ശീലങ്ങളുടെ അടിമകളായി മാറുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതവീക്ഷണങ്ങളും വ്യക്തിത്വവും എല്ലാം പഴകുന്നു. നമ്മുടെ കാര്യക്ഷമത തിരോഭവിക്കുന്നു. ശൈശവത്തിലെ പുതുമയോടുള്ള ആഭിമുഖ്യവും മാറ്റങ്ങളോടുള്ള ആഭിമുഖ്യവും ജീവിതകാലം മുഴുവൻ നിലനിർത്തിയാൽ നിങ്ങൾ അസാധാരണമായ ഒരു വ്യക്തിത്വമായി മാറും. നിങ്ങൾ സദാ വളർന്നുകൊണ്ടേയിരിക്കും. ദൗർഭാഗ്യകരമെന്ന് പറയട്ടെ ചെറുപ്രായത്തിൽ തന്നെ നമ്മുടെ വ്യക്തിത്വം നിർണ്ണയിക്കപ്പെട്ട് കഴിയുന്നു. നാം ഒരു യന്ത്രത്തെപ്പോലെ ആകുന്നു.

മാറ്റങ്ങളെ നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, സ്വീകരിച്ചാലും തിരസ്കരിച്ചാലും മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരിക്കും. മാറാത്തതായി യാതൊന്നുമില്ല. മാറ്റങ്ങളെ വെറുക്കുന്നവർ യാഥാർത്ഥ്യത്തെ വെറുക്കുന്നു .അവൻ ജീവിതത്തെയും വെറുക്കുന്നു. അത്തരക്കാർക്ക് ജീവിതത്തിൽ വിജയം കണ്ടെത്തുവാൻ ആവില്ല. അതിനാൽ എല്ലാ മാറ്റങ്ങളെയും സ്നേഹിച്ചുതുടങ്ങുവിൻ. പണം നഷ്ടപ്പെടുന്നതും ജോലി നഷ്ടപ്പെടുന്നതും അധികാരം നഷ്ടപ്പെടുന്നതും ചീത്തയായ കാര്യങ്ങൾ അല്ല .അവ നിങ്ങൾക്ക് മുന്നിൽ പുതിയ സാഹചര്യങ്ങളും പുതിയ അവസരങ്ങളും തുറന്നിടുന്നു. അവയെ പ്രയോജനപ്പെടുത്തി വളരുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് നിങ്ങൾ നിക്ഷിപ്തമായിരിക്കുന്ന കടമ. സാഹചര്യങ്ങളെ പഴിച്ചു കൊണ്ട് നിങ്ങൾക്ക് എത്ര നാൾ മുന്നോട്ടു നീങ്ങുവാൻ കഴിയും ?എല്ലാ ശീലങ്ങളെയും ജയിക്കുക; പുതുമകളെ സ്വീകരിക്കുക.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.