ബിനോയ് എം. ജെ.

എപ്പോഴൊക്കെ ധർമ്മത്തിന് ച്യുതിയും അധർമ്മത്തിനു ഉയർച്ചയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം സാധുക്കളെ സംരക്ഷിക്കുന്നതിനും, ദുഷ്ടരെ ഹനിക്കുന്നതിനും, ധർമ്മം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഈശ്വരൻ യുഗം തോറും അവതരിക്കുന്നതായി ഭഗവത്ഗീതയിൽ പറയുന്നു. ഈശ്വരൻ സർവ്വശക്തനാണല്ലോ, അവനൊന്ന് കൽപിച്ചാൽ എന്തും സംഭവിക്കുമല്ലോ പിന്നെന്തിനാണ് ക്ലേശങ്ങൾ സഹിച്ചു കൊണ്ട് ഈശ്വരൻ അവതരിക്കുന്നത് എന്ന് പലരും ചോദിച്ചേക്കാം.. അതിനുള്ള ഉത്തരം ലളിതമാണ്- മുങ്ങിച്ചാകുന്നവനെ കരക്കിരുന്നുകൊണ്ട് രക്ഷിക്കുവാൻ ആവില്ല. അതിനു വേണ്ടി കുളത്തിലേക്ക് ചാടുക തന്നെ വേണം.

ഈശ്വരന്റെ മനുഷ്യാവതാരത്തെക്കുറിച്ച് വിവിധ മതങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കാണുന്നത്. സർവ്വവും പടച്ച അള്ളാഹുവിന് മനുഷ്യനായി ജനിക്കാൻ ആവില്ല, അതിന്റെ ആവശ്യവുമില്ല എന്ന് ഇസ്ളാമിൽ പറയുന്നു. ലോക രക്ഷയ്ക്കുവേണ്ടി ഈശ്വരൻ മനുഷ്യനായി അവതരിക്കുമെന്ന് വീണ്ടും വീണ്ടും പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും സാക്ഷാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിപ്പിച്ചപ്പോൾ അവിടുത്തെ അറിയുവാനോ ശ്രവിക്കുവാനോ യഹൂദന്മാർക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല താൻ ദൈവപുത്രനാണ് എന്ന് പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ അവിടുത്തെ കുരിശിൽ തറയ്ക്കുവാനും അവർ മടി കാട്ടിയില്ല എന്നതിൽ നിന്നും അവരുടെ അവതാര സങ്കൽപത്തിന്റെ പൊള്ളത്തരം നമുക്ക് തിരിച്ചറിയാൻ കഴിയും. ക്രിസ്തുമതത്തിൽ യേശു മാത്രമാണ് ഈശ്വരന്റെ അവതാരം എന്നും മറ്റൊരു അവതാരം ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല എന്ന് ശക്തമായി വാദിക്കുമ്പോൾ ഹിന്ദുമതത്തിൽ അവതാരങ്ങളുടെ ഒരു വലിയ നിര തന്നെ കാണുന്നു.

ഈ രീതിയിൽ ചിന്തിക്കുമ്പോൾ അവതാര സങ്കല്പം വളരെയധികം നിഗൂഢമായ ഒരു ആശയം ആണെന്ന് കാണുവാൻ കഴിയും . ഈശ്വരൻ പലതവണ അവതരിച്ചിട്ടുണ്ടെങ്കിലും യേശുക്രിസ്തുമാത്രമാണ് പൂർണ്ണ അവതാരമെന്ന് പലതുകൊണ്ടും സമ്മതിച്ച് കൊടുത്തേ തീരൂ. മറ്റ് അവതാരങ്ങൾക്കെല്ലാം തന്നെ പൂർവ ജനങ്ങളുടെയും മൃഗ ജന്മങ്ങളുടെയും ഒരു ചരിത്രം ഉള്ളപ്പോൾ യേശു മിശിഹായ്ക്ക് അങ്ങനെ ഒരു പൂർവജന്മ ചരിത്രമില്ല. അവിടുന്ന് ഒരിക്കൽ മാത്രമേ ജനിച്ചിട്ടുള്ളൂ. അതും അജ്ഞാനത്തെ ഒട്ടും തീണ്ടാതെ. പാപി അല്ലാതിരുന്നിട്ടും അവിടുന്ന് ഏറ്റവും വലിയ പാപിയെപ്പോലെ മരിച്ചു. മൂന്നു നാൾക്ക് ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. യേശുക്രിസ്തു വഴിയാണ് മാനവരാശിക്ക് മോക്ഷം കിട്ടിയതെന്നും പ്രസ്തുത മോക്ഷം നേടിയെടുത്തതല്ല; മറിച്ച് മനുഷ്യന് ദാനമായി കിട്ടിയതാണെന്നും ക്രിസ്തുമതം ലോകസമക്ഷം പ്രഖ്യാപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതൊരു മനുഷ്യനും മോക്ഷം കിട്ടിയ ശേഷം അയാൾ വീണ്ടും ജനിക്കുകയാണെങ്കിൽ ആ ജനനം അയാൾക്ക് വേണ്ടി അല്ല മറിച്ച് ലോകഹിതാർത്ഥം ആണെന്നും അതിനാൽ തന്നെ അത് അവതാരമാണെന്നും സാമാന്യമായി പറയാം. ലോകത്തിന് മോക്ഷം ലഭിച്ചത് യേശുദേവൻ വഴിയാണെങ്കിൽ ആ മോക്ഷത്തിലെത്തിയ ലക്ഷക്കണക്കിനാളുകൾ ലോകത്ത് ഇതുവരെ ഉണ്ടായിരുന്നു എന്നും അവരിൽ ആയിരക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്ക് ശേഷം വീണ്ടും ജനിച്ചിട്ടുണ്ട് എന്നും അതിനാൽ തന്നെ അവരെല്ലാം തന്നെ അവതാരങ്ങൾ ആണെന്നും സമ്മതിച്ചേ തീരൂ . അവരെ ‘അംശാവതാരങ്ങൾ’ എന്ന് വിളിക്കാം. യേശു ജനിക്കുന്നതിനു മുമ്പ് തന്നെ ധാരാളം അവതാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും നിങ്ങൾ ചോദിച്ചേക്കാം. ഉത്തരം ലളിതമാണ് -ഈശ്വരനിൽ സമയമില്ല . ചലനം ഉള്ളിടത്തേ സമയം ഉള്ളൂ .ഈശ്വരനിൽ എല്ലാം നിത്യതയിൽ സംഭവിക്കുന്നു.

ഈശ്വരന് മനുഷ്യനായി ഭൂമിയിൽ അവതരിക്കണമെങ്കിൽ അവിടുത്തേക്ക് അജ്ഞാനത്തിന്റെ മൂടുപടമണിഞ്ഞേ തീരൂ . ഈ അജ്ഞാനത്തെ അവർ തപസ്സിലൂടെ നീക്കിക്കളയുന്നു. അജ്ഞാനത്തിന്റെ മൂടുപടം അണിയാതെ ഒരു അവതാരം മാത്രമേ ഉണ്ടായിട്ടുള്ളൂ- അത് യേശുക്രിസ്തുവും ആകുന്നു. അവിടുത്തേക്ക് എല്ലാം തുടക്കം തൊട്ടേ അറിയാമായിരുന്നു .അതിനാൽ തന്നെ യേശുക്രിസ്തു മറ്റ് അവതാരങ്ങളിൽ നിന്നും ഭിന്നനും ആകുന്നു. മറ്റ് അവതാരങ്ങൾ ജീവിക്കുവാൻ വേണ്ടി അവതരിച്ചപ്പോൾ യേശുദേവൻ ആകട്ടെ മരിക്കുവാൻ വേണ്ടിയാണ് അവതരിച്ചത്.

‘നിർവിതർക്കസമാധി’യിൽ നിന്നും മടങ്ങി വരുവാൻ അവതാരങ്ങൾക്കേ കഴിയൂ. സാധാരണക്കാർക്ക് അതിനുള്ള കഴിവില്ല. സാധാരണക്കാർ നിർവിതർക്കസമാധിയിൽ ശാശ്വതമായി ലയിച്ചു പോകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.