അതിശക്തമായ മഴയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ പലയിടത്തും വെള്ളക്കെട്ട്. നാല്‍പ്പത്താറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ പെയ്തത് 1000 എം.എം. മഴയാണ്. വെള്ളം കയറിയ വിമാനത്താവളത്തിന്റെ വീഡിയോകളും ചിത്രങ്ങളും സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു.

മോശം കാലാവസ്ഥ വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍, വിമാനത്താവളത്തിലേക്കു പുറപ്പെടും മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് നോക്കണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പെട്ടെന്നുണ്ടായ കനത്തമഴയാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നും പ്രശ്നം പരിഹരിച്ചതായും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.