ബിനോയ് എം. ജെ.

സഹസ്രാബ്ദങ്ങളിലൂടെ കോടാനുകോടി ജനങ്ങൾ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിക്കുന്നു. നാമും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നാം എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരുന്നുണ്ടോ? എത്തിച്ചേരുന്നില്ല എന്ന് നിസ്സംശയം പറയാം. ഈ രീതിയിൽ പോയാൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് സമ്മതിച്ചേ തീരൂ..എന്നിട്ടും നാമെന്തിനാണ് അതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ?അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവുമെന്ന് ഉള്ളിലുള്ള ആത്മാവ് മന്ത്രിക്കുന്നു. എന്നാൽ നാമതിൽ വിജയിക്കുന്നുമില്ല. സഹസ്രാബ്ദങ്ങളായി നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണിതിന്റെ കാരണം ?

സത്യത്തിൽ ജീവിതപ്രശ്നങ്ങളുടെ കാരണവും അതിനാൽതന്നെ അവയ്ക്കുള്ള പരിഹാരവും നമ്മുടെ ഉള്ളിൽ തന്നെയാണ് കിടക്കുന്നത്. നമ്മിൽ ഭൂരിപക്ഷവും അതിനെ ബാഹ്യലോകത്തന്വേഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് നാം പരാജയപ്പടുന്നതും. ബാഹ്യലോകത്തെ തിരുത്തുവാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ജൻമമെടുക്കുന്നു. ശാസ്ത്രം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ സ്വാഭാവികമായും തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രതിഭാസമാണ്. ഇതിനെ ആപേക്ഷികത(relativity) എന്ന് വിളിക്കാം.ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവ മന:സ്സിലേക്ക് പരക്കുന്നു. ദാരിദ്ര്യം സമ്പത്തിന് വഴിമാറുമ്പോൾ മന:സ്സിന് അതിന്റെ ശാന്തിയും പ്രതീക്ഷകളും ഉൻമേഷവും നഷ്ടപ്പെട്ടുപോവുന്നു. ഇത് നമുക്ക് അറിവുള്ള വസ്തുതയാണ്.

വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം? നാം പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം. നാമതല്ല ചെയ്യേണ്ടിയിരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിന്പകരം നാമവയെ വലിച്ചെറിയുകയാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു? ദുർഗന്ധം വമിക്കുന്ന ഒരു വസ്തു നിങ്ങളുടെ മുറിയിലുണ്ടെങ്കിൽ അതിനെ വലിച്ചെറിയുക മാത്രമാണ് ദുർഗന്ധത്തിൽ രക്ഷനേടുവാനുള്ള ഏകമാർഗ്ഗം. അതിനുപകരം നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ദുർഗന്ധത്തെ കുറിച്ച് നാമൊരു പഠനം തന്നെ തുടങ്ങിവയ്ക്കുന്നു. അതിന്റെ കാരണമെന്താണെന്നും പരിഹാരം എന്താണെന്നും നാം ഗവേഷണാത്മകമായ ഒരന്വേഷണം തുടങ്ങുന്നു. കുറേ നാൾ കഴിയുമ്പോൾ ആ വസ്തുവിന്റെ ദുർഗന്ധം പ്രകൃത്യാ തന്നെ തിരോഭവിക്കുന്നു. പക്ഷെ നമ്മുടെ ഗവേഷണത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ദുർഗന്ധം മാറ്റുവാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് നമുക്ക് വേണ്ടത്. അത് കണ്ടുപിടിക്കുവാൻ വേണ്ടി നാം ദുർഗന്ധം വമിക്കുന്ന മറ്റൊരു വസ്തുവിനെ മുറിയിൽ കൊണ്ട് വച്ചു കൊണ്ട് പരീക്ഷണം തുടരുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഫലമോ, നാമെന്നും ദുർഗന്ധത്തിൽ തന്നെ കഴിയുന്നു.ദുർഗന്ധം വമിക്കുന്ന വസ്തു മുറിയിലുള്ളിടത്തോളം നാം ദുർഗന്ധത്തിൽ ആയിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്രകാരം നമ്മുടെ പരീക്ഷണങ്ങൾ അനന്തതയിലേക്ക് നീളുന്നു. അതിന് ഒരിക്കലും ഉത്തരം കിട്ടുകയില്ല. നാമീ പ്രക്രിയയെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന വസ്തുവിനെ എടുത്തു കളയുക മാത്രമല്ല ആ സ്ഥാനത്ത് ദുർഗന്ധം വമിക്കുന്ന മറ്റൊന്നിനെയും കൊണ്ടുവന്ന് വയ്ക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം കുറെനാൾ കഴിയുമ്പോൾ താനേ മാറിയേക്കാം. ആ സ്ഥാനത്ത് പുതിയ പ്രശ്നങ്ങളെ നാം പ്രതിഷ്ഠിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാമൊന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

പ്രശ്നസങ്കലിതവും വിരൂപവുമായ ഒരു മുഖത്തിനപ്പുറം പ്രശ്നങ്ങളുടെ ലാഞ്ചനപോലും ഏൽക്കാത്ത സുന്ദരവും അതിഗംഭീരവുമായ ഒരു മുഖം കൂടി ജീവിതത്തിന് ഉണ്ടെന്നും, അവിടെ താൻ ഈശ്വരതുല്യനാണെന്നും അവിടെ എത്തിച്ചരുക അത്ര ക്ലേശകരമൊന്നുമല്ലെന്നും, മനോഭാവത്തിൽ അൽപം മാറ്റം വരുത്തിയാൽ അത് സാധിക്കുമെന്നും മന:സ്സിലാക്കുന്ന വ്യക്തി, സകല പ്രശ്നങ്ങളെയും അവയുടെ ഭാണ്ഡക്കെട്ടുകളെയും വലിച്ചെറിഞ്ഞുകൊണ്ട്, പ്രശാന്തസുന്തരവും അത്യന്തം ഭാവാത്മകവും അനന്താനന്ദപരവുമായ ആ മനോഭാവത്തിലേക്ക് എടുത്തുചാടുന്നു. അയാൾ നിർവ്വാണത്തിലെത്തുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ : 917034106120