ബിനോയ് എം. ജെ.

നാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവരും കരുതുന്നു. അത് നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം പകരുന്നു. സാമ്പത്തികമായും സാമൂഹികമായും നാം വളരുകയാണ് എന്ന് എല്ലാവരും ചിന്തിക്കുന്നു. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ പുരോഗതി മനുഷ്യന് എത്രമാത്രം ശാന്തി കൊടുക്കുന്നുണ്ട്? പുരോഗതിയോടൊപ്പം ഉത്കണ്ഠയും വളർന്നുവരുന്നു. വിജ്ഞാനം പുരോഗമിക്കുകയാണെന്ന് നാം വാദിക്കുന്നു. വാസ്തവത്തിൽ വിജ്ഞാനത്തോടൊപ്പം അജ്ഞാനവും പുരോഗമിക്കുകയല്ലേ? അജ്ഞാനം എന്നാൽ അറിവില്ലായ്മ അല്ല, മറിച്ച് തെറ്റായ അറിവാകുന്നു. നമ്മുടെ അറിവ് എത്രമാത്രം സത്യമാണ്? അവയിൽ പകുതിയും തെറ്റായ അറിവാകുന്നു. അത് ശാസ്ത്രം തന്നെ തെളിയിക്കുകയും ചെയ്യും.

വാസ്തവത്തിൽ എന്തെങ്കിലും പുരോഗതി ഇവിടെ സംഭവിക്കുന്നുണ്ടോ? കാടുകൾ വെട്ടിത്തെളിച്ച് ഗ്രാമങ്ങളും, ഗ്രാമങ്ങളിൽ കെട്ടിടങ്ങൾ പണിത് നഗരങ്ങളും ഉണ്ടാക്കുന്ന പ്രക്രിയയെ നാം പുരോഗതി എന്ന് വിളിക്കുന്നു. നാഗരിക സംസ്കാരം നമ്മെ പ്രകൃതിയിൽനിന്നും തെറിപ്പിക്കുന്നു. എത്ര മാത്രം നാം പുരോഗമിക്കുന്നുവോ അത്രമാത്രം നാം പ്രകൃതിയിൽനിന്നും അകന്ന് കഴിഞ്ഞിരിക്കും. ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. പുരോഗതി എന്ന് നാം വിളിക്കുന്ന ഈ പ്രതിഭാസം വെറും മാറ്റം മാത്രമാണ്. ഇവിടെ പുരോഗതി ഒന്നുമില്ല. നാമങ്ങിനെ സങ്കല്പിക്കുക മാത്രം ചെയ്യുന്നു.

മനുഷ്യന്റെ എല്ലാ ദു:ഖങ്ങളുടെയും ബീജം കിടക്കുന്നത് പുരോഗതി എന്ന തെറ്റായ ഈ സങ്കല്പത്തിലാണ്. നാം വളരുകയാണ് എന്ന് ചിന്തിച്ചാലേ നമുക്ക് മന:സ്സമാധാനം കിട്ടൂ എന്ന് തോന്നുന്നു. വാസ്തവത്തിൽ പുരോഗതി എന്ന സങ്കൽപം തന്നെ മനുഷ്യന്റെ ഭാവനയാണ്. അങ്ങനെ ഒന്നുണ്ടാവാൻ വഴിയില്ല. തീർച്ചയായും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതിനെ പുരോഗതിയായി മുദ്ര കുത്തുന്നത് ശരിയാണോ? മാറ്റങ്ങളെ പുരോഗതിയായി ചിത്രീകരിക്കുന്നതിന്റെ പിറകിലെ മന:ശ്ശാസ്ത്രം മനുഷ്യന്റെ അടങ്ങാത്ത ദാഹമാകുന്നു. മെച്ചപ്പെട്ട എന്തെങ്കിലും സൃഷ്ടിക്കുവാനുള്ള ഈ മോഹം അഥവാ ‘ആഗ്രഹം’ അസ്ഥാനത്താണ്. ദൈവം സൃഷ്ടിച്ച ഈ ലോകത്തെ മെച്ചപ്പെടുത്തുവാനുള്ള കഴിവ് മനുഷ്യനുണ്ടോ? തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ അവന് കഴിയും. അതിനെ കർമ്മ ശേഷി എന്ന് വിളിക്കുന്നു. ആ കർമ്മം നിഷ്കാമകർമ്മം ആകേണ്ടതാണ്. എന്നാൽ ആ മാറ്റത്തിൽ അഥവാ കർമ്മത്തിൽ പുരോഗതിയുടെ നിറം ചാലിക്കുമ്പോൾ അതിൽ സ്വാർത്ഥത കലരുന്നു. അതോടൊപ്പം ആഗ്രഹത്തിന്റെ മധുരവും അപകർഷതയുടെ കയ്പും സുഖദു:ഖങ്ങളുടെ പ്രക്ഷുബ്‌ധതയും ആശയക്കുഴപ്പങ്ങളും അതിനോട് ചേരുന്നു.

ഇപ്രകാരം നിഷ്കാമകർമ്മം എന്ന ആശയം തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മാറ്റങ്ങൾക്ക് വേണ്ടി മാത്രമാണ് നാം കർമ്മം ചെയ്യുന്നതെങ്കിൽ അതിൽ നമുക്ക് അഭിമാനത്തിന് വകയൊന്നുമില്ല. അഭിമാനസ്പർശമേൽക്കാതെ ചെയ്യപ്പെടുന്ന കർമ്മം നിഷ്കാമകർമ്മം ആകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120