ബിനോയ് എം. ജെ.
ബുദ്ധിശക്തി എന്നത് അറിവ് സമ്പാദിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും വേണ്ടിയുള്ള മനുഷ്യന്റെ കൈയിലുള്ള ഏറ്റവും നല്ല ഉപകരണമാണ്. അതുപയോഗിച്ച് നമുക്ക് അസാധ്യകാര്യങ്ങൾ സാധ്യമാക്കാം, ഔന്നത്യങ്ങൾ കീഴടക്കുകയും മോക്ഷം സമ്പാദിക്കുകയും ചെയ്യാം. അതാകുന്നു മനുഷ്യനെ മൃഗത്തിൽനിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, തത്വചിന്തകന്മാരും ബുദ്ധിശക്തിയെ ശാസ്ത്രീയമായും ക്രിയാത്മകമായും ഉപയോഗിച്ച് മനുഷ്യന്റെ ക്ലേശങ്ങൾ കുറയ്ക്കുകയും, ജീവിതത്തെ കൂടുതൽ സുന്ദരമാക്കുകയും മനുഷ്യന്റെ യശ്ശസ് വാനോളം ഉയർത്തുകയും ചെയ്യുമ്പോൾ സമൂഹത്തിലെ ഒരുകൂട്ടം ജനങ്ങൾ അതേ ബുദ്ധിശക്തിയെ തന്നെ നശീകരണത്തിന് വേണ്ടിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയും പരദ്രോഹത്തിനുവേണ്ടിയും വിനിയോഗിച്ച് സമൂഹജീവിതത്തിന്റെ ശാന്തിയെ തകർക്കുകയും മാനവരാശിക്കുതന്നെ അപമാനം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരം ബുദ്ധിശക്തിയെ തെറ്റായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം.
ബുദ്ധിശക്തിയെ ശരിയായ വിധത്തിൽ ഉപയോഗിക്കുവാൻ അറിഞ്ഞു കൂടാത്തവൻ അതിനെ തെറ്റായ വിധത്തിൽ ഉപയോഗിക്കുമെന്നുള്ളത് സാമാന്യമന:ശ്ശാസ്ത്രമാണ്. ഉദാഹരണത്തിന് പിച്ചാത്തി കൊണ്ടുള്ള യഥാർത്ഥമായ ഉപയോഗം അറിഞ്ഞു കൂടാത്ത ഒരാളുടെ കൈയിലേക്ക് പിച്ചാത്തി കൊടുത്താൽ അയാൾ അതിന്റെ ഉപയോഗം തെറ്റിദ്ധരിക്കുകയും അതുപയോഗിച്ച് മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തേക്കാം. ഇപ്രകാരം ബുദ്ധിശക്തിയെകുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവിന്റെ അഭാവമോ അഥവാ അത്തരമൊരു അറിവിൽ കടന്നുകൂടാനിടയുള്ള തെറ്റുകളോ വരുത്തിവക്കുന്ന പ്രശ്നങ്ങൾ അനുമാനിക്കാനാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ട്തന്നെ ബുദ്ധിശക്തിയെ കുറിച്ചുള്ള അറിവിന്റെ അപര്യാപ്തത മൂലമാണ് ഇന്ന് ബുദ്ധിശക്തി പരക്കെ തെറ്റായ വിധത്തിൽ ഉപയോഗിച്ചു പോരുന്നത് എന്ന് സാമാന്യമായി പറയാം.
പ്രകൃതിയിലുള്ള മറ്റേതൊരു പ്രതിഭാസത്തെയും പോലെ ബുദ്ധിശക്തിയും രണ്ടു തരമുണ്ട് അഥവാ അതിന് രണ്ടു വശങ്ങളുണ്ട് എന്ന നഗ്നസത്യം മനസ്സിലാക്കുന്നതിൽ ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ ലോകജനസംഖ്യയിൽ പകുതി ആളുകളുടെയും ബുദ്ധിശക്തിയുടെ പ്രത്യേകതകളോ മറ്റുസവിശേഷതകളോ ഇന്ന് അജ്ഞാതമാണ് എന്ന് സമ്മതിക്കാതെ വയ്യ. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് ആവശ്യത്തിലും അധികമായി അറിയാമെങ്കിലും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞു കൂടാ. ബുദ്ധിശക്തിയുടെ കാര്യത്തിലുള്ള വ്യത്യാസങ്ങളും വൈജാത്യങ്ങളും വളരെ സങ്കീർണ്ണമായ ഒരു പഠനവിഷയമാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് നിലവിലുള്ള സിദ്ധാന്തങ്ങൾ ഭാഗികവും പക്ഷപാതപരവും അബദ്ധജഡിലവും ആണ്. അത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യുന്നുള്ളൂ. ഇവിടെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുടെ ബൗദ്ധികമായ കഴിവുകളെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള സംവിധാനത്തിന്റെ അഭാവത്തിൽ പ്രസ്തുത കഴിവുകൾ നശീകരണപരമായും സമൂഹദ്രോഹപരമായും വിനിയോഗിക്കപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടകാര്യമില്ല. ബുദ്ധിഹീനരായി എണ്ണപ്പെടുന്നതുമൂലം ഇക്കൂട്ടർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർണ്ണനാതീതമാണ്. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ സൗകര്യത്തിനുവേണ്ടി ടൈപ്പ്-എ എന്ന് വിളിച്ചാൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന വരുടെ ബുദ്ധിശക്തി ടൈപ്പ്-ബി ആണ്. ടൈപ്പ്-എ യിൽ മുന്നിൽ നിൽക്കുന്നയാൾ ടൈപ്പ്-ബി യിൽ പിന്നിലായിരിക്കും. അതായത് ഇന്ന് മന്ദബുദ്ധികളായി എണ്ണപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായവർ മറ്റൊരർത്ഥത്തിൽ ബുദ്ധിരാക്ഷസന്മാരാണ്. അവരെ ആദരിക്കുവാനും അംഗീകരിക്കുവാനും കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply