ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.

2014-ൽ എംഎസ് ധോണിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി ഈ വർഷം വരെ 68 ടെസ്റ്റുകളിലാണ് ടീം ഇന്ത്യയെ നയിച്ചത്. 40 മത്സരങ്ങളിലെ വിജയത്തോടെ 58.82 ആണ് കോഹ്‌ലിയുടെ ടെസ്റ്റിലെ വിജയശതമാനം.

ഓസ്‌ട്രേലിയയിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ക്യാപ്റ്റൻ. ഈ പരമ്പരകളിൽ ഏതാനും മത്സരങ്ങളിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയും പകരം രോഹിത്ത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു. കോഹ്‌ലിയെ ഈ തീരുമാനം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.