ബിനോയ് എം. ജെ.

മാനവരാശിയുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിന്റെ വാദം ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു. സ്ത്രീയും പുരുഷനും മനുഷ്യർക്കിടയിലെ പ്രകടമായ രണ്ടു വർഗ്ഗങ്ങളാണെങ്കിലും അവർക്കിടയിൽ പണ്ടുതൊട്ടേ ഒരു ശീതസമരം നടന്നു വരുന്നുണ്ടെങ്കിലും മാർക്സ് ഉദ്ദേശിച്ച വർഗ്ഗസമരം അതല്ല എന്ന് വ്യക്തം. ഇനി മാർക്സ് വാദിക്കുന്ന മാതിരി തൊഴിലാളികളും മുതലാളികളും രണ്ടു വർഗ്ഗങ്ങളാണോ എന്നും അവർക്കിടയിൽ ഒരു വർഗ്ഗസമരം നടന്നു വരുന്നുണ്ടോയെന്നും നമുക്ക് പരിശോധിക്കാം. ലൈംഗികതയെ അടിസ്ഥാനമാക്കി മനുഷ്യനെ സ്ത്രീ- പുരുഷന്മാർ എന്ന രണ്ടു വർഗ്ഗങ്ങളാക്കി തിരിക്കുന്നതുപോലെ തന്നെ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കിയും മനുഷ്യരെ രണ്ടു വർഗ്ഗങ്ങളാക്കി തിരിക്കാമെന്ന് അധികമാളുകൾക്കും അറിഞ്ഞു കൂടെന്ന് തോന്നുന്നു. ഇന്ന് നാം കാണുന്ന വിദ്യാസമ്പന്നരായവർ (ഇവരെ ടൈപ്പ്-എ ബുദ്ധിശക്തിയുള്ളവർ എന്ന് വിളിക്കാം) അതിലെ ആദ്യവിഭാഗവും, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർ(ഇവരെ ടൈപ്പ്-ബി ബുദ്ധിശക്തിയുള്ളവർ എന്ന് വിളിക്കാം)രണ്ടാമത്തെ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു.

ബുദ്ധിശക്തിയെ അടിസ്ഥാനമാക്കിയുള്ള ഈ വർഗ്ഗവിഭജനം ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗവിഭജനം പോലെ പ്രകടമോ സമൂഹത്താൽ അംഗീകരിക്കപ്പെട്ടതോ അല്ലെന്നുള്ള സത്യം പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണവും, അനാരോഗ്യകരവും ,അപകടകരവും ആക്കുന്നു. ബുദ്ധിശക്തിയെ ശാസ്ത്രീയമായും പക്ഷപാതരഹിതമായും ധാർമ്മികമായും മനസ്സിലാക്കുന്നതിനും,നിർവ്വചിക്കുന്നതിനും അതിനെ അളക്കുന്നതിനും ആധുനികമന:ശ്ശാസ്ത്രജ്ഞന്മാർ അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നു. ഹേഗൽ പറഞ്ഞമാതിരി ഇത് ചരിത്രപരമായ ഒരനിവാര്യത ആകാമെങ്കിലും പ്രസ്തുത പരാജയം സമൂഹത്തിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന സങ്കീർണ്ണവും, ദൂരവ്യാപകവും, അനാരോഗ്യകരവുമായ പ്രശ്നങ്ങളും അതിൽനിന്നും ഉത്ഭവിക്കുന്ന ധാർമ്മികാധപ്പതനവും അവർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന വർഗ്ഗസമരത്തെ അതി നീചവും അധർമ്മത്തിൽ അധിഷ്ഠിതവുമാക്കി തീർത്തിരിക്കുന്നു. ഈവർഗ്ഗസമരം കണ്ട് നാം ലജ്ജിച്ച് തല താഴ്ത്തി പോവുന്നു.

തൊഴിലാളികളും മുതലാളികളും എന്ന മാർക്സിന്റെ വർഗ്ഗീകരണം ഈ ദിശയിലേക്ക് വിരൽ ചൂണ്ടുന്നതാണെങ്കിലും അത് സത്യത്തിൽ നിന്നും കുറെ വിദൂരത്തിലാണെന്ന് കാണാം. മുതലാളിമാരിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരും അതിനാൽതന്നെ ടൈപ്പ്-എ ബുദ്ധിശക്തിയുടെ വിഭാഗത്തിൽ പെടുന്നവരും തൊഴിലാളികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരും അതിനാൽതന്നെ ടൈപ്പ്-ബി ബുദ്ധിശക്തിയുടെ വിഭാഗത്തിൽ പെടുന്നവരും ആയതിനാൽ അവർക്കിടയിൽ സ്വാഭാവികമായും ഒരു വർഗ്ഗസമരം നടന്നു വരുന്നു. അതായത് ബൗദ്ധികമായ ഈ വർഗ്ഗവിഭജനവും അവർക്കിടയിൽ ഉണ്ടാകാവുന്ന വർഗ്ഗസമരവും മാർക്സിന്റെ ആശയത്തോട് വിദൂരസാദൃശ്യം പുലർത്തുന്നു. അതേസമയം കാറൽ മാർക്സിന്റെ ബുദ്ധിശക്തിയും ആ ആശയം പ്രാവർത്തികമാക്കിയ ലെനിന്റെ ബുദ്ധിശക്തിയും വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയായിരുന്നുവെന്നും സോവിയറ്റ് യൂണിയനിൽ അധികാരം കൈയാളിയിരുന്നവർ വിദ്യാസമ്പന്നർ തന്നെ ആയിരുന്നെന്നും ഉള്ളത് പ്രശ്നത്തിന്റെ സങ്കീർണ്ണതയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. ടൈപ്പ്-ബി ബുദ്ധിശക്തിയുള്ളവരുടെ ഭരണം ലോകത്ത് ഒരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നു മാത്രവുമല്ല അത്തരമൊരു ഭരണത്തിനുള്ള സാധ്യതകൾ വിദൂരഭാവിയിലേ ഉള്ളൂ എന്നും സമ്മതിക്കാതെ വയ്യ. അത് സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വർക്ക് അവരുടെ ബുദ്ധിശക്തിക്ക് അനുയോജ്യമായ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവരുടെ ബുദ്ധിശക്തികൊണ്ട് ഗ്രഹിക്കുവാനാകുന്ന പുതിയ ആശയങ്ങളുടെ ഒരു പ്രളയവും സമൂഹത്തിൽ സംഭവിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം അവരുടെ ബുദ്ധിശക്തിയെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള ഒരു സംവിധാനത്തിന്റെ അഭാവത്തിൽ ഭാരതം പോലെയൊരു ജനാധിപത്യ രാജ്യത്തിൽ അധികാരത്തിലെത്തുവാൻ പ്രത്യകമായ വിദ്യാഭ്യാസയോഗ്യതകളൊന്നും ആവശ്യമില്ലാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർ ഏതു നീചമായ മാർഗ്ഗവും ഉപയോഗിച്ച് അധികാരം കൈയാളുവാൻ ശ്രമിക്കും എന്നത് ഇന്ന് തെളിവുകളുടെ ആവശ്യമില്ലാതെ തന്നെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120