ബിനോയ് എം. ജെ.

നാം കാണുന്ന ലോകം ഭാവാത്മകമോ അതോ നിഷേധാത്മകമോ? സത്യത്തിന്റെ പ്രകൃതമെന്ത്? സത്യം എപ്പോഴും ഭാവാത്മകമാകുവാനേ നിവൃത്തിയുള്ളൂ. നാം കാണുന്ന ലോകം നിഷേധാത്മകമാണെങ്കിൽ അത് സത്യമാകുവാൻ വഴിയില്ല. ഈശ്വരൻ അത്യന്തം ഭാവാത്മകമായ ഒരു സത്തയാണ്. അപ്പോൾ പിന്നെ നിഷേധാത്മകവും, പരിമിതവും, വിരൂപമാക്കപ്പെട്ടതുമായ ഈ പ്രപഞ്ചം എവിടെനിന്ന് വരുന്നു? അത് വെറും സൃഷ്ടിയാണ്; അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. അത്യന്തം ഭാവാത്മകമായ ഈശ്വരൻ സർവ്വ വ്യാപിയായി വർത്തിക്കുമ്പോൾ നിഷേധാത്മകമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി എങ്ങനെ സംഭവിക്കുന്നു?അത് മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ മനസ്സ് എന്തിനുവേണ്ടി അതിനെ സൃഷ്ടിക്കുന്നു?

നാം ബാഹ്യയാഥാർഥ്യത്തെ മനസ്സിലൂടെ നോക്കിക്കാണുന്നു. മനസ്സ് ഉള്ളിടത്തോളം കാലം അപ്രകാരമേ സംഭവിക്കൂ. ഇനി ഈ മനസ്സ് എവിടെനിന്ന് വരുന്നു? മനസ്സ് എപ്പോഴും പൂർവ്വകാല അനുഭവങ്ങളുടെയും, അറിവിന്റെയും, ഓർമ്മകളുടെയും ഒരു സമാഹാരമാകുവാനേ വഴിയുള്ളൂ. അതിൽ ഈ ജന്മത്തിലെ മാത്രമല്ല മുജ്ജന്മങ്ങളിലെയും അനുഭവങ്ങൾ ഉൾപ്പെടുന്നു. നിഷേധാത്മകമായ ഒരാശയം തുടക്കത്തിൽ തന്നെ നമ്മുടെ മനസ്സിൽ കടന്നു കൂടിയിരിക്കുന്നു. ഇത് മൃഗജന്മങ്ങളിൽതൊട്ട് തന്നെ സംഭവിക്കുന്നതാവാം. നിഷേധാത്മകമായ ഈ ആശയബീജത്തിൽ നിന്നും കൂടുതൽ കൂടുതൽ നിഷേധാത്മക ചിന്തകൾ ഉത്ഭവിക്കുന്നു. അങ്ങിനെ നമ്മുടെ മനസ്സ് നിഷേധാത്മക ചിന്തകൾ കൊണ്ട് നിറയുന്നു. നാം അത്യന്തം ഭാവാത്മകമായ ആ ആശയത്തെ അഥവാ ഈശ്വരനെ , അറിയുകയോ അനുഭവിക്കുകയോ ചെയ്യാതെ പോകുന്നു.

ചുരുക്കി പറഞ്ഞാൽ നമ്മുടെ മനസ്സും അതിലൂടെ നോക്കിക്കാണുന്ന പ്രപഞ്ചവും യഥാർത്ഥമല്ല. അത് വളച്ചൊടിക്കപ്പട്ട സത്യമാണ്. അത് സത്യം പോലെ ഇരിക്കുന്നു; പക്ഷേ അത് സത്യമല്ല. അത് ഇരുട്ടത്ത് കിടക്കുന്ന കയറു പോലെയാണ്. നാമതിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. പാമ്പിനെകണ്ടു നാം ഭയപ്പെടുന്നു. പക്ഷേ അത് വാസ്തവത്തിൽ പാമ്പല്ല. പാമ്പ് മനോജന്യമാണ്. അത് മനസ്സിന്റെ സൃഷ്ടിയാണ്. അത് മനശ്ശാസ്ത്രപരമാണ്. ഇപ്രകാരം നാം കാണുന്ന പ്രപഞ്ചം മനസ്സിന്റെ സൃഷ്ടിയോ മായയോ ആണ്. സത്യം അല്ലെങ്കിൽ പരമമായ യാഥാർത്ഥ്യം മറ്റൊന്നാണ്. അതിനെ നാമറിയുന്നില്ല. അതിനെ നാമറിയാൻ ശ്രമിക്കുമ്പോഴേക്കും മനസ്സ് ഇടക്കുവന്നു കയറുന്നു.

ഇപ്രകാരം മനസ്സ് സൃഷ്ടിക്കുന്ന പരിമിതികളുടെയും, വൈരൂപ്യത്തിന്റെയും,നിഷേധാത്മകതയുടേതുമായ ഈ മായാലോകത്തിൽനിന്നും മോചനം നേടുവാൻ മനുഷ്യന് കഴിയുമോ? അനന്തസാധ്യതകളുടെയും അനന്താനന്ദത്തിന്റെയും ഉറവിടമായ ആ പരബ്രഹ്മത്തിൽ -ഈശ്വരനിൽ – എത്തിച്ചേരുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? പാമ്പായി തെറ്റിദ്ധരിക്കപ്പെടുന്ന കയറിനെ ,കയറായി തന്നെ കാണുവാൻ എന്തെങ്കിലും വഴിയുണ്ടോ? യാഥാർഥ്യത്തെ അതിന്റെ തനിസ്വരൂപത്തിൽ തന്നെ എങ്ങനെയാണ് കാണുക? അതിന് വിജ്ഞാനത്തിന്റെ വെളിച്ചം മനസ്സിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. തോന്നലുകളെയും വികൽപങ്ങളെയും ജയിക്കേണ്ടിയിരിക്കുന്നു. ഇതെങ്ങിനെയാണെന്ന് അടുത്ത ലേഖനത്തിൽ നമുക്ക് വിശദമായി പരിശോധിക്കാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120