ബിനോയ് എം. ജെ.
മനുഷ്യജീവിതം എപ്പോഴും അർത്ഥം അന്വേഷിക്കുന്നു. അർത്ഥം ഇല്ലാതെ ജീവിക്കുവാൻ മനുഷ്യനെക്കൊണ്ടാവില്ല.ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടാവണം. ഭാവി ഇപ്പോഴത്തെക്കാൾ മെച്ചപ്പെട്ടതും ശ്രേഷ്ഠവും ആയിരിക്കണം. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും പരിഹാരം ഉണ്ടാവണം. ഇപ്രകാരം നാം മെച്ചപ്പെട്ട ഒരു ജീവിതം സദാ സ്വപ്നം കാണുന്നു. അത് നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നു.
നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നതിൽ നല്ല ഒരു പങ്ക് ആഗ്രഹങ്ങൾക്കുണ്ട്. ആഴത്തിൽ പഠിച്ചു കഴിഞ്ഞാൽ ഇത് ഒരുതരം മഠയത്തരവും ആത്മവഞ്ചനയും ആണെന്ന് കാണാം. നാമെന്തിന്റെയൊക്കെയോ പിറകെ വെറുതെ ഓടിക്കൊണ്ടിരിക്കുന്നു. നാം പുരോഗമിക്കുകയാണെന്ന് കരുതുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം അർത്ഥവ്യത്താണെന്ന് നമുക്ക് തോന്നുന്നു. വാസ്തവത്തിൽ മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമേയുള്ളൂ. അതാവട്ടെ എല്ലാവരിലും ഒന്നു തന്നെയാണുതാനും. ആ ലക്ഷ്യം മോക്ഷപ്രാപ്തിയാകുന്നു. മറ്റൊരു ലക്ഷ്യം മനുഷ്യജീവിതത്തിന് ഉണ്ടാകുക അസാധ്യം. തോണിയിൽ കയറി നദി കടക്കുന്നവന്റെ ഏക ലക്ഷ്യം മറുകരെ എത്തുക എന്നതാണ്. എന്നാൽ അങ്ങനെ ഒരു ലക്ഷ്യത്തെ മറന്നശേഷം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തോണി തുഴയുന്നവൻ ഒരിക്കലും മറുകരെയെത്തുന്നില്ല. അയാൾ സമയവും പരിശ്രമവും പാഴാക്കുക മാത്രം ചെയ്യുന്നു. ഇതാണ് നമുക്കും പിണയുന്ന അബദ്ധം.
ജീവിതത്തിൽ നാം വ്യാജമായ ലക്ഷ്യങ്ങളുടെ പിറകേ പോകുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥവും സിദ്ധിക്കുന്നു. ഇങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കണ്ടെത്തുന്നതിൽ വിജയിക്കുന്നതിനാൽ നിങ്ങൾ മാനസിക രോഗങ്ങളിലേക്ക് വഴുതി വീഴുന്നില്ല. ഈയർത്ഥത്തിൽ ഇതൊരു ‘ഡിഫൻസ് മെക്കാനിസം’ പോലെയുണ്ട്. ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഈശ്വരനെ തപസ്സുചെയ്തു. ഒടുവിൽ ഈശ്വരൻ അയാൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, “നിന്റെ തപസ്സിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക”. നാറാണത്തുഭ്രാന്തൻ പറഞ്ഞു,”എനിക്ക് എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കണം.” ഈശ്വരൻ മറുപടി പറഞ്ഞു. “അത് മാത്രം സാദ്ധ്യമല്ല. ഒരിക്കൽ ജനിച്ചവൻ മരിച്ചേതീരൂ. മറ്റെന്തെങ്കിലും വരം ചോദിച്ചു കൊള്ളൂ” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു “എന്റെ വലത്തെ കാലിലെ മന്ത് ഇടത്തെകാലിലേക്ക് മാറ്റിത്തരണം”.
ഏതാണ്ട് ഇതുപോലെയാണ് നമ്മുടെ കാര്യവും. എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. അത് ഒട്ട് നടക്കുവാൻ പോകുന്നില്ലെന്ന് നമുക്കറിയുകയും ചെയ്യാം. ജീവിതം വ്യർത്ഥം! കടിച്ചു തൂങ്ങുവാൻ എന്തെങ്കിലും വേണ്ടേ? നാം പണത്തിന്റെയും, പ്രശസ്തിയുടെയും, അധികാരത്തിന്റെയും, വിദ്യാഭ്യാസയോഗ്യതകളുടെയും പിറകേ ഓടുന്നു. അങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കൈവരുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് കൊണ്ടുവരുന്നില്ല. സാഹചര്യങ്ങൾ ഒന്ന് മാറുന്നു, അത്രമാത്രം. വലത്തെ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറുന്നു. നമ്മുടെ ലക്ഷ്യം സംസാരസാഗരം താണ്ടുക എന്നതാണെന്ന് നാം മറന്നു പോയതുപോലെ ഇരിക്കുന്നു. നാം സംസാരസാഗരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സമയവും പ്രയത്നവും പാഴാവുകയും ചെയ്യുന്നു. നാമെങ്ങും എത്തിച്ചേരുന്നുമില്ല! ഇപ്രകാരം നാം ധാരാളം ജന്മങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്ക് ജീവിതത്തിന്റെ യഥാർത്ഥമായ അർത്ഥം കണ്ടെത്താം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply