ബിനോയ് എം. ജെ.

നിങ്ങൾ വളരെ ഗൗരവമുള്ള ഒരു മാനസിക അസ്വസ്ഥതയോ മാനസിക പ്രശ്നത്തെ ദുരന്തത്തെയോ പരാജയത്തെയോ നേരിടുന്നു എന്ന് കരുതുക. നിങ്ങൾ താടിക്ക് കയ്യും കൊടുത്തിരുന്ന് ആലോചിക്കുന്നു. നിങ്ങൾക്ക് ബാഹ്യ ജീവിതത്തിൽ താൽപര്യം നഷ്ടപ്പെട്ടു പോകുന്നു. നിങ്ങളുടെ കർമ്മശേഷി കുറയുന്നു. നിങ്ങൾ ദുഃഖിതൻ ആകുന്നു. പ്രശ്നം ഗുരുതരം ആകുന്തോറും നിങ്ങളുടെ അസ്വസ്ഥതയും കൂടുന്നു. ചിലർ നിരാശയിലേക്കും മറ്റുചിലർ ആത്മഹത്യയിലേക്ക് നീങ്ങുന്നു. നിങ്ങൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? ഒരു കാര്യം വ്യക്തം. നിങ്ങളുടെ വിജ്ഞാനം മറക്കപ്പെട്ടു പോകുന്നു. അതുവരെ ചെയ്തിട്ടില്ലാത്ത മണ്ടത്തരങ്ങൾ ഒക്കെ നിങ്ങൾ ചെയ്തു തുടങ്ങുന്നു. നിങ്ങൾക്ക് യാതൊന്നും

അറിഞ്ഞുകൂടാത്തതുപോലെ അനുഭവപ്പെടുന്നു. നിങ്ങൾ അജ്ഞനും മഠയനുമായി മാറുന്നു. ഇതുവരെ നിങ്ങൾക്കുണ്ടായിരുന്ന വിജ്ഞാനം എല്ലാം ഇപ്പോൾ എവിടെപ്പോയി ഒളിച്ചു? ഒറ്റ നിമിഷം കൊണ്ട് നിങ്ങൾക്ക് എന്ത് സംഭവിച്ചു?

ദുഃഖിതൻ ആകുമ്പോൾ നിങ്ങളുടെ അറിവ് തിരോഭവിയ്ക്കുന്നു. സന്തോഷിക്കുമ്പോൾ അത് അത്യന്തം പ്രകാശിക്കുകയും ചെയ്യുന്നു. ദുഃഖിക്കുമ്പോൾ മനസ്സ് കട്ടിപിടിച്ച് ഉള്ളിലുള്ള ആത്മാവിന്റെ വിജ്ഞാനം ആകുന്ന പ്രകാശത്തെ പുറത്തേക്ക് കൊണ്ടുവന്നതിൽ നാം പരാജയപ്പെട്ടു പോകുന്നു. സന്തോഷിക്കുമ്പോൾ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള ആത്മാവിന്റെ പ്രകാശം ധാരാളമായി പുറത്തേക്ക് വരികയും ചെയ്യുന്നു.

അറിവ് വേണമെന്നുള്ളവർ അറിവിന്റെ പുറകയല്ല പോകേണ്ടത്. അറിവിന്റെ പുറകെ പോകുമ്പോൾ പരസ്പരവിരുദ്ധമായ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുകയും അവ പരസ്പരം സംഘടനത്തിലാകുകയും മനസ്സിന്റെ സുതാര്യത നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു. ഇതാണ് മനുഷ്യവംശത്തിന് പിണഞ്ഞിരിക്കുന്ന അമളി. മറിച്ച് വിജ്ഞാനത്തെ തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുകയും പകരം ആവോളം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ആസ്വദിക്കുകയും ചെയ്താൽ നിങ്ങളുടെ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള വിജ്ഞാനം നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

സന്തോഷിക്കുവാനും ജീവിതം ആസ്വദിക്കാനും കുട്ടികൾക്കുള്ള അപാരമായ കഴിവിനെ കുറിച്ച് എല്ലാവർക്കും തന്നെ നന്നായി അറിയാം. ആ അർത്ഥത്തിൽ കുട്ടികൾ എളുപ്പം അറിവ് സമ്പാദിക്കാൻ അർഹരുമാണ്. കുട്ടികളെ കൂടുതൽ കൂടുതൽ സന്തോഷിക്കുവാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ അവർ സർവ്വജ്ഞന്മാരായി മാറും. ഇതാകുന്നു യഥാർത്ഥമായ വിദ്യാഭ്യാസം. മറിച്ച് അവരുടെ സന്തോഷിക്കുവാനുള്ള നൈസർഗികമായ വാസനയെ കൊന്നുകളഞ്ഞ് അവരെ ബലം പ്രയോഗിച്ച് ഗണിതശാസ്ത്രവും സയൻസും പഠിപ്പിക്കുവാൻ പരിശ്രമിച്ചാൽ അവർ മഠയന്മാരായി മാറുകയേ ഉള്ളൂ. നമ്മുടെ വിദ്യാലയങ്ങൾ ആസ്വാദനത്തിന്റെ ക്ഷേത്രങ്ങളായി മാറേണ്ടിയിരിക്കുന്നു. ജീവിതം ആവോളം ആസ്വദിക്കുവാൻ അവർ പഠിച്ചാൽ അവരുടെ ഉള്ളിൽ

നിന്നും വിജ്ഞാനം പുറത്തേക്ക് വന്നു തുടങ്ങും. കുട്ടികളിൽ നിന്നും വിജ്ഞാനം പുറപ്പെടുന്നു എന്ന് യേശുദേവൻ പറഞ്ഞത് എത്രയോ ശരിയാണ്. അറിവ് പുറത്തുനിന്നും ഉള്ളിലേക്ക് വരേണ്ട ഒന്നല്ല മറിച്ച് ഉള്ളിൽ നിന്ന് പുറത്തേക്ക് വരേണ്ട ഒന്നാണ്. അത് ഇപ്പോൾ തന്നെ ഉള്ളിൽ ഉറങ്ങുന്നുണ്ട്. ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. കുട്ടികൾക്കുള്ള തടസ്സങ്ങളെയും പ്രശ്നങ്ങളെയും മാറ്റിക്കളയുവാൻ അവർ താനെ പഠിച്ചു കൊള്ളും. മറിച്ച് എന്തോരു വിവരക്കേടാണ് നാം ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ പേരിൽ കാട്ടുകൂട്ടിക്കൊണ്ടിരിക്കുന്നത്? വിജ്ഞാനം പുറത്തുനിന്നാണ് വരുന്നത് എന്ന പാശ്ചാത്യയുടെ വിവരംകെട്ട ആശയത്തെ നാം ഇനിയും പ്രോത്സാഹിപ്പിക്കുവാൻ പാടില്ല. നോക്കൂ അല്പം പുളിമാവു മതി ഒരു കലംമാവ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഴുവൻ പുളിപ്പിക്കുവാൻ. അല്പം വിവരക്കേട് നമ്മുടെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കുന്നു. ഇനിയെങ്കിലും നന്നാകണമെന്നും മെച്ചപ്പെടണമെന്നും ആഗ്രഹമുണ്ടെങ്കിൽ ബുദ്ധിപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ കുട്ടികൾ മാത്രമല്ല നാമും സന്തോഷിക്കേണ്ടിയിരിക്കുന്നു! സന്തോഷമാകുന്നു പരമമായ ജീവിത ആദർശം. നിങ്ങൾ സന്തുഷ്ടനാണെങ്കിൽ മറ്റുള്ളവ ഒന്നുമില്ലെങ്കിലും സാരമില്ല. നിങ്ങൾ അസന്തുഷ്ടൻ ആണെങ്കിൽ എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല. ലോകത്തിനു പുറകെ ഓടുമ്പോഴും വാസ്തവത്തിൽ നാം സന്തോഷത്തിന് പിറകെ തന്നെയാണ് ഓടുന്നത്. പണവും അധികാരവും കിട്ടിയാൽ

സന്തുഷ്ടരാകും എന്ന് നാം മൂഢമായി വിചാരിച്ചു വച്ചിരിക്കുന്നു. സന്തോഷിക്കുവാൻ ഒരാൾക്ക് പണത്തിന്റെയോ അധികാരത്തിന്റെ ആവശ്യമൊന്നുമില്ല. സന്തോഷിക്കുവാൻ കാറിന്റെയോ ബംഗ്ലാവിന്റെയോ ആവശ്യമില്ല. സന്തോഷിക്കുവാൻ അതിനുള്ള സന്നദ്ധത മാത്രം മതിയാകും. ആഹ്ലാദത്തിന് മുൻപിൽ എല്ലാം വീഴും. അതിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ ലൗകിക ശക്തികൾക്ക് ആവുകയില്ല.

ആയതിനാൽ സ്നേഹിതരെ വഞ്ചിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കുവിൻ. നിങ്ങളുടെ ഉള്ളിൽ ഉറങ്ങുന്ന അനന്തമായ വിജ്ഞാനത്തെക്കുറിച്ച് ബോധവാന്മാരാകുവിൻ. അതിനെ പ്രകാശിപ്പിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120