ബിനോയ് എം. ജെ.

യുക്തി ചിന്തയിലൂടെ ഈശ്വരനെ കണ്ടെത്തുവാനുള്ള യോഗ പദ്ധതിയാണ് ജ്ഞാനയോഗം. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നു . മറ്റുപലരും അത്ഭുതപ്പെടുന്നു. കാരണം നമ്മുടെ സമൂഹം, ഈശ്വരനും യുക്തിക്കും ഇടയിൽ ഒരു മതിൽ തീർത്തിരിക്കുന്നു. യുക്തിയുക്തം ചിന്തിച്ചാൽ ഈശ്വരനെ നിഷേധിക്കേണ്ടി വരും എന്ന് പലരും വാദിക്കുന്നു. അതിനാൽ തന്നെ ഈശ്വരനെ അറിയുവാൻ ആഗ്രഹിക്കുന്നവരിൽ പലരും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നു. ഇത് കണ്ട് മനം മടുക്കുന്ന മറ്റു ചിലർ ഈശ്വരനെ നിഷേധിച്ചുകൊണ്ട് നിരീശ്വരവാദികൾ ആയിത്തീരുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചുറ്റികയടി ഏറ്റു നമ്മുടെ മതപരമായ ജീവിതം വിറകൊള്ളുന്നു.

എന്താണ് ഇവിടുത്തെ പ്രശ്നം? നമ്മൾ ജ്ഞാന യോഗത്തെക്കുറിച്ച് കേട്ടിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനെ നമുക്ക് ആരും പഠിപ്പിച്ച് തന്നിട്ടില്ല. വാസ്തവത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ സത്ത അല്ല പരമമായ യാഥാർത്ഥ്യം. നാം പ്രഭാതത്തിൽ സൂര്യൻ കിഴക്കുദിക്കുന്നതായും അവിടെ നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിച്ച് സായാഹ്നത്തിൽ അപ്രത്യക്ഷമാകുന്നതായും കാണുന്നു. ഇത് ശരിയാണെന്ന് നാം ഒരുകാലത്ത് വിശ്വസിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ യുക്തി ഉണരുകയും ചിന്താശക്തി ബലപ്പെടുകയും ചെയ്തപ്പോൾ ഈ കാണുന്നത് ഒരുമിഥ്യ ആണെന്നും സത്യം മറ്റൊന്നാണ് എന്നും നമുക്ക് മനസ്സിലായി. ഇതുപോലെ ശിശുവായിരുന്നപ്പോൾ നാം ശിശുക്കളെ പോലെ ചിന്തിച്ചു. പ്രായമാകുമ്പോൾ നാം ശിശുസഹജമായവയെ കൈവെടിയുന്നു. അങ്ങിനെ ചെയ്യാതിരുന്നാൽ നമ്മുടെ വളർച്ച മുരടിച്ചു പോവുകയും നാം അധംപതിക്കുകയും ചെയ്യുന്നു.

മായാ ബന്ധനത്തെ ഭേദിച്ച് കടക്കണമെങ്കിൽ നാം യുക്തിചിന്തയുടെ വാളും സത്യാന്വേഷണത്തിന്റെ പരിചയും ധരിക്കേണ്ടിയിരിക്കുന്നു. ആഴവും പരപ്പും കുറഞ്ഞ മതങ്ങളുടേയും തത്വശാസ്ത്രങ്ങളുടെ പിറകെ പോയി ബുദ്ധിശക്തിക്ക് വേണ്ടത്ര ജോലിയും വ്യായാമവും കൊടുക്കാതെ അന്ധവിശ്വാസ ജഡിലമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ജീവിതയാത്രയിൽ പിറകോട്ടായിരിക്കും നിങ്ങൾ സഞ്ചരിക്കുക എന്ന് ഓർത്തുകൊള്ളുക. ‘ബുദ്ധു’ എന്നും ‘ബുദ്ധൻ’ എന്നും നിങ്ങൾ കേട്ടിരിക്കും. നാം ഇപ്പോൾ ജീവിക്കുന്നത് ഇവയുടെ മധ്യത്തിലാണ്. നാം ബുദ്ധിശക്തിയുടെ ലോകത്ത് ജീവിക്കുന്നു. ബുദ്ധു എന്നത് മൃഗ ജന്മങ്ങളെ സൂചിപ്പിക്കുന്നു. അവർ ബുദ്ധിക്കും ഇപ്പുറത്താണ് .ബുദ്ധനാവുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. ബുദ്ധിക്കും അപ്പുറംപോവുക. ബുദ്ധു ആവുക അല്ല.

ഇന്ദ്രിയങ്ങളിലൂടെ നാം ഗ്രഹിക്കുന്ന യാഥാർത്ഥ്യമല്ല പരമമായ യാഥാർഥ്യം എന്ന് ജ്ഞാനയോഗം നമ്മെ പഠിപ്പിക്കുന്നു. യുക്തി യുക്തം ചിന്തിക്കുന്നയാൾ അതിനെ ഒരു മതി ഭ്രമമായി കണ്ട് തള്ളിക്കളയുന്നു. ഇവിടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാരും പൗരാണിക ഭാരതീയരും തമ്മിൽ വിയോജിക്കുന്നത്. നാം സിനിമ കാണുമ്പോൾ ആളുകൾ നമ്മുടെ മുന്നിൽ നടക്കുകയും സംസാരിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നതായി കാണുന്നു. അത് തൽക്കാലത്തേക്ക് ആണെങ്കിലും ഒരു യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാൽ അത് വെറും തോന്നൽ മാത്രമാണെന്ന് നമുക്കറിയാം. കാരണം നമുക്ക് ശാസ്ത്ര ജ്ഞാനം ഉണ്ട് എന്നതുതന്നെ. അതിനാൽ തന്നെ നാം ചുറ്റുപാടും കാണുന്ന ചലിക്കുന്ന ഈ യാഥാർത്ഥ്യം ഒരു തോന്നൽ മാത്രമാണെന്ന് ശാസ്ത്രം കണ്ടെത്തുന്ന ഒരു നാൾ വരും. അപ്പോൾ മാത്രമേ നാം ബുദ്ധിക്കും അപ്പുറംപോകൂ. അപ്പോൾ മാത്രമേ മനുഷ്യൻ ഈശ്വരനാവുകയുള്ളൂ. അതുവരെ നാം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ല. നാം ശിശുക്കളെപ്പോലെയാണ്. ആയതിനാൽ ബുദ്ധിക്കും യുക്തിക്കും ആവശ്യത്തിന് ജോലി കൊടുക്കുവിൻ. അവിടെ മതവും ശാസ്ത്രവും ഒന്നിക്കുന്നതായി കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.