ബിനോയ് എം. ജെ.

നമ്മുടെ ജീവിതം സംഭവിക്കുന്നത് നിത്യതയിൽ ആണ്. പക്ഷേ നമുക്ക് അത് അങ്ങനെ അനുഭവപ്പെടുന്നില്ല. നാം സദാ സമയത്തിൽ ജീവിക്കുന്നു. എവിടെ നിന്നാണ് ഈ സമയം വരുന്നത്? ആൽബർട്ട് ഐൻസ്റ്റീൻ ഇപ്രകാരം പറയുന്നു.” നിങ്ങൾ ഒരു സുന്ദരിയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ മണിക്കൂറുകൾ നിങ്ങൾക്ക് നിമിഷങ്ങൾ പോലെ അനുഭവപ്പെടും. എന്നാൽ നിങ്ങൾ ഒരു തീക്കട്ടയുടെ പുറത്ത് ഇരിക്കുകയാണെങ്കിൽ നിമിഷങ്ങൾ നിങ്ങൾക്ക് മണിക്കൂറുകൾ പോലെ അനുഭവപ്പെടും.” വേദനയിൽ നിന്നുമാണ് സമയം അനുഭവപ്പെടുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

മരണമാകുന്നു അടിസ്ഥാനപരമായ വേദന . മരണം മുന്നിൽ ഉള്ളപ്പോൾ സമയം അനുഭവപ്പെടുന്നു. നാം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എണ്ണുകയാണ്. മരണത്തിലേക്ക് ഇനി എത്ര സമയം കൂടി ബാക്കി? മരണം ആകുന്ന പ്രശ്നം പരിഹരിക്കപ്പെടാതെയും വിചിന്തനം ചെയ്യപ്പെടാതെയും മനസ്സിന്റെ ഏതോ കോണിൽ അടിച്ചമർത്തപ്പെട്ടു കിടക്കുന്നു. അതിനുവേണ്ടി തന്നെ മാനസിക ഊർജ്ജത്തിന്റെ (libido) നല്ലൊരുഭാഗവും ചെലവിടുന്നു . നാമതിനെ ഭാവിയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. നാം അതിനെ മറക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. എന്നാലും അത് ഉണ്ടെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സ് സദാ ഭാവിയിൽ പരതി കൊണ്ടിരിക്കുന്നു. മനസ്സിനെ വർത്തമാനത്തിലേക്ക് കൊണ്ടുവരുവാൻ എത്രമാത്രം ശ്രമിച്ചാലും മനസ്സ് വർത്തമാനത്തിലേക്ക് വരുന്നില്ല. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം?

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം- മരണം -ഭാവിയിൽ ആണ് കിടക്കുന്നത് എന്നതുതന്നെ! ആ പ്രശ്നത്തെ ഭാവിയിലെങ്കിലും പരിഹരിക്കുവാൻ ശ്രമിച്ചാൽ അതിൻറെ തീവ്രത കുറയുന്നതായി കാണുവാൻ കഴിയും. എങ്ങനെയാണ് ഈ പ്രശ്നത്തെ പരിഹരിക്കുക? മരണം നിഷേധാത്മകമായ ഒരു പ്രതിഭാസം ആണെങ്കിൽ അതിന് ഭാവാത്മകമായ മറ്റൊരു വശം കൂടി ഉണ്ട്. അത് പുനർജ്ജന്മം ആകുന്നു. മരണവും പുനർജ്ജന്മവും ഒരേ നാണയത്തിന്റ രണ്ട് വശങ്ങൾ പോലെയാണ് .ജനിക്കുന്നവന് മരണം നിശ്ചയം! മരിക്കുന്നവന് ജനനം നിശ്ചയം! ആയതിനാൽ മരണത്തിന്റെ മേൽ വിജയം വരിക്കണം എന്നുള്ളവർ പുനർജ്ജന്മത്തെ മനസ്സിൽ സദാ ധ്യാനിച്ച് കൊള്ളുക. മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ക്ലേശകരമാണ്. അത് നിഷേധാത്മകമാണ്! എന്നാൽ പുനർജ്ജന്മം ആകട്ടെ അത്യന്തം ഭാവാത്മകം ആകുന്നു. അതിന്റെ മുന്നിൽ മരണം അസാധുവാണ്. പുനർജ്ജന്മത്തെ കുറിച്ച് ആവോളം ധ്യാനിക്കുന്നവന്റെ മരണം സ്വയം തിരോഭവിക്കുന്നതായി കാണാം.

പുതിയ ഒരു ജന്മം; പുതിയ മാതാപിതാക്കൾ ;പുതിയ സഹോദരങ്ങൾ; പുതിയ ബന്ധുമിത്രാദികൾ; പുതിയ വീട്; പുതിയ വിദ്യാലയവും പുതിയഅയൽവക്കവും; പുതിയ ശൈശവവും പുതിയ കൗമാരവും ;പുതിയ ശരീരവും പുതിയ വ്യക്തിത്വവും; പുതിയ പ്രവർത്തന മണ്ഡലങ്ങൾ .എല്ലാം പുതുമയുള്ളവ. ഇത് മനോഹരമായി തോന്നുന്നില്ലേ ? ഭാസുരമായ ഈ പുതിയ ജീവിതത്തിനുവേണ്ടി പഴയതിനെ തിരസ്കരിക്കുവാൻ നമുക്ക് മടി തോന്നുകയില്ല. അപ്പോൾ നമ്മുടെ ജീവിതം നിത്യതയിലേക്ക് നീളുന്നു. ജന്മങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഭവിച്ചു കൊള്ളട്ടെ. പക്ഷേ നമുക്ക് മരണഭയമില്ല. ഇവിടെ സകല വേദനകളും സമയവും തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾക്ക് ഭാവിയിൽ പരതേണ്ട ആവശ്യം വരില്ല. നിങ്ങൾ വർത്തമാനത്തിൽ ആവും ജീവിക്കുക. അപ്പോൾ നിങ്ങൾക്ക് നിർവ്വാണം അനുഭവപ്പെടും.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.