ബിനോയ് എം. ജെ.

എല്ലാ ഭാരതീയ തത്വചിന്തകന്മാരും അടിവരയിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ആഗ്രഹം അനാരോഗ്യകരമാണ്. ശ്രീബുദ്ധന്റെ എല്ലാ ഉപദേശങ്ങളും ഈയൊരു തത്വത്തെ ചുറ്റിപറ്റി കിടക്കുന്നു. എന്താണ് ആഗ്രഹമെന്ന് ഉപരിപ്ലവമായി നമുക്കറിയാം .എന്നാൽ നാം അതിനെ ആഴത്തിൽ അറിയുന്നില്ല. ഒരിക്കൽ അതിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നാം ഒന്നും ആഗ്രഹിക്കുകയില്ല. ആഗ്രഹങ്ങൾ തിരോഭവിക്കുന്നത് ആനന്ദം ഉണർന്നു തുടങ്ങുന്നു . നമ്മിലെ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു.

അനന്തമായ ആനന്ദം മനുഷ്യന്റെ പ്രകൃതമാകുന്നു. ആഗ്രഹം ഈ ആനന്ദത്തെ മറക്കുന്നു. ആഗ്രഹിക്കുന്ന മനുഷ്യൻ ആന്തരികമായ പൂർണ്ണതയെ നിഷേധിക്കുന്നു. ആഗ്രഹം അപൂർണ്ണതയുടെ അടയാളമാകുന്നു. അപൂർണതയിൽ നിന്നും അല്ല ആഗ്രഹം ഉദിക്കുന്നത് മറിച്ച് ആഗ്രഹത്തിൽ നിന്നും ആണ് അപൂർണ്ണത അനുഭവപ്പെടുന്നത്. ആഗ്രഹം നമ്മിൽ ഒരു ആശയക്കുഴപ്പം ജനിപ്പിക്കുന്നു. ഞാൻ പൂർണ്ണനോ അതോ അപൂർണ്ണനോ? ഉള്ളിലുള്ള ആന്തരിക സത്ത പറയുന്നു ഞാൻ പൂർണ്ണൻ ആണ്; എന്നാൽ ആഗ്രഹങ്ങളെ തേടുന്ന അതേ സത്ത പറയുന്നു ഞാൻ അപൂർണ്ണനാണ്. മനസ്സ് ജനിക്കുന്നത് ഈ ആശയക്കുഴപ്പത്തിൽ നിന്നുമാണ്.

വാസ്തവത്തിൽ എന്റെ അസംതൃപ്തിയും എന്റെ ആഗ്രഹങ്ങളും കൂടിച്ചേർന്ന് ഒരു ദൂഷിത വലയത്തിന് രൂപം കൊടുക്കുന്നു. ആഗ്രഹിക്കുമ്പോൾ ഞാൻ അപൂർണ്ണനാണ് എന്ന ചിന്ത (അസംതൃപ്തി) വരുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹങ്ങൾ ജനിക്കുന്നു. ഈ ദൂഷിത വലയത്തെ തകർക്കണം എങ്കിൽ പുതിയ ഒരു ചിന്താസരണി വെട്ടി തുറക്കേണ്ടിയിരിക്കുന്നു. “അഹം ബ്രഹ്മാസ്മി” എന്ന് നിങ്ങൾ കേട്ടിരിക്കും. അതിന്റെ അർത്ഥം ‘ഞാൻ ഈശ്വരൻ ആണ്’ എന്നതാണ്. അവിടെ അസംതൃപ്തിക്കോ, അപൂർണ്ണതയ് ക്കോ,ആഗ്രഹങ്ങൾക്കോ സ്ഥാനമില്ല. അവിടെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു. ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നിടത്ത് മനസ്സ് തിരോഭവിക്കുന്നു. മനസ്സ് തിരോഭവിക്കുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ പ്രകാശിക്കുന്നു.

ആഴത്തിൽ ചിന്തിക്കുമ്പോൾ എല്ലാ ആഗ്രഹങ്ങളും അസ്ഥാനത്താണെന്ന് കാണുവാൻ സാധിക്കും.ആന്തരികമായി നോക്കുമ്പോൾ നാം പൂർണ്ണരാണെന്നും അതിനാൽ തന്നെ ആഗ്രഹങ്ങൾക്ക് നിലനിൽപ്പില്ലെന്നും അറിയുവാൻ കഴിയുന്നു. ബാഹ്യമായി നോക്കുമ്പോഴോ? അവിടെ നമുക്കൊരു സമത കാണുവാൻ കഴിയുന്നു .ബാഹ്യലോകത്ത് അസമത കാണുന്നവൻ മൂഢൻ ആകുന്നു. നിങ്ങൾക്ക് പണം ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം ;അധികാരം ഉണ്ടായിരിക്കാം ,ഇല്ലായിരിക്കാം . ഏതാണ് കൂടുതൽ ശ്രേഷ്ഠം? അധികാരവും പണവും ആണ് ശ്രേഷ്ഠമെന്ന് മൂഢനും അജ്ഞനും ആയവൻ കരുതുന്നു. എന്നാൽ ആഴത്തിൽ ചിന്തിക്കുകയും ജീവിതത്തെ അനുഭവിച്ചറിയുകയും ചെയ്യുന്നവൻ എല്ലാം സമം ആണെന്ന് പറയുന്നു. പണവും അധികാരവും നിങ്ങളുടെ മന:സ്സമാധാനത്തെ കെടുത്തുന്നു . പണവും അധികാരവും ഉള്ളവൻ ശ്രേഷ്ഠൻ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിന്റെ കാരണം നിങ്ങളുടെ കാഴ്ചപ്പാടിലുള്ള വൈകല്യം മാത്രമാണ്. നിങ്ങളെക്കാൾ ശ്രേഷ്ഠരായി നിങ്ങൾ ആരെയും കരുതേണ്ട കാര്യമില്ല. അങ്ങനെ കരുതിയാൽ അയാൾ നിങ്ങളെ ചൂഷണം ചെയ്യും! നിങ്ങളെക്കാൾ അധമൻ ആയി ആരെയും കാണാതിരിക്കുക. അങ്ങനെ കരുതുന്നത് പാപമാണ്! അതിൽ നിന്നും ദുഃഖമേ ഉണ്ടാവൂ..അസമത്വബോധത്തിൽ നിന്നും ആഗ്രഹം ജനിക്കുന്നു. ആഗ്രഹത്തിൽ നിന്നും അസംതൃപ്തി ജനിക്കുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹം ജനിക്കുന്നു. ഇതൊരു ദൂഷിത വലയമാണ് .ഇതിനെ തകർക്കുന്നവൻ ജീവിതത്തിൽ വിജയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.