ബിനോയ് എം. ജെ.

ഈശ്വരൻ നമ്മെ സംബന്ധിച്ചിടത്തോളം നാല് അക്ഷരങ്ങൾ മാത്രമാണ്. സമയത്തും അസമയത്തും, സ്ഥാനത്തും അസ്ഥാനത്തും നാം അതിനെ കുറിച്ച് സംസാരിക്കുന്നു . അത് നമുക്കൊരു ഭംഗി വാക്ക് ആണ്. അതിലുമുപരി അത് നമ്മുടെ അജ്ഞാനത്തെ മറച്ചുപിടിക്കാൻ ഉള്ള മറ കൂടിയാണ്. ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു. വാസ്തവത്തിൽ നമ്മുടെ കർമ്മങ്ങളിലൂടെ ; വികാരവിചാരങ്ങളിലൂടെ ആരാണ് പ്രവർത്തിക്കുന്നത്? പാശ്ചാത്യർ പറയുന്ന മാതിരി അത് ഈ കാണുന്ന ശരീരത്തിന്റെയോ അത് രൂപം കൊടുക്കുന്ന മനസ്സിന്റെയോ സൃഷ്ടിയാണോ ?കുറേ മൂലകങ്ങളും സംയുക്തങ്ങളും കൂടിച്ചേർന്നാൽ ഈ കാണുന്ന വ്യക്തിത്വം ഉണ്ടാകുമോ ? ഈ ചേതന എവിടെനിന്നു വരുന്നു? ഈ അത്ഭുതങ്ങൾ എങ്ങനെ സംഭവിക്കുന്നു?

ഇത് ഈശ്വരന്റെ പ്രവൃത്തിയാണെന്ന് സമ്മതിക്കാതിരിക്കുവാൻ വയ്യ. സങ്കീർണ്ണമായ ഈ ശരീരവും, അതിനേക്കാൾ സങ്കീർണ്ണമായ ഈ മനസ്സും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ബുദ്ധിശക്തിയും ഒക്കെ ഈശ്വരന്റെ പ്രകടനമോ അവതരണമോ മാത്രമാണ്. ഇത് അവിടുത്തെ കർമ്മം ആകുന്നു. അവിടുന്നാണ് നമ്മളിലൂടെ പ്രവൃത്തിക്കുന്നത്. താൻ പാതി ദൈവം പാതി എന്ന് പറയുമ്പോഴും അത് പൂർണ്ണമാകുന്നില്ല! അവിടെ നമ്മൾ ദൈവത്തിന്റെ കുറെ കർമ്മങ്ങൾ വക്രിച്ചെടുക്കുന്നു. ഇത് എന്റെ കർമ്മം ആണെന്ന് പറയുമ്പോൾ നമ്മുടെ ‘അഹം’ രൂപപ്പെടുന്നു. അഹത്തോടൊപ്പം സ്വാർഥതയും രൂപംകൊള്ളുന്നു. അവിടെ വൃക്തിബോധവും ശരീര ബോധവും ഉത്ഭവിക്കുന്നു. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ മറക്കുകയും ചെയ്യുന്നു.

നമ്മിലൂടെ പ്രവർത്തിക്കുന്ന ഈശ്വരന്റെ ഈ കർമ്മങ്ങളുടെ ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുമ്പോൾ അവയുടെ പ്രതിഫലത്തിനുമേൽ നാം ഒരു അവകാശവാദം കൂടി ഉന്നയിക്കുന്നുണ്ട്. “ഇത് എന്റെ കർമ്മമാണ്, ഇതിന്റെ പ്രതിഫലം എനിക്കുള്ളതാണ്.” പ്രതിഫലം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മമൊന്നും നിഷ്കാമ കർമ്മം അല്ല. അവ സ്വാർത്ഥ കർമ്മങ്ങൾ ആകുന്നു. അവ നമുക്ക് ശാശ്വതമായ ശാന്തി തരുന്നതിന് പകരം സുഖദുഃഖങ്ങൾ സമ്മാനിക്കുന്നു. ഞാൻ ബ്രഹ്മം തന്നെയാണെന്നുള്ള ശാശ്വതസത്യം വിസ്മരിക്കപ്പെടുകയും ആ സ്ഥാനത്ത് ഞാൻ ഈ കാണുന്ന ശരീരമാണ് എന്നുള്ള മൂഢമായ വിചാരം പ്രബലപ്പെടുകയും ചെയ്യുന്നു.

ഈശ്വരപ്രണിനിധാനം എന്നാൽ ഈ മൂഢതയെ ജയിക്കുക എന്നതാകുന്നു. ഈ ശരീരത്തിലൂടെ പ്രവർത്തിക്കുന്നത് അവിടുന്നാണ് എന്നും ,അതിന്റെ പ്രതിഫലം അവിടേക്ക് ഉള്ളതാണെന്നും , ഞാൻ എന്ന് പറയുന്ന ഒന്നില്ലെന്നും, ഉണ്ടെങ്കിൽ തന്നെ അത് ഈശ്വരനിൽ നിന്നും അടർത്തിയെടുക്കാൻ ആവാത്ത ഒരു സത്തയാണെന്നും സമ്മതിച്ചു കൊടുക്കുമ്പോൾ നമ്മുടെ അസ്വസ്ഥതകൾ തിരോഭവിക്കുന്നു; നമ്മിലെ അല്പത്വം തിരോഭവിക്കുന്നു. നാം നിസ്വാർത്ഥരായി മാറുന്നു. ഇപ്രകാരം നിസ്വാർത്ഥ കർമ്മം അനുഷ്ഠിക്കുന്നത് ആകുന്നു നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം. ഇവിടെ നാം സത്യം പറയുന്നു .മറിച്ചു പറയുന്നതെല്ലാം നുണയാണ്. അഹവും സ്വാർത്ഥതയും മിഥ്യയാകുന്നു. അവ ദ:ഖത്തിലേക്കുള്ള പ്രവേശന കവാടങ്ങളാണ്. ഈശ്വരപ്രണിനിധാനം ആകട്ടെ നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ഉള്ള ഏറ്റവും സ്വാഭാവികമായ മാർഗ്ഗവും ആകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.