ബിനോയ് എം. ജെ.

സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെല്ലാം സമരത്തിലൂടെയും വിപ്ലവത്തിലൂടെയും അടിച്ചമർത്തലുകളിൽ നിന്നും മോചനം നേടുന്നു. ശതാബ്ദങ്ങളായി കുട്ടികളും ഇപ്രകാരം അടിച്ചമർത്തപ്പെട്ടു പോരുന്നു. അതിനാൽ തന്നെ അവരും ഇതിനോടകം തന്നെ ഒരു വിപ്ലവം ആരംഭിച്ചു കഴിഞ്ഞു. അത് പ്രകടമാക്കുവാൻ ഇനിയും നാളുകൾ എടുത്തേക്കാം. എന്നാൽ അത് ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലും മറ്റ് പാശ്ചാത്യനാടുകളിലും കുട്ടികൾക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹം ബോധവ്യത്തായി വരുന്നു. പണ്ട് കാലങ്ങളിൽ മുതിർന്നവരുടേയും കാരണവന്മാരുടെ മുന്നിൽ കുട്ടികൾ ഓച്ചാനിച്ച് നിൽക്കണമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കുട്ടികൾ അങ്ങനെ ചെയ്തു കാണുന്നില്ല.

ഇത് കുട്ടികളുടെ അധികപ്രസംഗം ആണെന്ന് കരുതുന്നത് മൂഢതയാണ്. മറിച്ച് അത് ,കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഉണ്ടായിരിക്കേണ്ട സമതയുടെ സൂചന മാത്രമാണ്. കുട്ടികളെ താണവരായി മുതിർന്നവർ കണക്കാക്കുന്നു .അതിനാൽ തന്നെ അവരുടെ അവകാശങ്ങളും അധികാരങ്ങളും മുതിർന്നവർ മാനിക്കുന്നില്ല . ഇത് എത്രമാത്രം ശരിയാണ്? കുട്ടികൾ വാസ്തവത്തിൽ താണവരാണോ? അല്ല ,എന്നുള്ളതാണ് സത്യം ! പുറമേ നിന്നു നോക്കിയാൽ അവർ മുതിർന്നവരിൽ നിന്നും വ്യത്യസ്തരാണ്. ചില കാര്യങ്ങളിൽ അവർ മുതിർന്നവരേക്കാൾ ശ്രേഷ്ഠരുമാണ്. അവർക്ക് ബൗദ്ധികവും വൈകാരികവുമായ പക്വതയില്ലെന്ന് വാദിക്കപ്പെടുന്നു. പക്ഷേ നൂതന കാര്യങ്ങൾ മനസ്സിലാക്കുന്നതിനും നൂതന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും കുട്ടികൾക്ക് അപാരമായ കഴിവുണ്ട്. എല്ലാറ്റിനുമുപരിയായി അവർക്ക് ജീവിതം ആസ്വദിക്കാൻ അറിയാം. ഇത് ഒരുതരം കഴിവും പക്വതയും അല്ലേ? അവരിൽ മൂല്യബോധം വളർന്നിട്ടില്ലായിരിക്കാം. എന്നാൽ അവർക്ക് അവരുടേതു മാത്രമായ ചില മൂല്യങ്ങൾ ഉണ്ടെന്ന് മറക്കാതിരിക്കുക.

കുട്ടികളെ അടിച്ചമർത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വവും കടമയും ആണെന്ന് മുതിർന്നവർ ധരിച്ചവരായിരിക്കുന്നു. നിർബന്ധിത വിദ്യാഭ്യാസം ആർക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് ?അവർക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ? അത് നമുക്ക് വേണ്ടി തന്നെയാണ്! അങ്ങനെ ഒരു സമ്പ്രദായത്തിന്റെ അഭാവത്തിൽ അവരെ അത്രയെളുപ്പത്തിൽ അടിച്ചമർത്താനാവില്ല എന്ന് നമുക്കറിയാം. എന്നാൽ കൗമാര പ്രായം കഴിയുന്ന കുട്ടികളെ ഈ രീതിയിൽ അടിച്ചമർത്താനാവില്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. കലാലയ രാഷ്ട്രീയത്തിന്റെയും, റാഗിംഗിന്റെയും, മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെയും മന:ശ്ശാസ്ത്രം എന്താണ്?ശൈശവത്തിൽ തങ്ങൾ അനുഭവിച്ച അടിച്ചമർത്തലുകളിൽ നിന്നുമുള്ള മോചനത്തിന്റെ കാഹളധ്വനിയാണ് വികലമായ ഇത്തരം അനാശാസ്യ പ്രവണതകൾ. അതിനെ തടയുന്നതിൽ അധ്യാപകരും മാതാപിതാക്കളും ദയനീയമായി പരാജയപ്പെടുന്നു. കാരണം ഈ പ്രായത്തിലുള്ള കുട്ടികൾ ആരെയും ഭയപ്പെടുന്നില്ല എന്നത് തന്നെ. ചെറുപ്രായം മുതലേ കുട്ടികളെ ആദരിച്ചു തുടങ്ങിയാൽ ഇത്തരം പ്രശ്നങ്ങൾ താനെ മാറിക്കൊള്ളും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളും ഒരുകാലത്ത് മുതിർന്നവർ ആയിക്കൊള്ളുമല്ലോ എന്ന് നമ്മൾ ആശ്വസിക്കുന്നു. അതും അശാസ്ത്രീയമാണ്. മുതിരുമ്പോൾ അവരും ഇതേ തെറ്റുകൾ ആവർത്തിക്കുന്നു. ഫലമോ ചെറിയ പ്രായം മുതലേ കുട്ടികൾ സ്വയം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് അവരുടെ തനതായ വ്യക്തിത്വത്തെയും സർഗ്ഗശേഷിയെയും തകർക്കുന്നു. അതിനാൽ നല്ല ഒരു സമൂഹം വാർത്തെടുക്കണം എന്ന മോഹം അൽപമെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കുട്ടികളെ ചവിട്ടിത്തൂക്കാതെയിരിക്കാം. വരുംകാലങ്ങൾ കുട്ടികളുടെ നല്ല കാലം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.