ബിനോയ് എം. ജെ.

‘സത്യം’ എന്നും ‘,മഹത്വ’മെന്നും, ‘ഹിരണ്യഗർഭൻ’ എന്നും, ‘ആദിസങ്കൽപം’ എന്നും മറ്റും വിളിക്കപ്പെടുന്ന ആത്മതത്വം എന്ന ആശയം ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ നന്നായി പരിഗണിക്കപ്പെടുന്നു. അത് ലഭിച്ചവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു; ഈശ്വരനെ ദർശിച്ചു കഴിഞ്ഞു. പിന്നെ അവന് ദുഃഖങ്ങൾ ഇല്ല. പ്രാരാബ് ധങ്ങൾ ഇല്ല; ആശയക്കുഴപ്പങ്ങൾ ഇല്ല. പ്രകൃതി അയാൾക്കുവേണ്ടി വീണ്ടും ചങ്ങലകൾ ഒരുക്കുന്നില്ല. അയാൾ സ്വാതന്ത്ര്യം സമ്പാദിച്ചിരിക്കുന്നു. അത് ലഭിച്ചാൽ പിന്നെ ഭൂമിയെ മുഴുവൻ ലഭിച്ചാലും അതിന് തുല്യം ആകുന്നില്ല എന്ന് യോഗികൾ പറയുന്നു.

യോഗികളിൽ പോലും ആത്മതത്വം ലഭിച്ച് മടങ്ങിയെത്തുന്നവർ വിരളം. നിർവിതർക്കസമാധിയിൽ ആണ് ആത്മതത്വം ലഭിക്കുന്നത്. അത് കണ്ടെത്തുന്നവരിൽ ചിലർ അപ്പോൾ തന്നെ ഈശ്വരനിൽ ശാശ്വതമായി ലയിക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങൾ കണ്ടത് മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുവാനായി മടങ്ങിവരുന്നു. ഇവരെ ജഗദ് ഗുരുക്കന്മാരെന്നും അവതാരങ്ങൾ എന്നും വിളിക്കുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠരായ ആധ്യാത്മിക ഗുരുക്കന്മാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും മറ്റും ഇവിടെ എത്തിച്ചേർന്നവരിൽ ചിലർ മാത്രമാണ്. ഭാരത വർഷത്തിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗുരുക്കൻമാർ ജീവിച്ചിരുന്നിട്ടുണ്ട്. ഈശ്വരനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നുള്ളതാണ് അവരുടെ നിയോഗം. ഇവരെക്കൂടാതെ ഈശ്വരദർശനം സാധാരണക്കാരെ കൊണ്ട് സാധിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളാകുന്ന കടും പാറകൾ പൊട്ടിച്ചുണ്ടാക്കിയ രാജപാതകൾ ഈശ്വരനിലേക്ക് സഞ്ചരിക്കാനായി അവർ നമുക്കായി ഒരുക്കിയിടുന്നു. ആ വഴികളിൽ അവർ അവിടവിടെയായി വഴി വിളക്കുകൾ ആയി തെളിയുന്നു.

ഗുരുക്കന്മാരില്ലാതെ ആർക്കും സത്യസാക്ഷാത്കാരം സാധ്യമല്ല. ആദി ഗുരുവായി പരിഗണിക്കപ്പെടുന്ന പരമശിവൻ തൊട്ട്, ആ ഗുരു-ശിഷ്യ പരമ്പര ഒരു ചങ്ങലയിലെ കണ്ണികൾ എന്ന മാതിരി ഇന്നും തുടർന്നുപോരുന്നു. വരും കാലങ്ങളിൽ അത് തുടരുകയും ചെയ്യും. എന്നാൽ പാശ്ചാത്യ ചിന്താ പദ്ധതിയെ പിന്തുടരുന്ന ഒരാൾ പോലും, അയാൾ തത്വചിന്തകൻ ആകട്ടെ ശാസ്ത്രകാരൻ ആകട്ടെ, അത്യുന്നതമായ ഇത്തരമൊരു പദത്തിലേക്ക് എത്തിച്ചേർന്നതായി നാം കാണുന്നില്ല. സത്യാന്വേഷണത്തിൽ അവർ തുടക്കക്കാർ മാത്രമാണ്. പാശ്ചാത്യലോകം എന്ന് ഈശ്വരനെയും സത്യത്തെയും കണ്ടെത്തുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ഭാരതീയ ചിന്താപദ്ധതിയെ ഉപേക്ഷിച്ചു കൊണ്ട് അവർക്ക് അതിൽ വിജയം കണ്ടെത്താനാവില്ല. വരും യുഗങ്ങളിൽ പാശ്ചാത്യ- ഭാരതീയ ചിന്തകൾ ലയിച്ചുചേർന്ന് ഒരൊറ്റ ചിന്താപദ്ധതി ആയി മാറുമെന്നും അന്ന് ലോകത്തിൽ ധർമ്മവും ജ്ഞാനവും പുലരും എന്നും നമുക്ക് പ്രത്യാശിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.