ബിനോയ് എം. ജെ.
അധരം കൊണ്ട് ഈശ്വരനെ സ്തുതിച്ചിട്ട് കാര്യമില്ല. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുവിൻ. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നത് എങ്ങനെയാണെന്ന് ഭക്തിയോഗം നമുക്ക് കാണിച്ചു തരുന്നു. ഇത് ഒരുതരം സാധനയാണ്; ജീവിതശൈലിയാണ്; യോഗ പദ്ധതിയാണ്. സ്വാഭാവികമായും മനുഷ്യന്റെ സാധാരണ ജീവിതശൈലി ഈശ്വരോന്മുഖമല്ല. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരുപക്ഷെ ഒരു ശിശുവിന്റെ നൈസർഗ്ഗികമായ ജീവിതശൈലി ഈശ്വരോന്മുഖമായിരിക്കാം. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശിശുവിനെ ശൈശവത്തിൽ തന്നെ നാം തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയും കാണിച്ചുകൊടുത്ത് അനുകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇപ്രകാരം ശിശുക്കൾ തെറ്റായ മനോഭാവങ്ങൾ ആർജ്ജിച്ചെടുക്കുകയും പിന്നീടത് തിരുത്തുന്നത് ഏറ്റവുമധികം ദുഷ്കരം ആവുകയും ചെയ്യുന്നു. ആയതിനാൽ യോഗ പദ്ധതികൾ കൃത്രിമം എന്ന് തോന്നാം, എന്നാൽ വാസ്തവത്തിൽ അവ അങ്ങനെയല്ല.
മനുഷ്യൻ എല്ലായിടത്തും എന്തിനെയോ തേടുന്നു; എന്തിനെയൊക്കെയോ അന്വേഷിക്കുന്നു. താൻ ഈശ്വരനെയാണ് അന്വേഷിക്കുന്നത് എന്ന് അവൻ അറിയുന്നില്ല. പണത്തിന്റെ പിറകെ, അധികാരത്തിന്റെ പിറകെ, ഒരു സുന്ദര വസ്തുവിന്റെ അല്ലെങ്കിൽ സുന്ദര വ്യക്തിത്വത്തിന്റെ പുറകെ അവർ സദാ ഓടിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ അവൻ ലൗകികവും ഭൗതികവുമായ വസ്തുക്കളുടെ പിറകെയാണ് ഓടുന്നത്. സത്യമായും ലൗകീക വസ്തുക്കൾക്ക് മനുഷ്യനെ അവയിലേക്കടുപ്പിക്കാനുള്ള കഴിവില്ല. ലൗകിക വസ്തുക്കളിലൂടെ മനുഷ്യനെ ആകർഷിക്കുന്നത് അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈശ്വരനാണ്. നിങ്ങൾക്കെന്തു തോന്നുന്നു, ഒരു സുന്ദര മുഖത്തിന് പുറകെ നിങ്ങൾ ആകർഷിക്കപ്പെടുന്നത് അതിലെ പഞ്ചഭൂതങ്ങളുടെ സൗന്ദര്യം മൂലമാണോ? തീർച്ചയായും അല്ല. ആ മുഖത്തിന് പിറകിൽ ഈശ്വരൻ തന്നെ മറഞ്ഞിരിക്കുന്നു. ഈശ്വരൻ ഒരു കാന്തം പോലെ സകലതിനെയും അതിലേക്ക് ആകർഷിക്കുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന പ്രക്രിയയാണ് ഭക്തിയോഗം.
ഭക്തിയോഗത്തിൽ നിങ്ങളുടെ സ്വാഭാവികമായ ജീവിതാന്വേഷണത്തെ ഉപേക്ഷിക്കുവാനോ അടിച്ചമർത്തുവാനോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവയെ രൂപാന്തരപ്പെടുത്തുവാൻ മാത്രം ആവശ്യപ്പെടുന്നു. നിങ്ങൾ ലൗകിക വസ്തുക്കളുടെ പിറകെ അന്ധമായി ഓടുമ്പോൾ നിങ്ങളുടെ ജീവിതം വഴി പിഴച്ചു പോകുന്നു. അവയിലൂടെ അവതരിക്കുന്ന ഈശ്വരനെയാണ്, അന്വേഷിക്കുന്നത്, എന്ന തിരിച്ചറിവിലൂടെ ആണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ, വേഗത്തിൽ നിങ്ങൾ ലക്ഷ്യത്തിലെത്തും. പരമാനന്ദത്തിലെത്തും.
ആയതിനാൽ നമ്മുടെ മനോഭാവത്തിൽ അല്പം മാറ്റങ്ങൾ വരുത്താം. നമ്മൾ അന്വേഷിക്കുന്നത് അദൃശ്യനായ ഈശ്വരനെ അല്ല മറിച്ച് ഈ പ്രപഞ്ചത്തിലൂടെയും മനുഷ്യ ജീവിതത്തിലൂടെയും അവതരിക്കുന്ന ദൃശ്യനായ ഈശ്വരനെയാണ്. അപ്പോൾ നമ്മുടെ ഓരോ കർമ്മവും ഒരീശ്വരാന്വേഷണമാണ്; ഒരു പ്രാർത്ഥനയാണ്. നാം എവിടെയെങ്കിലും ആനന്ദം കണ്ടെത്തുന്നു ണ്ടെങ്കിൽ അവിടെ തീർച്ചയായും ഈശ്വരനുണ്ട്. ഭക്തിയും വിനോദവും രണ്ട് കാര്യങ്ങളല്ല. മറിച്ച് അവ ഒന്ന് തന്നെയാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ ആദ്ധ്യാത്മിക ജീവികളാകുന്നു. ഒരുനാൾ നിങ്ങൾ നാനാത്വത്തിലെ ഏകത്വം ദർശിക്കും. അന്ന് നിങ്ങൾ ഈശ്വരനിൽ എത്തും. അപ്രകാരം നിങ്ങൾ സദാ ഈശ്വരനെ ആരാധിക്കുന്നു. അധരം കൊണ്ടല്ല, ഹൃദയം കൊണ്ട്. അവിടെ കപടത ഒട്ടും തന്നെയില്ല. നിങ്ങൾ യഥാർത്ഥ ഭക്തൻ ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
Leave a Reply