നഴ്സുമാർ ഭൂമിയിലെ മാലാഖമാരല്ലേ? അതെ യഥാര്‍ത്ഥത്തില്‍ സത്യം അത് തന്നെയാണ്. എന്നാല്‍ അവര്‍ക്കു പേരുദോഷം കേള്‍പ്പിക്കാനായും ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു നേഴ്‌സിനെ കുറിച്ച് ശ്രീജിത എന്ന യുവതി എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
ശ്രീജിതയുടെ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:
മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, ”എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നിലവിളി തുടങ്ങിയോ? അപ്പഴിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ എന്നാണ് എടുത്തപടി ഒരു സിസ്റ്റര്‍ ചോദിച്ചത്. 25 വയസ്സായ എന്റെ ആദ്യ പ്രസവമായിരുന്നു. ഒന്നര വര്‍ഷം മുമ്പ്. ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഒറ്റയ്ക്കായത് പോലെ തോന്നി. വേദന സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അമ്മയോ മറ്റോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി.
എനിക്ക് തോന്നുന്നത് പ്രസവിക്കാന്‍ പോവുന്ന എല്ലാ സ്ത്രീകള്‍ക്കും ആരെങ്കിലും സ്നേഹത്തോടെ അടുത്തുണ്ടാവണമെന്ന് തോന്നുമെന്നാണ്. വേദനകൊണ്ട് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശകാര വാക്കുകളായിരുന്നു കേട്ടത്. പിന്നെ അത് കേട്ടാലറയ്ക്കുന്ന വാക്കുകളായി. ”അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്. ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”, ഇങ്ങനെയായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. ഇത് കേട്ട് ഞാന്‍ തളര്‍ന്ന് പോയി. കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.
മരിച്ചാലും വേണ്ടില്ല അവിടെ നിന്ന് ഓടിപ്പോവാനാണ് തോന്നീത്. ഇങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍ ഞാനെന്ത് തെറ്റ ചെയ്തെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ജയിലിലായത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെപ്പോലും മാനുഷിക പരിഗണനകള്‍ കിട്ടും. ഞാന്‍ മാത്രമല്ല, അവിടെ ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരാളെ പോലും അവര്‍ വെറുതെ വിട്ടില്ല. ചീത്തവിളി മാത്രമാണെങ്കില്‍ പോട്ടേന്ന് വക്കാം, ഇത് നമുക്ക് ഛര്‍ദ്ദിക്കാന്‍ വരുന്ന പോലത്തെ അസഭ്യമാണ് പറയുന്നത്. ഇതൊക്കെ കേട്ട് എന്തിനാണ് ഒരു കൊച്ച് ഉണ്ടാവുന്നതെന്ന് പോലും ചിന്തിച്ച് പോയി’; ഇത് എന്റെ ഒരു അനുഭവമാണ്. ഇതുപോലെ അനുഭവമുള്ളവര്‍ ധാരാളം ആളുകള്‍ക്കുണ്ടെന്നും എന്നാല്‍ പലരും അത് പുറത്ത് പറയാത്തതുമാണെന്നും ശ്രീജിത കുറിപ്പില്‍ പറയുന്നു.
Leave a Reply