ചെന്നൈ: കൊലക്കേസിൽ പ്രതിയായ ശരവണ ഭവൻ സ്ഥാപക ഉടമ പി രാജഗോപാൽ ഇനിയും പൊലീസിൽ കീഴടങ്ങിയില്ല. ജീവപര്യന്തം തടവിന് വിധിച്ച രാജഗോപാലിന് പൊലീസിൽ കീഴടങ്ങാൻ സുപ്രീംകോടതി ജൂലൈ ഏഴ് വരെ സമയം അനുവദിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കീഴടങ്ങാൻ നൽകിയ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിൻെറ ജോലിക്കാരിൽ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനാണ് ഇവരുടെ ഭർത്താവായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചത്. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടർന്ന് ദമ്പതികൾ ചെന്നൈയിൽ നിന്ന് മാറി താമസിക്കാൻ പദ്ധതിയിട്ടെങ്കിലും രാജഗോപാലിൻെറ ആളുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
കേസിൽ 2004ൽ സെഷൻസ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.2009ൽ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
Leave a Reply