പി.ജെ. ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം.മാണി മടങ്ങിയതെന്ന് പ്രതിച്ഛായയില്‍ ലേഖനം . ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.

മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നും നിർദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിർത്തുവെന്നത് ദുരൂഹമെന്നും ലേഖനത്തിലുണ്ട്. പത്രാധിപർ കുര്യാസ് കുമ്പളക്കുഴിയുടേതാണ് ലേഖനം.

‘ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും” എന്ന പുസ്തകത്തിലെ ഒരു അധ്യായമാണു പ്രതിഛായയില്‍ ലേഖനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ലക്കത്തില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനത്തിലാണ് പരാമർശം.

രാഷ്ട്രീയരംഗത്തു വളരുന്തോറും മാണിയുടെ എതിര്‍ചേരിയില്‍ ശത്രുക്കളുടെ എണ്ണം പെരുകുകയായിരുന്നു. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ അദ്ദേഹത്തെ ഒട്ട് അസൂയയോടും ഭയത്തോടെയുമാണു കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടെയും ഉള്ളിലിരിപ്പ്. മാണിയുടെ തന്നെ െശെലി കടമെടുത്താല്‍, ”കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍”.

അമ്പതു വര്‍ഷം കാത്തിരുന്നിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം െകെവന്നത്, അതായിരുന്നു ബാര്‍ കോഴ വിവാദം. രാഷ്ട്രീയ പ്രതിയോഗികള്‍ ഉറഞ്ഞുതുള്ളി. വാളും കഠാരയുമായി നാലുപാടുനിന്നും പാഞ്ഞടുത്തു. ”ഹാ, ബ്രൂട്ടസേ നീയും” എന്നു ജൂലിയസ് സീസറെപ്പോലെ നിലവിളിക്കാന്‍ മാത്രമാണ് ഈ രാഷ്ട്രീയ ചക്രവര്‍ത്തിക്കു കഴിഞ്ഞതെന്നു ലേഖനത്തില്‍ പറയുന്നു. ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31-ന് അര്‍ധരാത്രി കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു.

കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതാവിനെ തര്‍ക്കാനുളള ശ്രമം ആദ്യമാണ്. ”ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടേ” എന്ന തന്ത്രമാണു പയറ്റുന്നത്. വേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പ്രതികരിക്കണമെന്നും മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കണമെന്നുമുള്ള നിര്‍ദേശം കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചു. അപ്പോള്‍ ”ഔസേപ്പച്ചന്‍ സമ്മതിക്കുമോ” എന്നായിരുന്നു മാണിക്കു സന്ദേഹം. സാര്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതു മാത്രം സംഭവിച്ചില്ല. അതിന്റെ കാരണം ഇപ്പോഴും ദുരൂഹം.

ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.എം. മാണി അര്‍ധമനസോടെയാണു സമ്മതം മൂളിയത്. 45-ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്നാണ് ഉറപ്പ് കിട്ടിയത്. അതില്‍ ഒരു ചതി ഒളിഞ്ഞിരുന്നോ എന്ന് അറിയില്ല. പക്ഷേ കേസന്വേഷണം നീണ്ടുപോയി. ”എന്നെ ജയിലിലടയ്ക്കാനാണാ നീക്കം” എന്നുപോലും ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.