സുനന്ദ പുഷ്കറിന്‍റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരുമോ. അതോ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവിമുക്തനാക്കപ്പെടുമോ. ഈ ചോദ്യങ്ങള്‍ക്കള്ള ഉത്തരം ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജ‍‍ഡ്ജ് ഗീതാഞ്ജലി ഗോയല്‍ ഇന്ന് നല്‍കും. ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം.

തരൂരിനെതിരെ കുറ്റം ചുമത്തുന്നിതില്‍ ഡൽഹി റോസ്അവന്യൂ കോടതി വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.

ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.