ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ് :- സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികന് നേരെ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൂടിയാണ് ഗ്ലാസ് കുപ്പി ഉപയോഗിച്ച് വൈദികൻെറ നേരെ ആക്രമണത്തിന് ശ്രമിച്ചത്. വൈദികൻ ദേവാലയത്തിൽ പ്രാർത്ഥനയിൽ ഏർപ്പെടുമ്പോൾ, ഒരാൾ അരികിലെത്തി വൈദികൻ ആണോ എന്ന് അന്വേഷിച്ച ശേഷം കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ആർച്ച് ഡയോസിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടയിൽ കുപ്പി പൊട്ടുകയും, പൊട്ടിയ കുപ്പിയുടെ ഭാഗങ്ങൾ ഉപയോഗിച്ച് വീണ്ടും ആക്രമി വൈദികനെ പരുക്ക് ഏൽപ്പിക്കാൻ ശ്രമിച്ചതായും ഇതിൽ വ്യക്തമാക്കുന്നു. സ്വയരക്ഷയ്ക്കായി വൈദികൻ കസേര ഉപയോഗിച്ച് ആക്രമിയെ തടുത്തു നിർത്തുവാൻ ശ്രമിച്ചപ്പോഴേക്കും, അയാൾ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. സാരമായ പരിക്കുകളൊന്നും തന്നെ വൈദികന് സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ സംബന്ധിച്ച് ശക്തമായ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വളരെ ഭീതിജനകവും, അംഗീകരിക്കാനാവാത്തതുമായ സംഭവമാണ് നടന്നതെന്ന് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച് നിരവധിപേർ പ്രതികരണം നടത്തിയിട്ടുണ്ട്.


ഏകദേശം 35 വയസ്സോളം പ്രായമുള്ള ഒരാൾ ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമികനിഗമനം എന്ന് സ്കോട്ട്‌ലൻഡ് പോലീസ് വക്താവ് അറിയിച്ചു. വൈദികന് ആശുപത്രിയിൽ പോകാൻ തക്കതായ പരിക്കുകളൊന്നും തന്നെ സംഭവിച്ചില്ല എന്നും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻതന്നെ സ്കോട്ട്ലൻഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.