വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ ബലാൽസംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വീഡിയോയുടെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾമാത്രം മുൻപാണ് ഒന്നാംപ്രതിയായ ഫാ.എബ്രഹാം വർഗീസ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇരയായ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പേരും വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഫാ. എബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പരാതി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. താൻ ഒളിവിലല്ല എന്നു കാണിക്കാൻ ഫാ. എബ്രഹാം വർഗീസ് ശ്രമിക്കുകയാണ് ചെയ്തതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. വീഡിയോ പുറത്തുവന്നയുടൻ തന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിശദാംശങ്ങൾ പരിശോധിച്ച് തുടങ്ങി.
വൈദികന്റെ ബന്ധുവാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നാണ് വിവരം. അതിരുവിട്ട് നടത്തിയ പരാമർശങ്ങൾ വൈദികന് പ്രതികൂലമായിത്തീരുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസും, നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Leave a Reply