വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.

‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.

ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.