സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂളുകൾ മെയ് അവസാനത്തോടെയോ ജൂൺ ആദ്യവാരമോ തുറക്കാൻ സാധ്യത. അടുത്ത ആറുമാസത്തിനുള്ളിൽ യുകെയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി 50 പേജുള്ള പദ്ധതി പ്രധാനമന്ത്രി തയ്യാറാക്കിയതായി മനസ്സിലാക്കുന്നു. ഇതിൽ അഞ്ചു ഘട്ടങ്ങൾ ഉൾപ്പെടുന്നു. അഞ്ച് ഘട്ട പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ അടുത്ത മാസം ആരംഭത്തോടെ വീണ്ടും തുറക്കുന്നതായി പറയുന്നുണ്ട്. എന്നാൽ വേനൽക്കാല അവധിയ്ക്ക് മുമ്പായി ജൂൺ അവസാനം മാത്രമേ സെക്കൻഡറി സ്കൂളുകൾ തുറക്കാൻ കഴിയൂ. രണ്ടാം ഘട്ട വ്യാപനം ഉണ്ടാവാതിരിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനാൽ തന്നെ ബ്രിട്ടനെ അടുത്ത ആറു മാസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാൻ തക്കവണ്ണമുള്ള പദ്ധതിയാണ് പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ നടപടിയിൽ ഉള്ള മാറ്റവും തുടർന്നുള്ള നിയന്ത്രണങ്ങളും വിശദമായി ഞായറാഴ്ച അറിയിക്കുമെന്നാണ് ജോൺസൻ പറഞ്ഞത്.
അഞ്ചിന പദ്ധതികളിൽ ആദ്യത്തേത് അടുത്ത തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്ന കാര്യങ്ങളാണ്. സുരക്ഷിതമെങ്കിൽ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ആകും, ഓപ്പൺ എയർ മാർക്കറ്റുകൾ, ഉയർന്ന തെരുവുകൾ, ശ്മശാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, പൂന്തോട്ട കേന്ദ്രങ്ങൾ തുറക്കും എന്നിവയാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരിക്കുന്നവ. പ്രൈമറി സ്കൂളുകളുടെ തുറന്നു പ്രവർത്തനവും കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ കഴിയുമെന്നതും മെയ് അവസാനം മുതലുള്ള രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ജൂൺ അവസാനത്തോടെ സെക്കന്ററി സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയും. 30തിൽ താഴെ ആളുകൾക്ക് ഒത്തുകൂടാൻ കഴിയും, ഗോൾഫ്, ടെന്നീസ് തുടങ്ങിയ കായിക മത്സരങ്ങൾ പുനരാരംഭിക്കും, സ്റ്റേഡിയം അടച്ചിട്ടു പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്താൻ സാധിക്കും എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യമോ നാലാം ഘട്ടം ആരംഭിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തിൽ ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ കഴിയും. ഒപ്പം ജിമ്മുകളും തുറന്ന് പ്രവർത്തിക്കും. ഇപ്രകാരം ഉള്ള അഞ്ചു ഘട്ടങ്ങളിലൂടെയാവും ബ്രിട്ടനിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുക.
30,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത യൂറോപ്പിലെ ആദ്യ രാജ്യമായി യുകെ മാറിയതിന് പിന്നാലെയാണ് ഈ പദ്ധതികൾ പുറത്തുവരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. അവിടെ തുറന്നിരിക്കുന്ന പല സ്കൂളുകളും ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. മാസ്ക് ധരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്കൂൾ ഗേറ്റുകളിൽ പരിശോധനയും ഉണ്ട്. ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിച്ചുവെങ്കിലും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ടെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. സ്കൂളുകൾ തുറന്നാലും ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബ്രിട്ടനിലും ഉണ്ടായേക്കും.
Leave a Reply