ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രൈമറി സ്കൂളുകൾക്ക് ഭാവിയിൽ വിദ്യാഭ്യാസവും തൊഴിലും പരിശീലനവും ഇല്ലാത്ത അവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാൻ നിർദേശം നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുവജന തൊഴിലില്ലായ്മയെ കുറിച്ച് പഠനം നടത്തുന്ന അലൻ മിൽബേൺ നയിക്കുന്ന അവലോകന സമിതി ആണ് അപകടസാധ്യതയുള്ള കുട്ടികളെ പ്രൈമറി സ്കൂൾ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രത്യേക പിന്തുണ നൽകണമെന്ന് ശുപാർശ ചെയ്യതത് . നിലവിൽ ബ്രിട്ടനിൽ 16 മുതൽ 24 വയസ്സ് വരെയുള്ള 10 ലക്ഷത്തിലധികം യുവാക്കൾ NEET ( Not in Education, Employment or Training) വിഭാഗത്തിലാണെന്നാണ് കണക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദാരിദ്ര്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സംരക്ഷണ കേന്ദ്രങ്ങളിലെ വളർച്ച, സ്കൂൾ ഹാജർ കുറവ് തുടങ്ങിയ ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതായി മിൽബേൺ പറഞ്ഞു. പ്രീ–സ്കൂൾ കാലഘട്ടം മുതൽ തന്നെ മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണാനാകുമെന്നും, പ്രൈമറി സ്കൂളുകൾ ഇത്തരം കുട്ടികളെ തിരിച്ചറിയുകയും സെക്കൻഡറി സ്കൂളുകളും മറ്റ് സേവന സംവിധാനങ്ങളും ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ സ്ഥിരമായ അസാന്നിധ്യം പിന്നീട് NEET അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി സ്കൂളുകൾക്ക് ഹാജർ രേഖകളും മറ്റ് വിവരങ്ങളും ഉപയോഗിച്ച് അപകടസാധ്യത വിലയിരുത്താനുള്ള സംവിധാനം കൊണ്ടുവരാനാണ് നിർദേശം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി ലഭിക്കുന്ന ട്യൂഷനായുള്ള അധിക ധനസഹായം , മെന്ററിംഗ് തുടങ്ങിയ പദ്ധതികൾക്കായി ഉപയോഗിക്കാനും ശുപാർശ ചെയ്യും. യുവാക്കളെ തൊഴിലില്ലായ്മയിൽ നിന്ന് രക്ഷിക്കാൻ ക്ഷേമപദ്ധതികളിലെ മാറ്റങ്ങൾ മാത്രം മതിയാകില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽസഹായം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മിൽബേൺ വ്യക്തമാക്കി.