ന്യൂസ് ഡെസ്ക് മലയാളം യുകെ

കൽക്കരി ഉപയോഗം കുറയ്ക്കാൻ ഉതകുന്നതാണ് ഗ്ലാസ്‌ഗോ കാലാവസ്ഥാ കരാർ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൽക്കരിയുടെ ഉപയോഗം പടിപടിയായി നിർത്തലാക്കുക എന്നതിന് പകരം ഉപയോഗം പടിപടിയായി കുറയ്ക്കുമെന്ന രീതിയിലുള്ള കരാറാണ് രാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്നത്. ഇത് അതിശയകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രിപറഞ്ഞു. ചൈനയുടെയും ഇന്ത്യയുടെയും സമ്മർദം മൂലമാണ് കരാറിൽ മാറ്റം വരുത്തേണ്ടിവന്നത്. ഇത്തരമൊരു കാലാവസ്ഥ കരാറിൽ ആദ്യമായാണ് കൽക്കരി, പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നിർദേശം ഉൾപ്പെടുത്തുന്നത്. കൽക്കരി രാജ്യത്തിൻറെ വികസനത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപയോഗം അവസാനിപ്പിക്കണമെന്ന ശുപാർശ ഇന്ത്യ എതിർത്തത്. ഇന്ധന സബ് സിഡി ഒഴിവാക്കണമെന്ന നിർദേശവും ഇന്ത്യ അംഗീകരിച്ചില്ല. കൽക്കരി ഉപയോഗിച്ച് വികസിച്ച രാജ്യങ്ങൾ ഇപ്പോൾ വികസ്വര രാജ്യങ്ങൾക്ക് മേൽ കൽക്കരി നിർമാർജനം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഗ്ലാസ്ഗോ കാലാവസ്ഥ ഉടമ്പടിക്ക് ഇരുന്നൂറോളം രാജ്യങ്ങളാണ് അംഗീകാരം നൽകിയത്. എന്നാൽ കരാർ അത്ര വേണ്ടത്ര മുന്നോട്ട് പോകില്ലെന്നും നൂറ്റാണ്ടിൻറെ അവസാനത്തോടെ ആഗോളതാപനം 1.5Cയായി കുറയ്ക്കുക എന്ന ഉച്ചകോടിയുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നും വിമർശകർ അഭിപ്രായപ്പെട്ടു. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും മോശമായ ആഘാതങ്ങളെ പരിമിതപ്പെടുത്താൻ ഇത്തരത്തിലുള്ള ഒരു നീക്കം കൊണ്ട് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഉച്ചകോടിയുടെ നേട്ടങ്ങൾക്കിടയിലും താൻ നിരാശനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ജീവന്മരണ പ്രശ്നമായി മാറിയ രാജ്യങ്ങൾ വലിയ താത്പര്യമാണ് കരാറിനോട് പുലർത്തിയത്. ഉടമ്പടി പാലിക്കുവാൻ പലരും തയ്യാറായപ്പോൾ മറ്റുപലരും അതിനെ എതിർത്തു. എന്നാൽ ഉടമ്പടി അനുസരിച്ച് പ്രവർത്തിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെച്ച മൂന്ന് പ്രധാന നിർദ്ദേശങ്ങൾക്കും ഉച്ചകോടിയിൽ അംഗീകാരം ലഭിച്ചില്ല. 2030നകം കാർബൺഡയോക്സൈഡ് ബഹിർഗമനം പകുതിയായി കുറയ്ക്കുക, പാവപ്പെട്ട രാജ്യങ്ങൾക്ക് സമ്പന്നരാജ്യങ്ങൾ പതിനായിരം കോടി ഡോളർ സഹായം നൽകുക, ഈ തുകയുടെ പകുതിയോളം കാലാവസ്ഥ ദുരന്ത സഹായമായി നൽകുക എന്നിവയായിരുന്നു യുഎൻ നിർദ്ദേശങ്ങൾ. കാലാവസ്ഥയിലുള്ള മാറ്റങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കുന്ന രാജ്യങ്ങളോട് ചൈനയും ഇന്ത്യയും വിശദീകരണം നൽകേണ്ടി വരുമെന്ന് അലോക് ശർമ പറഞ്ഞു. 2100 ഓടുകൂടി ആഗോളതാപനം 1.5C ക്ക് മുകളിൽ പോകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു cop26 ൻെറ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ക്ലൈമറ്റ് ആക്ഷൻ ട്രാക്ക് ഗ്രൂപ്പിൻറെ റിപ്പോർട്ട് പ്രകാരം നിലവിലെ നിരക്കിൽ ലോക താപനില 2.4C യിലേക്ക് നീങ്ങുകയാണ്. അഞ്ചുവർഷം കാത്തിരിക്കാതെ അടുത്ത വർഷാവസാനത്തോടെ കൂടെ തന്നെ ലക്ഷ്യം നേടാനായി പ്രവർത്തിക്കാനും ഉടമ്പടി ആഹ്വാനം ചെയ്തു. കാർബൺ ഉപയോഗം വെട്ടിക്കുറയ്ക്കാൻ പ്രതിജ്ഞയെടുക്കാൻ രാജ്യങ്ങൾ അടുത്തവർഷം വീണ്ടും ഉച്ചകോടി ചേരും.