ഷിബു മാത്യൂ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ പതിനാറ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തോളം വരുന്ന മലയാളി ക്രൈസ്തവ വിശ്വാസികള്‍
പരിശുദ്ധ അമ്മയുടെ പുണ്യ ഭൂമിയിലെത്തി അനുഗ്രഹം പ്രാപിക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചത് ഫാ. ടെറിന്‍ മുള്ളക്കരയ്ക്കാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപികൃതമായതിനു ശേഷമുള്ള ആദ്യ തീര്‍ത്ഥാടനത്തില്‍ തന്നെ ഇത്രയും വലിയ ഒരു ജനസമൂഹം എത്തിച്ചേരുന്നത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വിശ്വാസികളുടെ താല്പര്യവും അതിലുപരി പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്നുള്ളതില്‍ തെല്ലും തര്‍ക്കമില്ലന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പറയുന്നു. തീര്‍ത്ഥാടനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചറിയുവാന്‍ മലയാളം യുകെയുടെ പ്രതിനിധികള്‍ ഫാ. മുളളക്കരയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

റവ. ഫാ. ടെറിന്‍ മുള്ളക്കര 

പരിശുദ്ധ അമ്മയുടെ ഒരു തികഞ്ഞ ഭക്തനാണ് ഫാ. ടെറിന്‍ മുള്ളക്കര. അദ്ദേഹം ജനിച്ചതും പരിശുദ്ധ അമ്മയുടെ ജനന ദിവസമായ സെപ്റ്റംബര്‍ എട്ടിന് തന്നെ. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായിരിക്കുന്ന കാലത്താണ് യുകെയിലെത്തുന്നത്. കാനന്‍ മാത്യൂ വണ്ടാളക്കുന്നേല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നേതൃത്വം കൊടുത്താരംഭിച്ച വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് കഴിഞ്ഞ ആറ് മാസമായി സുഡ്ബറിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന സമൂഹബലിയില്‍ സഡ്ബറിയിലെ കുടുംബങ്ങളും കമ്മറ്റി മെമ്പേഴ്‌സും പങ്കെടുത്തു. പിതാവിന്റെ നേതൃത്വത്തില്‍ നിരവധി മീറ്റിംഗുകളും ഇതിനോടകം നടന്നു കഴിഞ്ഞു.

പതിനായിരത്തിലധികം തമിഴ് ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നതില്‍ വെച്ചേറ്റവും വലിയ തീര്‍ത്ഥാടനം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മലയാളി ക്രൈസ്തവ വിശ്വാസികളും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. ടെറിന്‍ മുള്ളക്കര പറഞ്ഞു.

തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളന്റിയേഴ്‌സിനെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ഫസ്റ്റ് എയിഡ്, ആംബുലന്‍സ് സര്‍വ്വീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരിക്കുന്നു. കൂടാതെ അല്‍മായ സംഘടകളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സഡ്ബറി ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയാണ് പ്രധാനമായും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ജൂലൈ പതിനാറിന് രാവിലെ 8 മണി മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങും. ഒമ്പതു മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ഒമ്പതു മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമിന്റെ ധ്യാനം നടക്കും. പതിനൊന്നരയോടെ ധ്യാനം അവസാനിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. ഈ സമയത്ത് പരിശുദ്ധ അമ്മയ്ക്കായി വിശ്വാസികള്‍ അടിമ വെയ്ക്കുന്നതിനുള്ള അവസരമാണ്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആരംഭിക്കും. മൂന്ന് മണിക്ക് പ്രദക്ഷിണം കപ്പേളയില്‍ തിരിച്ചെത്തിയാലുടന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. തദവസരത്തില്‍ അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ജൂലൈ പതിനാറിന്. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇത്രയും വലിയ ഒരു ജനസമൂഹത്തെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്. രൂപത രൂപികൃതമായതിനു ശേഷം സഭാ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പിതാവിന്റെ ‘വാല്‍സിംഹാമിലെ പ്രസംഗത്തെ’ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്.
രൂപതയില്‍ നിന്നും പുറത്തു നിന്നുമായി മുപ്പതിലധികം വരുന്ന വൈദീകരും വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മീകത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മെത്രാഭിഷേക ശുശ്രൂകള്‍ ഉള്‍പ്പെടെ നിരവധി ശുശ്രൂഷകള്‍ക്ക് സംഗീതം പൊഴിച്ച റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് വാല്‍സിംഹാമിലെ വിശുദ്ധ കുര്‍ബാനയിലും സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്നത്.

റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുങ്ങിക്കഴിഞ്ഞു. രൂപതയുടെ കീഴിലുള്ള ചാപ്ലിന്‍സികളിലും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോ സണ്‍ഡേസ്‌ക്കൂളോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ചാപ്ലിന്‍സികളില്‍കളില്‍ നിന്നും കോച്ചുകളിലാണ് വിശ്വാസികള്‍ എത്തുന്നത്. കൂടാതെ സ്വന്തം കാറുകളിലും കൂട്ടമായി വിശ്വാസികള്‍ എത്തും. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമില്‍ വളരെ വിപുലമായ ഭക്ഷണക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള നാല് ഗ്രൂപ്പാണ് വളരെ മിതമായ നിരക്കില്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ മുതല്‍ തീര്‍ത്ഥാടനം തീരുന്ന സമയം വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്.

ജൂലൈ പതിനാറിന് നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രസംഗവും മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ‘മാതൃ തീര്‍ത്ഥങ്ങളിലേയ്ക്ക്’ എന്ന തലക്കെട്ടില്‍ തീര്‍ത്ഥാടനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമിലുള്ള ദേവാലയത്തിന്റെ അഡ്രസ്..

Catholic National Shrine of our Lady
Walsingham, Houghton St Giles,
Norfolk NR22 6AL
Contact.
Rev. Fr. Terin Mullakkara
Mob # 07985695056
Mr. Bibin August
Mob # 07530738220