സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇംഗ്ലണ്ടിലെ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾക്ക് ശനിയാഴ്ച മുതൽ മറ്റൊരു വീട്ടിൽ അവിടെയുള്ളവരോടൊപ്പം കഴിയാൻ അനുവാദമുണ്ട്. ഒറ്റയ്ക്കു പാർക്കുന്നവർക്ക് ഇനി ബന്ധുക്കളോടൊപ്പം രാത്രി കഴിയാൻ സാധിക്കും. ഇതിനെ ‘സപ്പോർട്ട് ബബിൾ’ എന്ന് പറയുന്നു. ഏകാന്തതയെ ചെറുക്കാൻ സഹായിക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും നിയമങ്ങൾ പാലിക്കാൻ ആളുകൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി ഒറ്റയ്ക്കു കഴിയുന്ന രക്ഷാകർത്താവിനും പുതിയ “സപ്പോർട്ട് ബബിളുകൾ” ബാധകമാണെന്ന് ജോൺസൺ അറിയിച്ചു. “ഒരു സപ്പോർട്ട് ബബിളിലുള്ള എല്ലാവർക്കും ഒരേ വീട്ടിൽ താമസിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയും. അതായത് പരസ്പരം ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിയും. രണ്ട് മീറ്റർ അകലം പാലിക്കേണ്ട ആവശ്യമില്ല.” അദ്ദേഹം പറഞ്ഞു. സപ്പോർട്ട് ബബിളിലെ ഏതെങ്കിലും ഒരു അംഗം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആ ബബിളിലെ എല്ലാവരും 14 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.
ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുത്തച്ഛന് തന്റെ കുട്ടികളിലൊരാളുമായി ഒരു ബബിൾ സൃഷ്ടിക്കാൻ കഴിയും. അതിനർത്ഥം അവർക്ക് പരസ്പരം കാണാനും കൊച്ചുമക്കളുമായി സാധാരണപോലെ സംവദിക്കാനും സാധിക്കും എന്നതാണ്. സ്വന്തമായി ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് അവിവാഹിതർക്ക് ബബിൾ രൂപപ്പെടുത്താം. ഒരുമിച്ച് താമസിക്കാത്ത ദമ്പതികൾക്ക് ഒരു ബബിൾ രൂപപ്പെടുത്തി ഒരുമിച്ചു താമസിക്കാൻ കഴിയും. ഇപ്പോൾ ഒരുമിച്ചു കഴിയുന്ന പ്രായമായവർക്കും ഫ്ലാറ്റ്ഷെയർ പോലുള്ള സംവിധാനത്തിൽ കഴിയുന്നവർക്കും ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്കും ഈ നിയമം ബാധകമല്ല. കഴിഞ്ഞ വർഷം യുകെയിൽ 8.2 ദശലക്ഷം ആളുകൾ ഒറ്റയ്ക്ക് താമസിച്ചിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളാണ് ഏറെയും. 2.9 ദശലക്ഷം സിംഗിൾ – പേരെന്റ് കുടുംബങ്ങളും ഉണ്ടായിരുന്നു.
സെപ്റ്റംബർ വരെ മിക്ക കുട്ടികളും ക്ലാസ് മുറികളിലേക്ക് മടങ്ങില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ദേശീയ “ക്യാച്ച്-അപ്പ് പ്രോഗ്രാം” പ്രഖ്യാപിച്ചു. സപ്പോർട്ട് ബബിളുകളെ കൂടാതെ ഔട്ട്‌ഡോർ മൃഗശാലകൾ, സഫാരി പാർക്കുകൾ , ഡ്രൈവ്-ഇൻ സിനിമകൾ എന്നിവയ്‌ക്കൊപ്പം ജൂൺ 15 ന് അനിവാര്യമല്ലാത്ത കടകൾ വീണ്ടും തുറക്കാമെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. എല്ലാ പ്രാഥമിക വിദ്യാർത്ഥികളെയും വേനൽക്കാല അവധി ദിവസങ്ങൾക്ക് മുമ്പ് തിരികെ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിച്ചിരുന്നതായി ജോൺസൺ പറഞ്ഞു. അതിന് കഴിയാത്തതിനാൽ ഒരു ക്യാച്ച് അപ്പ് പ്രോഗ്രാം അടുത്താഴ്ച വിദ്യാഭ്യാസ സെക്രട്ടറി തയ്യാറാക്കുമെന്ന് ജോൺസൻ അറിയിച്ചു.
Leave a Reply