ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികൾക്കിടയിൽ വൈറലായി ജീവന് അപകടകരമായ ട്രെൻഡുകൾ. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ട്രെൻഡുകൾക്കെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ദ്ധർ രംഗത്ത് വന്നു. കഴിഞ്ഞ ശനിയാഴ്ച ലങ്കാസ്റ്ററിൽ സുഹൃത്തിനൊപ്പം ഉറങ്ങുന്നതിനിടെ 11 വയസ്സുകാരനായ ടോമി-ലീ ഗ്രേസി ബില്ലിംഗ്ടൺ മരിച്ചതിന് പിന്നാലെ വാർത്തയുടെ പ്രാധാന്യം ഏറുകയാണ്. 11കാരനായ ടോമി-ലീ തൻറെ സുഹൃത്തിൻറെ വീട്ടിൽ “ക്രോമിങ്” സോഷ്യൽ മീഡിയ ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

ഡിയോഡറൻ്റ്, സ്പ്രേ പെയിൻറ് തുടങ്ങിയ എയറോസോളുകൾ ശ്വസിക്കുന്നതിനെയാണ് “ക്രോമിംഗ്” എന്ന് പറയുന്നത്. ഇത് ശ്വസിക്കുന്നത് വഴി ഒരു വ്യക്തി കോമയിലേക്കോ മരണത്തിലേക്കോ വരെ എത്തിപ്പെടാം. 18 വയസ്സിന് താഴെയുള്ളവരിൽ ഇത്തരത്തിലുള്ള ട്രെൻഡുകൾ പരീക്ഷിക്കുന്നതിനുള്ള പ്രവണത വർദ്ധിക്കുന്നത് കണക്കിലെടുത്ത് ടെലിവിഷൻ വഴിയും മറ്റും മുന്നറിയിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് വിദഗ്ധർ ഇപ്പോൾ.

ഇത്തരത്തിൽ ജീവന് അപകടകരമായ ട്രെൻഡുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്ന് സോഷ്യൽ മീഡിയ വിദഗ്‌ദ്ധനായ ഹന്ന ഒ ഡോനോഗ് ഹോബ്‌സ് പറയുന്നു. ടിക് ടോക് പൂർണമായും നീക്കം ചെയ്യണമെന്നും 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഒന്നും തന്നെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും മരിച്ച ടോമി-ലീയുടെ കുടുംബം പറയുന്നു. 2018 ൽ യുകെ യിൽ ടിക് ടോക് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ക്രോമിംഗ് എന്ന ട്രെൻഡ് കുട്ടികളിൽ പ്രചരിച്ചിരുന്നു.

ഏറോസോളുകളുടെ ദുരുപയോഗത്തെ തുടർന്നുള്ള അപകടസാധ്യതകളെ പറ്റിയുള്ള ബോധവൽക്കരണം കുട്ടികൾക്ക് നൽകണമെന്ന് റോയൽ സൊസൈറ്റി ഫോർ ആക്സിഡൻറ് ഡയറക്ടർ പറഞ്ഞു. പ്രശ്നത്തിന്റെ തീവ്രത മനസ്സിലാക്കി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിവിയിലും മറ്റും കുട്ടികൾ കാണാൻ പാടില്ലാത്ത ഉള്ളടക്കങ്ങൾ വരുമ്പോൾ 18 വയസ്സിന് താഴെയുള്ള വ്യക്തികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓഫ് കോമിന്റെ മാർഗ്ഗ നിർദ്ദേശങ്ങളിൽ ഊന്നി പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള വിലക്കുകളൊന്നും നിലവിലില്ല. മറ്റേത് പ്ലാറ്റ്ഫോമുകളെക്കാളും കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്.

കർശനമായ നിയമങ്ങൾ അനുസരിച്ച് നിയന്ത്രിതമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഒന്നാണ് എയറോസോളുകൾ. ഇവ നന്നായി വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. ചെറിയതോതിൽ പോലും എയറോസോളുകൾ ശ്വസിക്കുന്നത് ശ്വാസതടസ്സം, തളർച്ച, മരണം എന്നിവയ്ക്ക് കാരണമാകാം.

ഡിയോഡറൻ്റ്, സ്പ്രേ പെയിൻറ് തുടങ്ങിയ എയറോസോളുകൾ ശ്വസിച്ച് മരണമടഞ്ഞ ഏറ്റവും ഒടുവിലത്തെ ആൾ മാത്രമാണ് ടോമി-ലീ. സെപ്റ്റംബറിൽ അയർലണ്ടിലെ കൗണ്ടി ക്ലെയറിൽ നിന്നുള്ള പതിനാലുകാരിയായ സാറ മെസ്കാൾ ഈ ഓൺലൈൻ ട്രെൻഡിൽ പങ്കെടുത്തതിനെ തുടർന്ന് മരിച്ചിരുന്നു. വിശപ്പുക ശ്വസിച്ച സാറാ കുഴഞ്ഞു വീഴുകയും കോമയിലേക്ക് പോവുകയുമായിരുന്നു. പിന്നീട് മൂന്നു ദിവസത്തെ ആശുപത്രി ചികിത്സയ്‌ക്കൊടുവിൽ മരിക്കുകയായിരുന്നു. 2023 ഏപ്രിലിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ 13 കാരിയായ എസ്ര ഹെയ്‌നസും ഇത്തരത്തിൽ മരണപ്പെടുകയായിരുന്നു. എയറോസോൾ കാനിസ്റ്ററിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന് എസ്രയ്ക്ക് ഹൃദയസ്‌തംഭനം ഉണ്ടായതാണ് മരണകാരണം എന്ന് ഡോക്ടർമാർ പറയുന്നു.