ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജകുടുംബവുമായി രമ്യതയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ഹാരി രാജകുമാരൻ. ബിബിസിക്ക് നൽകിയ വികാരഭരിതമായ അഭിമുഖത്തിലാണ് സസെക്സ് ഡ്യൂക്ക് ആയ ഹാരി രാജകുമാരൻ തൻെറ ആഗ്രഹം പ്രകടിപ്പിച്ചത്. യുകെയിലെ സുരക്ഷാ ക്രമീകരണങ്ങളെ ചൊല്ലിയുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ടതിൽ താൻ വളരെയധികം അസ്വസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലായിരിക്കുമ്പോൾ തനിക്കും കുടുംബത്തിനും നൽകുന്ന പോലീസ് സംരക്ഷണത്തിന്റെ നിലവാരം താഴ്ത്താനുള്ള യുകെ സർക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു ഹാരി രാജകുമാരൻ നിയമ പോരാട്ടം നടത്തിയത്. ഇതിന് പിന്നാലെ ചാൾസ് രാജാവ് തന്നോട് സംസാരിക്കുന്നത് നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. പിതാവിനൊപ്പം ഇനി എത്ര സമയം തനിക്ക് ചിലവഴിക്കാനാകും എന്ന ആശങ്ക ഉള്ളതായും ഹാരി പറയുന്നു.
കാലിഫോർണിയയിൽ നിന്ന് സംസാരിക്കവേ, നിയമ പോരാട്ടം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹാരി പറഞ്ഞു. 2020-ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ശേഷം ഹാരി രാജകുമാരന് സർക്കാരിൽ നിന്നുള്ള സുരക്ഷാ സേവനങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ ഇത് അന്യായമാണെന്നും താനും കുടുംബവും ഇപ്പോഴും കാര്യമായ ഭീഷണികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. സ്വന്തം പണം ഉപയോഗിച്ച് പോലീസ് സംരക്ഷണം നേടാൻ നോക്കിയെങ്കിലും സ്വകാര്യ വ്യക്തികൾക്ക് ഔദ്യോഗിക പോലീസിൽ നിന്നുള്ള സുരക്ഷാ സേവനങ്ങൾ ലഭ്യമാകാൻ അനുവദിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് സർക്കാർ ഇത് വിസമ്മതിച്ചു. ഈ തീരുമാനം റദ്ദാക്കാൻ നിയമനടപടി സ്വീകരിച്ചെങ്കിലും ഹൈക്കോടതി അദ്ദേഹത്തിനെതിരെ വിധിക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ അപകടസാധ്യത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വാങ്ങാൻ കഴിയില്ലെന്നുമുള്ള സർക്കാരിന്റെ നിലപാട് കോടതി ശരിവക്കുകയായിരുന്നു.
ഇന്നലെ നടന്ന കോടതി വിധിക്ക് പിന്നാലെ, സുരക്ഷാ കാരണങ്ങളാൽ ഭാര്യയെയും കുട്ടികളെയും യുകെയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത് തനിക്ക് ഇനി സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഹാരി രാജകുമാരൻ പറയുന്നു. താനും കുടുംബത്തിലെ ചില അംഗങ്ങളും തമ്മിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി സമ്മതിച്ച ഹാരി രാജകുമാരൻ അവരോട് ക്ഷമ ചോദിക്കുകയും ചെയ്‌തു.
Leave a Reply